Categories
articles national news

പരാജയത്തിന് പിന്നാലെ തരൂരിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്നത് പടയൊരുക്കം

12 ശതമാനത്തോളം വോട്ട് നേടിയ തരൂര്‍ തന്നെ പെട്ടെന്ന് അവഗണിക്കാനാവില്ലെന്ന് പിന്നില്‍ നിന്ന് കുത്തിയവര്‍ക്ക് കാണിച്ചുകൊടുത്തു.

കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂരിനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം. തരൂര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് മുതല്‍ ജി 23 നേതാക്കളും കേരളത്തിലെ മുതിര്‍ന്ന നേതാക്കളും തരൂരിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു.

ശക്തമായ മത്സരം കാഴ്ചവച്ച തരൂരിനെതിരെ തിരഞ്ഞെടുപ്പ് നിയന്ത്രിച്ച മധുസൂദനന്‍ മിസ്ത്രിയും രംഗത്തെത്തിയത് ഹൈക്കമാന്‍ഡിൻ്റെ ആശീര്‍വാദത്തോടെ തരൂരിനെ പുറത്താക്കാനുള്ള നീക്കമാണെന്ന് പലരും കരുതുന്നു. കേരളത്തില്‍ നിന്ന് കോണ്‍ഗ്രസ് എ ഗ്രൂപ്പിൻ്റെ വോട്ടുകള്‍ ചോര്‍ത്തിയ തരൂര്‍ പുതിയ ഗ്രൂപ്പ് ഇവിടെ തുടങ്ങുമെന്ന ആശങ്കയിലാണ് കെ. സുധാകരനും സംഘവും.

മല്ലികാര്‍ജുന്‍ ഖര്‍ഗെയെ നെഹ്‌റു കുടുംബത്തിൻ്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയാക്കാന്‍ രംഗത്തിറങ്ങിയവര്‍ തന്നെയാണ് ഇപ്പോള്‍ തരൂരിനെതിരെ ചരടുവലികള്‍ നടത്തുന്നത്. അധ്യക്ഷ തിരഞ്ഞെടുപ്പില്‍ 12 ശതമാനത്തോളം വോട്ട് നേടിയ തരൂര്‍ തന്നെ പെട്ടെന്ന് അവഗണിക്കാനാവില്ലെന്ന് പിന്നില്‍ നിന്ന് കുത്തിയവര്‍ക്ക് കാണിച്ചുകൊടുത്തു.

രാജ്യവ്യാപകമായി യുവാക്കള്‍ തരൂരിനെ ഇരുകൈയും നീട്ടി സ്വീകരിച്ചത് ദഹിക്കാത്ത വയോജനങ്ങള്‍ ഇപ്പോഴും പാര വയ്ക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാണ്. ഹൈക്കമാന്‍ഡിൻ്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ കെ.സി. വേണുഗോപാലും എ.കെ. ആന്റണിയും ജി 23 നേതാക്കളുടെ ജിഹ്വയായ മനീഷ് തിവാരിയുമെല്ലാം തരൂരിനെതിരെ രംഗത്തെത്തിയത് കൂലങ്കഷമായ ചര്‍ച്ചയ്ക്ക് വഴി തെളിച്ചിട്ടുണ്ട്.


പ്രവര്‍ത്തക സമിതിയിലേക്കും തിരഞ്ഞെടുപ്പ് വേണമെന്ന അഭിപ്രായക്കാരനായ തരൂരിനെ ഇപ്പോള്‍ തന്നെ തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ അവഗണിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest