Categories
local news

പരിമിതികള്‍ക്കിടയിലും മികച്ച പ്രവര്‍ത്തനമാണ് ജുഡീഷ്യറി കാഴ്ച വയ്ക്കുന്നത്; ജുഡീഷ്യറി ഇല്ലാതെ ജനാധിപത്യമില്ല: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

ജുഡീഷ്യറിയെ ആശ്രയിക്കുന്നവര്‍ക്ക് അവരുടെ കണ്ണുകളില്‍ നോക്കി അവര്‍ക്കു വേണ്ടത് ചെയ്തു കൊടുക്കുമ്പോഴാണ് നീതിബോധം ഉണ്ടാകുന്നത്.

കാസർകോട്: ജുഡീഷ്യറി ഇല്ലാതെ ജനാധിപത്യം ഉണ്ടാകില്ലെന്നും ജുഡീഷ്യറി എന്ന് ഇല്ലാതാകുന്നോ അന്ന് ജനാധിപത്യം ഇല്ലാതാകുമെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. ഹൊസ്ദുര്‍ഗ് കോടതി കോംപ്ലക്‌സ് നിര്‍മാണത്തിന് ഭൂമി കൈമാറുന്ന ചടങ്ങും നവീകരിച്ച കെട്ടിടത്തില്‍ കുടുംബ കോടതിയുടെയും എംഎസിടിയുടെ ക്യാംപ് സിറ്റിങ്ങ് ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എക്‌സിക്യൂട്ടീവ് ആയാലും പാര്‍ലമെന്റ് ആയാലും ലെജിസ്ലേറ്റീവ് ആയാലും ഒരോരുത്തരും അവരുടെ ഭാഗങ്ങള്‍ കൃത്യമായി ചെയ്തു കൊണ്ടിരിക്കുകയാണ്.

സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെ കാണുമ്പോള്‍ ഏറെ പ്രചോദനമാണ്. ഏറെ അച്ചടക്കമുള്ള ഒരു തലമുറയാണ് നമ്മള്‍ ഈ കാണുന്ന കുട്ടികള്‍ . ഇവരിലൂടെ നമ്മുടെ ഭാവി ഏറെ മഹത്വമുള്ള കൈകളിലാണ്. കോടതികള്‍ക്ക് കഴിഞ്ഞ 30 വര്‍ഷമായി വലിയ മാറ്റങ്ങള്‍ ഒന്നുമില്ല. ഈ പരിമിതികള്‍ക്കിടയിലും മികച്ച പ്രവര്‍ത്തനമാണ് ജുഡീഷ്യറി കാഴ്ച വയ്ക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിലും ഇത്രയും ആത്മാര്‍ഥമായി പ്രവര്‍ത്തിക്കാന്‍ ഇന്ത്യന്‍ ജുഡീഷ്യറിക്കല്ലാതെ മറ്റാര്‍ക്ക് സാധിക്കും.

ജുഡീഷ്യറിയെ ആശ്രയിക്കുന്നവര്‍ക്ക് അവരുടെ കണ്ണുകളില്‍ നോക്കി അവര്‍ക്കു വേണ്ടത് ചെയ്തു കൊടുക്കുമ്പോഴാണ് നീതിബോധം ഉണ്ടാകുന്നത്. അവിടെ നമ്മള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരു ഘടകമായി മാറുന്നില്ല. എന്നാലും കോടതികളുടെ അടിസ്ഥാന സൗകര്യ വികസനം മുഖ്യഘടകമാണ്. കോടതിയുടെ അകത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രമല്ല, കോടതിയെ ആശ്രയിക്കുന്നവര്‍ക്കും അടിസ്ഥാന സൗകര്യ വികസനം ആവശ്യമാണ്. 10 കോടിയാണ് ഹൊസ്ദുര്‍ഗ് കോടതിക്കായി അനുവദിച്ചതെന്ന് എം.എല്‍.എ അറിയിച്ചിട്ടുണ്ട്. ഭാവി കൂടി നോക്കിയാകണം കെട്ടിടം നിര്‍മിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി സി.കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. സ്ഥലം കൈമാറ്റത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം കാഞ്ഞങ്ങാട് സബ് കലക്ടര്‍ സുഫിയാന്‍ അഹമ്മദ് നിര്‍വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യ പ്രഭാഷണം നടത്തി. ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ , പോക്‌സോ സ്‌പെഷല്‍ കോടതി ജഡ്ജി സുരേഷ് കുമാര്‍, ജില്ലാ പൊലീസ് ചീഫ് ഡോ. വൈഭവ് സക്‌സേന, കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി.സുജാത, കുടുംബ കോടതി ജഡ്ജി ടി.കെ.രമേശ് കുമാര്‍, ജില്ലാ ഗവ.പ്ലീഡര്‍ അഡ്വ.പി. ദിനേശ് കുമാര്‍, അഡ്വ. എം.സി.ജോസ്, അഡ്വ. പി.അപ്പുക്കുട്ടന്‍, അഡ്വ. എം.സി.കുമാരന്‍, കാസര്‍കോട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. എം.നാരായണ ഭട്ട്, അഡ്വ. പി.കെ.ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കാട്ടൂര്‍ എന്നിവര്‍ സംസാരിച്ചു.

ഹൊസ്ദുര്‍ഗ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. എ.രാജമോഹനന്‍ സ്വാഗതവും ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. പി.കെ.സതീശന്‍ നന്ദിയും പറഞ്ഞു. കാഞ്ഞങ്ങാട് പുതിയ കോടതി കെട്ടിടസമുച്ചയ നിര്‍മാണത്തിനായി ഹോസ്ദുര്‍ഗ് കോടതിയുടെ സമീപമുള്ള 1.45 ഏക്കര്‍ സ്ഥലം റവന്യുവകുപ്പ് ജുഡിഷ്യറി വകുപ്പിന് കൈമാറി. നിലവില്‍ പോക്സോ സ്പെഷ്യല്‍ കോടതി, സബ്കോടതി, രണ്ട് ഫ്സറ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി, മുന്‍സീഫ് കോടതി എന്നിവയും മോട്ടോര്‍ ആക്സിഡന്റ്സ് ക്ലൈംസ് ട്രിബ്യുണല്‍(എം.എ.സി.ടി.), കുടുംബ കോടതി എന്നിവയാണ് കാഞ്ഞങ്ങാട് പ്രവര്‍ത്തിക്കുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest