Categories
national news

രാഹുലിനെതിരെ ബി.ജെ.പി വിഡിയോ; ‘എത്ര ഉന്നതനായാലും നേരിടും’, നിയമ നടപടിയുമായി കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം വളച്ചൊടിച്ച്‌ വിഡിയോയില്‍ ചേര്‍ത്തിട്ടുണ്ട്

ബംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കരുവാക്കി ബി.ജെ.പി ഐ.ടി സെല്‍ നിര്‍മിച്ച വ്യാജ ത്രിഡി വിഡിയോക്കെതിരെ നിയമ നടപടിയുമായി കോണ്‍ഗ്രസ്. ബി.ജെ.പി ഐ.ടി സെല്‍ ഇൻചാര്‍ജ് അമിത് മാളവ്യ പങ്കുവെച്ച വിഡിയോ സമൂഹത്തില്‍ വിദ്വേഷം വളര്‍ത്തുന്നത് ലക്ഷ്യമിട്ടാണെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടക ഗ്രാമവികസന- പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാര്‍ഗെയും കോണ്‍ഗ്രസ് വക്താവ് രമേഷ് ബാബുവും തിങ്കളാഴ്‌ച ബംഗളൂരു ഹൈഗ്രൗണ്ട്സ് പൊലീസില്‍ പരാതി നല്‍കി.

ജൂണ്‍ 17ന് മാളവ്യ ട്വിറ്ററിലൂടെ പ്രചരിപ്പിച്ച വിഡിയോ ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയും ബി.ജെ.പി ചണ്ഡീഗഢ് സംസ്ഥാന അധ്യക്ഷൻ അരുണ്‍ സൂദും അടക്കമുള്ളവര്‍ പങ്കുവെച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിൻ്റെയും സല്‍പ്പേരിന് കളങ്കം വരുത്തുക മാത്രമല്ല, വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുകയും പാര്‍ട്ടിയെയും നേതാക്കളെയും തെറ്റായി ചിത്രീകരിക്കുകയും ചെയ്യുക എന്നതാണ് വിഡിയോയുടെ ലക്ഷ്യമെന്ന് പരാതിയില്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം വളച്ചൊടിച്ച്‌ വിഡിയോയില്‍ ചേര്‍ത്തിട്ടുണ്ട്. വ്യത്യസ്‌ത മതങ്ങളില്‍പ്പെട്ട ആളുകള്‍ക്കിടയില്‍ വിദ്വേഷം സൃഷ്ടിച്ച്‌ സാമുദായിക സംഘര്‍ഷം ഉണ്ടാക്കാനാണ് ഇത് ചെയ്‌തതെന്ന് ഇവര്‍ ആരോപിച്ചു.

ബി.ജെ.പി ഐ.ടി സെല്‍ അകപ്പെട്ട നിരാശയുടെയും സത്യസന്ധത ഇല്ലായ്‌മയുടെയും ആഴം വ്യക്തമാക്കുന്നതാണ് രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും എതിരെ ബി.ജെ.പി നടത്തുന്ന നുണപ്രചരണങ്ങളെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് ചൂണ്ടിക്കാട്ടി. ‘ഈ കള്ളപ്രചരണത്തില്‍ പങ്കാളികളായ മുഴുവനാളുകള്‍ക്കുമെതിരെ ക്രിമിനല്‍ പരാതി ഫയല്‍ ചെയ്‌തിട്ടുണ്ട്. നിയമപരമായി ഏതറ്റം വരെയും പോകാനാണ് തീരുമാനം. അവര്‍ എത്ര ഉന്നതരും ശക്തരും ആണെന്ന് കരുതിയാലും, അവര്‍ പറയുന്ന നുണകള്‍ക്ക് അവര്‍ ഉത്തരവാദികളാണെന്ന് ഞങ്ങള്‍ ഉറപ്പാക്കും’ -ജയ്റാം രമേശ് ട്വീറ്റില്‍ വ്യക്തമാക്കി.

അതിനിടെ, കോവിഡ് വാക്‌സിനേഷൻ എടുക്കരുതെന്ന് രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്‌തുവെന്ന അമിത് ഷായുടെ പ്രസംഗം വിവാദമായി. ‘കോവിഡ് വാക്‌സിനെടുക്കരുത് എന്ന് രാഹുല്‍ ആഹ്വാനം ചെയ്‌തു. എന്നാല്‍ ജനം അത് ചെവിക്കൊണ്ടില്ല. അവരെല്ലാം വാക്‌സിനെടുത്തു. രാത്രി ഇരുട്ടത്ത് രാഹുലും പോയി വാക്‌സിനെടുത്തു’ -എന്നായിരുന്നു അമിത്ഷായുടെ തിങ്കളാഴ്‌ചത്തെ പ്രസംഗം. എന്നാല്‍ ഇത് നുണയാണെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് വക്താവ് സുജാത പോള്‍ രംഗത്തുവന്നു. ‘എന്തൊരു വിഡ്ഢിയാണ് ഇന്ത്യയുടെ ആഭ്യന്തരമന്ത്രി. മണിപ്പൂര്‍ ഇനിയും ദുരിതങ്ങളില്‍ നിന്ന് കരകയറിയിട്ടില്ല. വെറുപ്പിൻ്റെ അഗ്നിയില്‍ രാജ്യം ഇപ്പോഴും നീറിപ്പുകയുകയാണ്. കോവിഡ് കാലത്ത് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടത് എത്രയും വേഗം എല്ലാവര്‍ക്കും വാക്‌സിൻ നല്‍കാനാണ്. അറിവുകെട്ടവൻ മാത്രമല്ല നുണയനും കൂടിയാണ് ഇന്ത്യയുടെ ആഭ്യന്തരമന്ത്രി’ -സുജാത പോള്‍ ട്വിറ്ററില്‍ കുറിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest