Categories
articles local news tourism

ടൂറിസത്തിലൂടെ ഗ്രാമിണ വികസനം : ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ കാസര്‍കോട് ജില്ല കുതിക്കുന്നു; സംസ്ഥാനത്ത് യൂണിറ്റുകളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത്; പദ്ധതികള്‍ നടപ്പാക്കല്‍, പരിശീലനങ്ങള്‍ എന്നിവയില്‍ നാലാം സ്ഥാനം

കോവിഡിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാറിന്‍റെ നേതൃത്വത്തില്‍ അഞ്ച് വ്യത്യസ്ത പാക്കേജ് കൂടി തയ്യാറാക്കിയിരുന്നു.

കാസര്‍കോട്: ജില്ലയിലെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയൊരു മാറ്റത്തിന്‍റെ പാതയിലാണ്. തദ്ദേശീയര്‍ക്കും ഉത്തരവാദിത്ത ടൂറിസത്തിന്‍റെ ഫലങ്ങള്‍ എത്തിച്ചു കൊടുക്കുന്ന രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. കിഴക്കന്‍ മലയോര മേഖലകളെ പോലും ഇന്ന് ഉത്തരവാദിത്ത ടൂറിസത്തിന്‍റെ ഭാഗമായി കഴിഞ്ഞു. ഇതിന്‍റെ ഭാഗമായി താല്പര്യമുള്ള ചെറുകിട സംരംഭകരെയും, ആക്കമഡേഷന്‍ യൂണിറ്റുകളെയും കലാപരമായ കഴിവുകള്‍ ഉള്ളവരെയും കോര്‍ത്തിണക്കി മൂന്ന് വ്യത്യസ്ത ഓണ്‍ലൈന്‍ ഫ്‌ലാറ്റ്‌ഫോം ഉണ്ടാക്കി.

ആദ്യഘട്ടത്തില്‍ 1078 യൂണിറ്റും രണ്ടാംഘട്ടത്തില്‍ 1084 യൂണിറ്റും ഭാഗമായി. വിവിധ ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും ഉത്പന്നങ്ങള്‍ ആവശ്യാനുസരണം എത്തിച്ചു നല്‍കുന്നുണ്ട്. ഇതിലൂടെ 13344946 രൂപ കഴിഞ്ഞവര്‍ഷം മാത്രം യൂണിറ്റുകള്‍ക്ക് ലഭിച്ചു.

സ്ത്രീകളെയും വീട്ടമ്മമാരെയും ഉള്‍പ്പെടുത്തി എത്തിനിക് ക്യുസിന്‍ പദ്ധതി നടപ്പാക്കി വരികയാണ്. ജില്ലയിലെ 99 വീട്ടമ്മമാരാണ് ആദ്യഘട്ടത്തില്‍ ഇതിന്‍റെ ഭാഗമായി പരിശീലനം പൂര്‍ത്തിയാക്കിയത്. യൂണിറ്റുകളുടെ പ്രവര്‍ത്തങ്ങള്‍ മെച്ചപ്പെടുത്താനും പുതിയ സംരംഭകരെ വാര്‍ത്തെടുക്കാനും ജില്ലയില്‍ വിവിധ സൗജന്യ പരിശീലന പരിപാടികള്‍ മിഷന്‍റെ നേതൃത്വത്തില്‍ നടത്തി. 600 ഓളം പേരാണ് വിവിധ പരിശീലന പരിപാടികളില്‍ പങ്കെടുത്തത്.

ഇതില്‍ 578 പേരും സ്ത്രീകളാണ്. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ ഇന്ന് ജില്ലയില്‍ വിവിധ യൂണിറ്റുകളായി പ്രവര്‍ത്തിച്ചു വരികയാണ്. ജില്ലയിലെ മിഷന്‍റെ പ്രവര്‍ത്തങ്ങളില്‍ ഉള്‍പ്പെട്ടു പ്രവര്‍ത്തിക്കാന്‍ 35 റിസോഴ്‌സ് പേഴ്‌സണ്‍മാരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവര്‍ ജില്ലയിലെ മിഷന്‍റെ പ്രവര്‍ത്തങ്ങളെ സഹായിച്ചു വരുന്നു.

ജില്ലയില്‍ ആറ് വിവിധ വില്ലേജ് എക്‌സ്പീരിയന്‍സ് പാക്കേജാണ് നിലവിലുള്ളത്. കള്ളുചെത്ത്, വലവീശല്‍, വട്ടത്തോണിയില്‍ മീന്‍ പിടിത്തം, മണ്‍പാത്ര നിര്‍മാണം, തഴപ്പായ നെയ്തു, കല്ലുമ്മക്കായ, കാക്കവാരല്‍, കരകൗശല നിര്‍മാണം, തുടങ്ങി വിവിധ യൂണിറ്റുകളാണ് ജില്ലയിലെ വില്ലജ് ലൈഫ് എക്‌സ്പീരിയന്‍സ് പാക്കേജില്‍ ഭാഗമായിട്ടുള്ളത്. കിഴക്കന്‍ മലയോര മേഖലയായ മാലോം പുങ്ങംചാല്‍ മേഖലയെ ഉത്തരവാദിത്തം ടൂറിസം പാക്കേജിന്‍റെ ഭാഗമാക്കിയത് വളരെയധികം ശ്രേദ്ധയാകര്‍ഷിച്ചിരുന്നു.

മലവേട്ടുവ വിഭാഗത്തില്‍ പെടുന്ന ഇവരുടെ തടുപ്പ് ജ്യോതിഷമാണ് പാക്കേജിന്‍റെ പ്രധാന ആകര്‍ഷണം. വാഴപ്പോളകളുപയോഗിച്ചു കൊണ്ട് ഉളുക്ക് ചതവ് എന്നിവ ഭേദമാക്കുന്ന പരമ്പരാഗത നാട്ടുവൈദ്യവും മോഷണമുതല്‍ കണ്ടുപിടിക്കുന്നതിനായി മരച്ചില്ലകള്‍ ഉപയോഗിച്ചുള്ള നടന്‍ തന്ത്രങ്ങള്‍, അമ്പെയ്തു, മംഗലം കളി എന്നിവയും ഇതിലെ ആകര്‍ഷണമാണ്. പ്രകൃതി ദത്തമായ കായ്ഖനികള്‍ ഉപയോഗിച്ചുള്ള നാടന്‍ ഭക്ഷണവും സഞ്ചാരികള്‍ക്കു പുത്തന്‍ അനുഭവമാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ചു 682 വിദേശ ടൂറിസ്റ്റുകളാണ് പാക്കേജ് കാണാന്‍ എത്തിയത്. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ പാക്കേജ് പഠിക്കാനും എത്തുന്നുണ്ട്. ഇതിലൂടെ നല്ല വരുമാനം ഗ്രാമവാസികള്‍ക്ക് ലഭിക്കുന്നു.

കോവിഡിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാറിന്‍റെ നേതൃത്വത്തില്‍ അഞ്ച് വ്യത്യസ്ത പാക്കേജ് കൂടി തയ്യാറാക്കിയിരുന്നു. ടൂറിസ്റ്റുകളുടെ എണ്ണം കുറഞ്ഞാലും താമസിക്കുന്ന ദിവസങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. എക്‌സ്പീരിയന്‍സ് കേരള വിത്ത് യുവര്‍ ഫാമിലി എന്ന പാക്കേജില്‍ ലേര്‍ണിംഗ് എക്‌സ്പീരിയന്‍സ് പാക്കേജ്, നേറ്റീവ് എക്‌സ്പീരിയന്‍സ് പാക്കേജ്, കള്‍ച്ചറല്‍ എക്‌സ്പീരിയന്‍സ് പാക്കേജ്, ക്യുസിന്‍ എക്‌സ്പീരിയന്‍സ് പാക്കേജ്, സ്‌കില്‍ ലേര്‍ണിംഗ് എക്‌സ്പീരിയന്‍സ് പാക്കേജ് എന്നിവയാണ് ഉള്‍പ്പെടുന്നത്.

ജില്ലയിലെ പ്രധാന ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളില്‍ ഒന്ന് കയ്യൂര്‍ ചീമേനി പഞ്ചായത്തിനെ പെപ്പര്‍ പദ്ധതിയിലും വലിയപറമ്പ പഞ്ചായത്തിനെ മോഡല്‍ ഉത്തരവാദിത്ത ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും പദ്ധതി പ്രവര്‍ത്തങ്ങള്‍ പുരോഗമിക്കുകയാണ്. ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങളിലൂടെ കാസര്‍കോട ജില്ലയെ എക്‌സ്പീരിയന്‍ഷ്യല്‍ ടൂറിസത്തിന്‍റെ ഹബ് ആക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് സംസ്ഥാനമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest