Categories
articles health Kerala

ഓയില്‍ മസാജ് നല്ലതാണ്; മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്ന ചില എണ്ണകള്‍ ഇതാ

വെളിച്ചെണ്ണയില്‍ അടങ്ങിയിട്ടുള്ള വൈറ്റമിനുകളും മിനറലുകളും മുടിക്ക് കരുത്ത് പകരുന്നു

മുടി കൊഴിച്ചില്‍ ഒരുപാട് ആളുകള്‍ നേരിടുന്ന ഒരു പ്രശ്‌നമാണ്. മുടിയെ വേണ്ടവിധം പരിപാലിക്കാത്തതും കെമിക്കല്‍ ഉത്പന്നങ്ങളുടെ ഉപയോഗവും സ്‌റ്റൈലിങ്ങുമെല്ലാം മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. മുടി പൊട്ടിപ്പോകാനും കൊഴിഞ്ഞുപോകാനുമെല്ലാം ഇത് കാരണമാകും. എന്നാല്‍ മുടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിയും. അതിന് ഏറ്റവും മികച്ചത് ഓയില്‍ മസാജ് തന്നെയാണ്. മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്ന ചില എണ്ണകള്‍ ഇവയാണ്.

ആര്‍ഗന്‍ ഓയില്‍

ലിക്വിഡ് ഗോള്‍ഡ് എന്നാണ് ഇത് അറിയപ്പെടുന്നത് തന്നെ. മുടിയെ വെയിലില്‍ നിന്നും ചൂടില്‍ നിന്നും സംരക്ഷിക്കാന്‍ ഇത് സഹായിക്കും. ആന്റി ഓക്‌സിഡന്റുകളും വൈറ്റമിന്‍ ഇ-യും ധാരാളം അടങ്ങിയിട്ടുള്ള ആര്‍ഗന്‍ എണ്ണ തലയോട്ടിയുടെ ആരോഗ്യത്തിനും നല്ലതാണ്. ഇതുവഴി കട്ടിയുള്ളതും ആരോഗ്യമുള്ളതുമായ മുടിയിഴകള്‍ ഇവ സമ്മാനിക്കും. മുടിയുടെ അറ്റം പിളരുന്നത് തടയാനും ഈ എണ്ണ നല്ലതാണ്.

ആവണക്കെണ്ണ

ശിരോചര്‍മത്തെ പോഷിപ്പിച്ച്‌ മുടി വളര്‍ച്ചയെ സഹായിക്കുന്നതാണ് ആവണക്കെണ്ണ. മുടിക്ക് കരുത്തുണ്ടാകാന്‍ വേണ്ട പോഷകങ്ങള്‍ നല്‍കുന്നതിന് വേണ്ടി രക്തചംക്രമണം കൂട്ടാന്‍ ആവണക്കെണ്ണ കൊണ്ട് മസാജ് ചെയ്യുന്നത് നല്ലതാണ്. ശിരോചര്‍മ്മം വരണ്ടുപോകാതിരിക്കാന്‍ ഒരു മോയിസ് ചറൈസര്‍ പോലെ ഈ എണ്ണ ഉപയോഗിക്കാം.

ഒലിവ് ഓയില്‍

മുടിയുടെ കട്ടി കുറയുന്നത് തടഞ്ഞ് മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഒന്നാണ് ഒലിവ് ഓയില്‍. ധാരാളം ആന്റി ഓക്‌സിഡന്റുകളും വൈറ്റമിന്‍ ഇയുമെല്ലാം അടങ്ങിയിട്ടുള്ള ഒലിവ് ഓയിലിലെ ഓലിക് ആസിഡിൻ്റെ സാന്നിധ്യം മുടിക്ക് വേരുമുതല്‍ കരുത്തുപകരും.

മുടികൊഴിച്ചിലിൻ്റെ പ്രധാന കാരണങ്ങളില്‍ ഒന്നായ താരന്‍ നിയന്ത്രിക്കാനും ഒലിവ് ഓയില്‍ സഹായിക്കും. ഇത് സ്ഥിരമായി ഉപയോഗിക്കുന്നതുവഴി മുടി കൂടുതല്‍ മൃദുലമാകുന്നത് അറിയാനാകും.

സവാള എണ്ണ

മുടി വളരാന്‍ സഹായിക്കുന്ന കൊളാജനും സള്‍ഫറും ഉള്ളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. തലയോട്ടിയിലെ രക്തചംക്രമണം കൂട്ടാനും ഇത് സഹായിക്കും. ചുവന്ന ഉള്ളി എണ്ണ തലയില്‍ പുരട്ടുന്നത് രോമകൂപങ്ങളെയും ശിരോചര്‍മ്മത്തെയും ശക്തിപ്പെടുത്തും, ഇത് മുടിയെ കട്ടിയുള്ളതും നീളമുള്ളതുമാക്കുന്നു.

വേപ്പെണ്ണ

കാലങ്ങളായി മുടിയുടെ സംരക്ഷണത്തിന് ഉപയോഗിച്ചു വരുന്ന ഒന്നാണ് വേപ്പെണ്ണ. ഇവയുടെ ആന്റി മൈക്രോബിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങള്‍ താരനെ ചെറുക്കാനും ശിരോചര്‍മ്മത്തിലെ ചൊറിച്ചിലും അസ്വസ്ഥതകളും കുറയ്ക്കാനും സഹായിക്കും. പെട്ടെന്ന് മുടി വളരാന്‍ സഹായിക്കുന്ന ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുള്ള ഇവ മുടിവേരുകളെ ബലപ്പെടുത്തി മുടി പൊട്ടുന്നത് തടയാനും സഹായിക്കും.

വെളിച്ചെണ്ണ

മുടിക്കായി ഏറ്റവുമധികം ആളുകള്‍ ആശ്രയിക്കുന്നത് ഒരുപക്ഷെ വെളിച്ചെണ്ണയെ ആയിരിക്കും. സുലഭമായി ലഭിക്കുന്നതുകൊണ്ടു തന്നെ പലരുടെയും ഈസി ചോയിസ് ആണ് ഇത്. തലയോടിയെ പോഷിപ്പിക്കുകയും മിടിയെ കരുത്തുറ്റതാക്കുകയും ചെയ്യാന്‍ ഇത് നല്ലതാണ്. വെളിച്ചെണ്ണയില്‍ അടങ്ങിയിട്ടുള്ള വൈറ്റമിനുകളും മിനറലുകളും മുടിക്ക് കരുത്ത് പകരുന്നതിനൊപ്പം അവയെ മൃദുലവും തിളക്കമുള്ളതും ആക്കുകയും ചെയ്യും.

ബദാം ഓയില്‍

വരണ്ട മുടിക്ക് ആല്‍മണ്ട് ഓയില്‍ വളരെ മികച്ച ചോയിസ് ആണ്. വൈറ്റമിന്‍ ഇ, ഫാറ്റി ആസിഡ്‌സ് അടുക്കം പല അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുള്ളതിനാല്‍ ഇത് മുടിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നല്ല പോംവഴിയാണ്. മുടിക്ക് കണ്ടീഷണര്‍ എന്ന നിലയിലും ഇതിനെ കണക്കാക്കാം. ആല്‍മണ്ട് ഓയിലില്‍ അടങ്ങിയിട്ടുള്ള മഗ്നേഷ്യം മുടികൊഴിച്ചില്‍ തടയാനും സഹായിക്കും.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest