Categories
Kerala news tourism

തലസ്ഥാന നഗരിയിൽ ഗ്‌ളാസ് ബ്രിഡ്ജ് എത്തുന്നു; ടൂറിസം വകുപ്പിന് കീഴിൽ കേരളത്തിൽ ആദ്യം

ആറ് മാസത്തിനുള്ളിൽ തന്നെ ടൂറിസ്റ്റ് വില്ലേജിൽ ഒന്നേകാൽ ലക്ഷത്തോളം സഞ്ചാരികൾ സന്ദർശിക്കുകയും ഒരു കോടിയിൽ അധികം വരുമാനം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.

വിദേശങ്ങളിൽ കാണുന്ന പോലുള്ള ഗ്‌ളാസ് ബ്രിഡ്ജ് (ഗ്‌ളാസ് കൊണ്ടുണ്ടാക്കുന്ന പാലം) ടൂറിസം വകുപ്പിന് കീഴിൽ സംസ്ഥാനത്ത് ആദ്യമായി വരുന്നു. കേരളത്തിൽ സ്വകാര്യ മേഖലയിൽ വയനാടുള്ള സ്വകാര്യ റിസോർട്ടിലാണ് ആദ്യമായി ഗ്‌ളാസ് ബ്രിഡ്ജ് നിർമിച്ചത്. ഇതിനുപിന്നാലെ തലസ്ഥാന നഗരിയിൽ ആക്കുളം ടൂറിസ്റ്റ് വില്ലേജിലാണ് പുതിയതായി പാലം എത്തുന്നത്.

ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്തെ ഗ്‌ളാസ് പാലത്തിൻ്റെ നിർമാണം ആരംഭിച്ചുകഴിഞ്ഞു. ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ ഗ്‌ളാസ് ബ്രിഡ്ജിനുപുറമേ ടോയ് ട്രെയിൻ സർവ്വീസ്, വെർച്വൽ റിയാലിറ്റി സോൺ, പെറ്റ്‌സ് പാർക്ക്, മഡ് റെയ്‌സ് കോഴ്‌സ് എന്നിവയും ആരംഭിക്കും.

പോസ്റ്റിൻ്റെ പൂർണരൂപം

വിനോദ സഞ്ചാര വകുപ്പിന് കീഴിൽ സംസ്ഥാനത്ത് ആദ്യമായി ഗ്ലാസ് ബ്രിഡ്ജ് വരുന്നു എന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ. തിരുവനന്തപുരം ജില്ലയിലെ സാഹസിക വിനോദ സഞ്ചാര കേന്ദ്രമായ ആക്കുളം ടൂറിസ്റ്റ് വില്ലേജിലാണ് ഗ്ലാസ് ബ്രിഡ്ജ് ആരംഭിക്കാൻ പോകുന്നത്. ഇതിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

2022 നവംബറിലാണ് ആക്കുളം സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തത്. ഇപ്പോൾ തിരുവനന്തപുരത്ത് എത്തുന്ന സഞ്ചാരികളുടെ പ്രധാന ഇടമായി ആക്കുളം മാറിക്കഴിഞ്ഞു. ആറ് മാസത്തിനുള്ളിൽ തന്നെ ടൂറിസ്റ്റ് വില്ലേജിൽ ഒന്നേകാൽ ലക്ഷത്തോളം സഞ്ചാരികൾ സന്ദർശിക്കുകയും ഒരു കോടിയിൽ അധികം വരുമാനം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ രണ്ടാം ഘട്ടം ഉടൻ തന്നെ ആരംഭിക്കുമെന്ന് ഉദ്ഘാടന സമയത്ത് സൂചിപ്പിച്ചിരുന്നു. രണ്ടാം ഘട്ട പദ്ധതികളുടെ ഭാഗമായാണ് ഗ്ലാസ് ബ്രിഡ്ജ് വരുന്നത്.

അതോടൊപ്പം ടോയ് ട്രെയിൻ സർവ്വീസ്, വെർച്വൽ റിയാലിറ്റി സോൺ, പെറ്റ്‌സ് പാർക്ക്, മഡ് റെയ്‌സ് കോഴ്‌സ് എന്നിവയും ആരംഭിക്കും.തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനും യുവജന സഹകരണ സ്ഥാപനമായ വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേർസ് കോ.ഒപ്പറേറ്റീവ് സൊസൈറ്റിയ്ക്കുമാണ് ആക്കുളം സാഹസിക വിനോദ സഞ്ചാര കേന്ദ്രത്തിൻ്റെ നടത്തിപ്പിൻ്റെയും പരിപാലനത്തിൻ്റെയും ചുമതല.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest