Categories
channelrb special local news news

തുളുനാട്ടിലെ തിരഞ്ഞെടുപ്പ്; കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിൽ യു.ഡി.എഫ് വീണ്ടും എത്തുമെന്ന്, തിരിച്ചു പിടിക്കുമെന്ന് എല്‍.ഡി.എഫും, മെച്ചപ്പെടുത്തും എന്ന് എൻ.ഡി.എ

സംഘടനാ സംവിധാനം മുഴുവൻ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കാൻ കാരണം

കാസർകോട്: കേരളത്തിൻ്റെ വടക്കേ അറ്റത്തെ ലോക്‌സഭാ മണ്ഡലമായ കാസർകോട് ഇക്കുറി തിരഞ്ഞെടുപ്പ് പോരാട്ടം കനത്ത ചൂടിലാണ്. പരസ്യ പ്രചരണം അവസാനിച്ചപ്പോള്‍ മൂന്ന് മുന്നണികളും കൊട്ടിക്കലാശം ഗംഭീരമാക്കി. വളരെയേറെ രാഷ്ട്രീയ പ്രാധാന്യമുള്ള തിരഞ്ഞെടുപ്പ് ആയതിനാല്‍ ഗൗരവം കാത്തു സൂക്ഷിക്കുന്ന പ്രതീതി മണ്ഡലത്തില്‍ ഉടനീളം ഉണ്ടായി.

രാഷ്ട്രീയം പറഞ്ഞു തന്നെയാണ് മുന്നണികള്‍ പരസ്‌പരം ഒരു മാസത്തോളം നീണ്ട പ്രചരണം നടത്തിയത്. വികസനവും നേട്ടങ്ങളും മുരടിപ്പും ഒക്കെ ചർച്ചയായ ഒരു കാലയളവായിരുന്നു കടന്നുപോയത്. എന്നാല്‍ ഇത്രയും നാള്‍ നീണ്ടുനിന്ന പ്രചരണത്തിന് ഒടുവില്‍ മത്സരം അവസാന ലാപ്പില്‍ എത്തിയപ്പോള്‍ മുന്നണികള്‍ ഒക്കെയും വിജയ പ്രതീക്ഷയിലാണ്.

കഴിഞ്ഞ കൊട്ടിക്കലാശം തന്നെ ഇതിന് ഉദാഹരണം. അവസാന മിനിറ്റുകളോട് അടുക്കുമ്പോഴും മൂന്ന് മുന്നണികളുടെയും അണികള്‍ ഉയർന്ന വിജയ പ്രതീക്ഷ പുലർത്തുന്നുണ്ട്. ആർക്കും കൃത്യമായി മുൻതൂക്കം ഇക്കുറി അവകാശപ്പെടാൻ കഴിയുന്നില്ല.

കഴിഞ്ഞ തവണ അപ്രതീക്ഷിത സ്ഥാനാർത്ഥിയായി മണ്ഡലത്തില്‍ എത്തിയ ആളാണ് രാജ്‌മോഹൻ ഉണ്ണിത്താൻ, അതും അവസാന നിമിഷം. അങ്ങനെ വന്നിട്ടും സംസ്ഥാനത്ത് ആകെയുണ്ടായ വിജയത്തിൽ ഉണ്ണിത്താനെ വോട്ടർമാർ കൈവിട്ടില്ല. ഒടുവില്‍ സി.പി.എമ്മിൻ്റെ സതീഷ് ചന്ദ്രനെ പരാജയപ്പെടുത്തി. ഉണ്ണിത്താൻ വിജയിച്ചപ്പോള്‍ ഉണ്ണിച്ച എന്ന വിളിപ്പേരും അദ്ദേഹത്തിന് സമ്മാനിച്ചു.

ഇത്തവണ മണ്ഡലം തിരിച്ചു പിടിക്കണം എന്ന ഉറച്ച തീരുമാനവുമായാണ് ഇടത് മുന്നണി പാർട്ടിയുടെ നേതൃത്വത്തില്‍ നിന്ന് ഒരാളെ രംഗത്ത് ഇറക്കുന്നത്. പാർട്ടി ജില്ലാ സെക്രട്ടറിയായ എം.വി ബാലകൃഷ്‌ണൻ മാസ്‌റ്റർ മണ്ഡലത്തിലുള്ള ആളുകള്‍ക്ക് പരിചിതനാണ്. അതുകൊണ്ട് വോട്ടുകള്‍ കൂടുതല്‍ പെട്ടിയിലാക്കാം എന്നാണ് എല്‍.ഡി.എഫ് കണക്കുകൂട്ടുന്നത്. മണ്ഡലത്തിലെ പാർട്ടി വോട്ടുകള്‍ ഏകീകരിക്കുക എന്ന ഉദ്ദേശവും ഇതിന് പിന്നിലുണ്ട്.

സംഘടനാ സംവിധാനം മുഴുവൻ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കാൻ കാരണം ജില്ലാ സെക്രട്ടറിയുടെ വരവാണ്. ഇതാണ് എല്‍.ഡി.എഫ് വിജയം സ്വപ്‌നം കാണാൻ കാരണം. കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം ഉണ്ണിത്താനില്‍ നിന്ന് പിടിച്ചെടുക്കാൻ കഴിയുമെന്നാണ് എല്‍.ഡി.എഫ് ഉറച്ച്‌ വിശ്വസിക്കുന്നത്.

മണ്ഡലത്തില്‍ അപ്രതീക്ഷിത സ്ഥാനാർത്ഥി എന്ന് വിളിക്കാവുന്ന ആളാണ് എം.എല്‍ അശ്വിനി. പ്രചരണത്തിൻ്റെ ആദ്യ ഘട്ടത്തില്‍ തന്നെ വോട്ടർമാരെ കൈയിലെടുക്കാൻ അശ്വിനിക്ക് കഴിഞ്ഞുവെന്നതാണ് എൻ.ഡി.എക്ക് നല്‍കുന്ന പ്രതീക്ഷ. കൂടാതെ യുവതീ യുവാക്കളെ പ്രചരണത്തിന് കൂടുതല്‍ എത്തിക്കാൻ അശ്വിനിയുടെ വരവിന് കഴിഞ്ഞു എന്ന് വേണം കരുതാൻ.

വനിതാ മോർച്ചയുടെ നേതാവായ അശ്വിനി വന്നതോടെ പാർട്ടി കേന്ദ്രങ്ങള്‍ കൂടുതല്‍ സജീവമായി എന്നാണ് എൻ.ഡി.എ കരുതുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ പിടിക്കാൻ കഴിയും എന്നാണ് എൻ.ഡി.എ കേന്ദ്രങ്ങൾ കണക്കുകൂട്ടുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest