Categories
channelrb special Kerala local news news

കാസർകോട് പോളിംഗിനിടെ മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവം; ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പടെ പത്ത് മുസ്ലിം ലീഗ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്‌തു

പ്രതികൾക്കെതിരെ ഐ.പി.സി 143, 147, 341, 323, 149 എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് നടന്നത്.

വിദ്യാനഗർ / കാസര്‍കോട്: പോളിംഗിനിടെ മാധ്യമ പ്രവർത്തകരെ അക്രമിച്ച സംഭവത്തിൽ മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ. പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെയുള്ള പത്ത് പേരെയാണ് അറസ്റ്റ് ചെയ്‌തത്. പോലീസിനെ അക്രമിച്ച സംഭവത്തിൽ ആറ് മുസ്ലീം ലീഗ് പ്രവർത്തകർക്ക് എതിരെ കേസെടുത്തിട്ടുണ്ട്.

ചെർക്കള ഹയർ സെക്കണ്ടറി സ്‌കൂളിൽ പോളിംഗിനിടെ മാധ്യമ പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ ചെങ്കള പഞ്ചായത്ത്‌ പ്രസിഡണ്ട് ഖാദർ ബദരിയ മുസ്ലീം ലീഗ് പ്രവർത്തകരായ ബാലടുക്കയിലെ ഷരീഫ്‌ മാർക്കറ്റ്‌, ചട്ട പൈച്ചു , ആദൂരിലെ ഇക്‌ബാൽ, മല്ലത്തെ നൗഫൽ, ബ്രംബ്രാണയിലെ ഹാഷിം, സാലിഹ്‌, ജാഫർ, ചാഡു, ആമു എന്നിവരെയാണ് വിദ്യാനഗർ പോലീസ് അറസ്റ്റ് ചെയ്‌തത്.

കള്ളവോട്ട്‌ ചെയ്യുകയും ഉദ്യോഗസ്ഥരെയും ബൂത്ത് എജൻ്റുമാരെയും ഭീഷണിപ്പെടുത്തുന്നതും അക്രമിക്കുന്നതും അറിഞ്ഞ് വാർത്ത റിപ്പോർട്ട്‌ ചെയ്യാനെത്തിയ കൈരളി ടി.വി ക്യാമറാമാൻ ഷൈജു പിലാത്തറ, സിജു കണ്ണൻ എന്നിവരെയാണ് അക്രമിച്ചത്. അക്രമം കടയാൻ ശ്രമിച്ച മാധ്യമ പ്രവർത്തകരെയും കൈയ്യേറ്റം ചെയ്‌തു. സംഘം ചേർന്ന്‌ മാധ്യമ പ്രവർത്തകരെ തടഞ്ഞു നിർത്തി അക്രമിച്ചതിൽ പ്രതികൾക്കെതിരെ ഐ.പി.സി 143, 147, 341, 323, 149 എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് നടന്നത്.

പോളിങ് ബൂത്തിലെ സംഘർഷത്തിൽ നിന്ന്‌ … Photo: Screen grab

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സി.പി.ഐ.എം ജില്ലാ ആക്ടിംഗ് സെക്രട്ടറി സി.എച്ച് കുഞ്ഞമ്പു ഉൾപ്പെടെയുള്ളവരെ അസഭ്യം പറഞ്ഞ് കൈയ്യേറ്റം ചെയ്‌തിരുന്നു.

പൊലീസിന് നേരെയും അക്രമം

പോളിംഗ് ബൂത്തിന് മുന്നിൽ മുസ്ലീംലീഗ് പ്രവർത്തകർ പൊലീസിനെ അക്രമിച്ച സംഭവത്തിലും കേസ് രജിസ്റ്റർ ചെയ്‌തു. പോലീസിന് നേരെ ബലപ്രയോഗം നടത്തി കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനാണ് കേസ്. ഷഹദ് റഹ്‌മാൻ, ഷരീഫ്, സാലിഹ്, ഫൈസൽ, ജാഫർ, നൗഷാദ് എന്നീ ആറ് മുസ്ലിം ലീഗ് പ്രവർത്തകരാണ് പ്രതികൾ. ഐ.പി.സി 143, 145, 147, 353, 149 വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തി.

ചെർക്കളയിലെ ബൂത്തില്‍ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ എല്‍.ഡി.എഫ്. ഏജണ്ടുമാരെ പുറത്തേക്ക് തള്ളി മാറ്റുന്നുണ്ടായിരുന്നു. ഈ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ആണ് യു.ഡി.എഫ്. പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകെര ആക്രമിച്ചത്.

മാതൃഭൂമി ദിനപത്രത്തിൻ്റെയും മാതൃഭൂമി ന്യൂസിൻ്റെയും പ്രതിനിധികള്‍ക്കെതിരെയും കൈയ്യേറ്റ ശ്രമമുണ്ടായി. കൈരളി ന്യൂസ് ക്യാമറയും മൈക്കും തകര്‍ക്കാന്‍ ശ്രമിച്ചു. പോലീസുകാരുടെയും ഇടത് നേതാക്കളുടെയും സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല.

പത്രപ്രവർത്തക യൂണിയൻ പ്രതിഷേധിച്ചു

മാധ്യമ പ്രവർത്തകരെ യു.ഡി.എഫ് പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി കാസർകോട് പ്രസ് ക്ലബ്ബിൽ ചേർന്ന യോഗത്തിൽ പ്രതിഷേധിച്ചു.

കാസർകോട് പ്രസ് ക്ലബ്ബിൽ ചേർന്ന യോഗത്തിൽ നിന്നും

ചെർക്കളയിലെ ബൂത്തിൽ കള്ളവോട്ട് ചെയ്യുന്നതറിഞ്ഞ് അത് പകർത്താനും റിപ്പോർട്ട് ചെയ്യാനുമെത്തിയ കൈരളി ചാനൽ റിപ്പോർട്ടർ ഷിജു കണ്ണൻ, ക്യാമറാമൻ ഷൈജു പിലാത്തറ, മാതൃഭൂമി ചാനൽ റിപ്പോർട്ടർ സാരംഗ് സുരേഷ്, മാതൃഭൂമി റിപ്പോർട്ടർ പ്രദീപ് നാരായണൻ എന്നിവരെയാണ് കൂട്ടമായി ആക്രമിച്ചത്. കുറ്റക്കാരായ മുഴുവൻ പ്രതികളെയും ഉടൻ പിടികൂടണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും പ്രസ്സ് ക്ലബ്ബ് ഭാരവാഹികൾ മുന്നറിയിപ്പ് നൽകിയിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest