Categories
education local news

ആദ്യ ബെല്ലില്‍ സ്‌കൂള്‍ മുറ്റത്തെത്താന്‍ കാസർകോട് ജില്ലയില്‍ 12027 പുതിയ കൂട്ടുകാര്‍; സ്വീകരിക്കാന്‍ വിദ്യാലയങ്ങളും അധ്യാപകരും ഒരുങ്ങി

അധ്യാപകരും രക്ഷിതാക്കളുമെല്ലാം ഭാഗമായ വലിയ യജ്ഞത്തിനൊടുവില്‍ പുതുമോടിയോടെ വിദ്യാര്‍ത്ഥികളെ കാത്തിരിക്കുകയാണ് വിദ്യാലയങ്ങള്‍

കാസർകോട്: സ്‌കൂള്‍ തുറക്കുമ്പോള്‍ ഒന്നാം ക്ലാസിലേക്ക് 12027 പുതിയ കൂട്ടുകാരെത്തും. കളിചിരികളും ആട്ടവും പാട്ടുമായി കുഞ്ഞുങ്ങളെ സ്വീകരിക്കുവാന്‍ വിദ്യാലയങ്ങളും അധ്യാപകരും ഒരുങ്ങി കഴിഞ്ഞു. കോവിഡിൻ്റെ ഭീതി വിട്ടുമാറാത്തതിനാല്‍ സാനിറ്റൈസറും മാസ്‌ക്കുമായാണ് പുതിയ അധ്യയന വര്‍ഷത്തെ എതിരേല്‍ക്കുന്നത്.

പത്താംതരം വരെയായി 34,908 പുതിയ വിദ്യാര്‍ത്ഥികളാണ് സ്‌കൂളുകളിലേക്കെത്തുക. രണ്ട് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് ആദ്യ ദിവസം ജില്ലയിലെ സ്‌കൂളുകളിലെത്തുക.

മധ്യവേനലവധി കഴിഞ്ഞ് വിദ്യാലയങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ ക്ലാസ് മുറികളും പരിസര പ്രദേശങ്ങളും ശുചിയാക്കുന്നതിനും കെട്ടിടങ്ങളുടെ ഉറപ്പ് പരിശോധിച്ചും മികവുറ്റ വിദ്യാലയാന്തരീക്ഷമൊരുക്കാനുള്ള പരിശ്രമത്തിലായിരുന്നു, നാട്ടുകാരും കുടുംബശ്രീ പ്രവര്‍ത്തകരും. അധ്യാപകരും രക്ഷിതാക്കളുമെല്ലാം ഭാഗമായ വലിയ യജ്ഞത്തിനൊടുവില്‍ പുതുമോടിയോടെ വിദ്യാര്‍ത്ഥികളെ കാത്തിരിക്കുകയാണ് വിദ്യാലയങ്ങള്‍.

ജില്ലയിലെ എല്ലാ വിദ്യാലയങ്ങളും പ്രവേശനോത്സവത്തിന് പൂര്‍ണ്ണമായും സജ്ജമായികഴിഞ്ഞുവെന്നും
എ.ഇ.ഒമാരും എസ്.എസ്.കെ, കൈറ്റ് ജീവനക്കാരും ഹയര്‍സെക്കണ്ടറി, വി.എച്ച്.എസ്.സി അധ്യാപകരുമടങ്ങുന്ന സംഘങ്ങള്‍ വിവിധ വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ചുകഴിഞ്ഞുവെന്നും ചെറിയ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ ഇടപെട്ട് പരിഹരിച്ചുവെന്നും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.വി പുഷ്പ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest