Categories
national news trending

സന്തോഷം ജനങ്ങളിലേക്ക് എത്തിയതിൽ; അമ്പത് ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക്, ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൻ്റെ വിജയമെന്ന് ആംആദ്‌മി

ഇടക്കാല ജാമ്യം അനുവദിച്ചാല്‍ ഒരു കുഴപ്പവും ഉണ്ടാകില്ലെന്നും ഇ.ഡിയോട് കോടതി

ഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ 50 ദിവസങ്ങൾക്ക് ശേഷം ജയിലിന് പുറത്ത് എത്തി. ജനങ്ങൾക്ക് മുന്നിൽ എത്തിയതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഹനുമാൻ ജിയുടെ അനുഗ്രഹം കൊണ്ടാണ്
ഇന്ന് താൻ എല്ലാവരുടെയും മുന്നിൽ എത്തിയെന്നും പ്രതികരിച്ചു. നമുക്കെല്ലാവർക്കും ചേർന്നു രാജ്യത്തെ ഏകാധിപത്യത്തിൽ നിന്നും മോചിപ്പിക്കണമെന്നും നാളെ ഉച്ചക്ക് ഒരു മണിക്ക് മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

ഇ.ഡിയുടെയും കേന്ദ്ര സര്‍ക്കാരിൻ്റെയും കടുത്ത എതിര്‍പ്പ് തള്ളിയാണ് കെജ്രിവാളിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. 50000 രൂപയുടെ വ്യക്തിഗത ബോണ്ടും സാക്ഷികളെ ബന്ധപ്പെടരുതെന്ന കര്‍ശന ഉപാധികളോടെ ആണ് ജാമ്യം. കെജ്രിവാളിന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചാല്‍ ഒരു കുഴപ്പവും ഉണ്ടാകില്ലെന്ന് ഇ.ഡിയോട് കോടതി പറഞ്ഞു. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൻ്റെ വിജയമെന്ന് ആംആദ്‌മി പാര്‍ട്ടിയും ജാമ്യം ഇന്ത്യ മുന്നണിക്ക് കരുത്ത് പകരുമെന്ന് ഗോപാല്‍ റായും പറഞ്ഞു.

ജൂണ്‍ ഒന്ന് വരെയാണ് ജാമ്യം. ജൂണ്‍ നാലിന് ഫലം പ്രഖ്യാപിക്കുന്നത് വരെ ഇടക്കാല ജാമ്യം അനുവദിക്കണം എന്നാണ് കെജ്രിവാള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി അത് അംഗീകരിച്ചില്ല. ജാമ്യം അനുവദിച്ച കോടതി കര്‍ശന ഉപാധികള്‍ മുന്നോട്ട് വച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കോ ഡല്‍ഹി സെക്രട്ടേറിയറ്റിലേക്കോ പോകരുത്. ഡല്‍ഹി ലെഫ്റ്റനണ്ട് ഗവര്‍ണറുടെ അനുമതിയില്ലാതെ ഒരു ഫയലിലും ഒപ്പിടരുത്. ഒരു സാക്ഷിയെയും ബന്ധപ്പെടരുതെന്നുമുള്ള ഉപാധികളാണ് നല്‍കിയത്.

ഇ.ഡിക്കെതിരെയും കോടതിയുടെ പരാമര്‍ശം ഉണ്ടായി. കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നതില്‍ ഇ.ഡിയുടെ കാലതാമസം ചൂണ്ടിക്കാട്ടിയ കോടതി 1.5 വര്‍ഷം അന്വേഷണം നടത്തിയതിനാല്‍ നേരത്തെ അറസ്റ്റ് ചെയ്യാന്‍ കഴിയുമായിരുന്നെന്ന് നിരീക്ഷിച്ചു. കെജ്രിവാളിന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചാല്‍ ഒരു കുഴപ്പവും ഉണ്ടാകില്ലെന്നും ഇ.ഡിയോട് കോടതി പറഞ്ഞു.

ഡല്‍ഹിയില്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടുതല്‍ കരുത്ത് പകരുന്നതാണ് കെജ്രിവാളിൻ്റെ താത്കാലിക മോചനം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest