Categories
local news news

ഉത്സവ സീസണിലെ തെരുവു കച്ചവടം നിയന്ത്രിക്കണം; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കളക്ടർക്ക് നിവേദനം നൽകി

നിയമ വിധേയമല്ലാത്ത ധാരാളം വില്‍പ്പനക്കാര്‍ റോഡരികുകളില്‍ വില്‍പ്പന നടത്തുകയാണ്

കാസര്‍കോട്: സര്‍ക്കാറും പഞ്ചായത്തും നിഷ്‌കര്‍ഷിക്കുന്ന ലൈസന്‍സും രജിസ്‌ട്രേഷനും എടുത്ത് വാടക, നികുതി, ഇലക്ട്രിസിറ്റി ചാര്‍ജ്ജ്, ശമ്പളം തുടങ്ങിയ ഭീമമായ ചെലവുകളും വഹിച്ച് കച്ചവടം ചെയ്യുന്ന വ്യാപാരികളെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഭാരവാഹികള്‍ കലക്ടര്‍ക്ക് നിവേദനം നല്‍കി. ടെക്‌സ്റ്റൈല്‍സ്, ഫൂട്‌വെയര്‍, റെഡിമെയ്‌ഡ്‌സ് പോലുള്ള സ്ഥാപനങ്ങള്‍ സീസണ്‍ കച്ചവടങ്ങളെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. കാസർകോട് ജി.എസ്.ടി കമ്മീഷണർക്കും നിവേദനം നൽകി.

കുറെ നാളുകളായി മുഴുവന്‍ ഉപഭോഗ സാധനങ്ങളുടെയും വില്‍പ്പന നിരക്ക് വളരെ കുറഞ്ഞിരിക്കുകയാണ്. നിലവില്‍ ഈസ്റ്റര്‍, റമദാന്‍, വിഷു എന്നീ ആഘോഷങ്ങളുമായി ബന്ധപ്പെട്ട സീസണ്‍ വന്നെത്തിയിരിക്കുകയാണ്. എന്നാല്‍ ഈ സീസണില്‍ അനധികൃത വ്യാപാരത്തെ നേരിടേണ്ട അവസ്ഥയിലാണ് വ്യാപാരികളെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

ജി.എസ്.ടി കമ്മീഷണർക്ക് നിവേദനം നൽകുന്നു

യാതൊരു ലൈസന്‍സും രജിസ്‌ട്രേഷനും നികുതിയും ബാധകമല്ലാത്ത ഫൂട്‌വെയറുകളും റെഡിമെയ്‌ഡുകളും ഉള്‍പ്പെടുന്ന ഉപഭോഗ വസ്തുക്കളുടെ നിയമ വിധേയമല്ലാത്ത ധാരാളം വില്‍പ്പനക്കാര്‍ റോഡരികുകളില്‍ വില്‍പ്പന നടത്തുകയാണ്.

സര്‍ക്കാറിലേക്ക് എത്തിച്ചേരേണ്ട നികുതിയും മറ്റു സാമ്പത്തിക ബാധ്യതകളും ഒഴിവാക്കുന്നതിന് വേണ്ടി അദൃശ്യമായ സാമ്പത്തിക ശക്തികള്‍ സാധാരണക്കാരെ ഉപയോഗിച്ച് ചെയ്യുന്ന കച്ചവടമാണെന്നും ഇത്തരം അനധികൃത വില്‍പ്പനക്കാര്‍ രജിസ്‌ട്രേഷന്‍ എടുത്ത് കച്ചവടം ചെയ്യുന്ന ചെറുകിട കച്ചവടക്കാരുടെ നിലനില്‍പ്പിനെ ബാധിക്കുക ആണെന്നും കെ.വി.വി.ഇ.എസ് നേതാക്കള്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ക്ക് വേണ്ട നിര്‍ദ്ദേശം നല്‍കി തെരുവോരങ്ങളിലെ അനധികൃത വ്യാപാരം നിര്‍ത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഉറപ്പ് നല്‍കി.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest