Categories
Kerala news

മാസപ്പടി’യിൽ ഇ.ഡി അന്വേഷണം; കൊച്ചി യൂണിറ്റ് റജിസ്റ്റർ ചെയ്‌ത കേസിൻ്റെ പരിധിയിൽ എക്‌സാലോജിക്ക് കമ്പനിയും

ഇ.ഡി. ആരോപണ വിധേയർക്ക് ഉടൻ നോട്ടിസ് നൽകുമെന്നാണ് വിവരം

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകളും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്‍റെ ഭാര്യയുമായ ടി.വീണ ഉള്‍പ്പെട്ട മാസപ്പടി കേസിൽ അന്വേഷണം ആരംഭിച്ച് എൻഫോഴ്സ്മെണ്ട് ഡയറക്ടറേറ്റ്. ഇ.ഡിയുടെ കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്.

കേസിൽ ഇ.ഡി. എൻഫോഴ്സ്മെണ്ട് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ.) രജിസ്റ്റർ ചെയ്‌തു. എസ്.എഫ്.ഐ.ഒയുടെയും ആദായ നികുതി വകുപ്പിൻ്റെയും റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

വീണയുടെ എക്‌സാലോജിക് കമ്പനിയുടെ ഇടപാടുകള്‍ അടക്കം ഇ.ഡിയുടെ അന്വേഷണ പരിധിയിൽ വരും. ഇക്കാര്യത്തിൽ ഇ.ഡി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചത്.

കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എലില്‍ നിന്ന് എക്‌സാലോജിക് സൊലൂഷന്‍സ് കമ്പനിക്ക് അനധികൃതമായി പണം ലഭിച്ചതിനെ കുറിച്ചാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ) അന്വേഷണം നടക്കുന്നത്.

അന്വേഷണത്തില്‍ പ്രാഥമിക നടപടികൾ ആരംഭിച്ച ഇ.ഡി. ആരോപണ വിധേയർക്ക് ഉടൻ നോട്ടിസ് നൽകുമെന്നാണ് വിവരം. മാസപ്പടി കേസിലെ കള്ളപ്പണ ഇടപാട് കൂടി പരിശോധിക്കുന്നതിന് വേണ്ടിയാണ് എൻഫോഴ്സ്മെണ്ട് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

പ്രാഥമിക അന്വേഷണത്തിൽ തുടരന്വേഷണമാകാം എന്ന നിഗമനത്തിൽ എത്തിയതോടെയാണ് ഇ.ഡി കേസ് രജിസ്റ്റർ ചെയ്‌തത്. വീണയുടെ എക്‌സാലോജിക് കമ്പനി, സി.എം.ആർ.എൽ, കെഎസ്ഐഡിസി എന്നിവർക്കെതിരെയാണ് പ്രാഥമികമായി അന്വേഷണം നടക്കുക. ഇവരുടെ സാമ്പത്തിക ഇടപാടുകളും ഇ.ഡി പരിശോധിക്കും.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest