Categories
channelrb special Kerala news

കാസർകോട് സ്വദേശി കുദ്രോളി ഹാഫിസ് മുഹമ്മദിൻ്റെ വീട്ടില്‍ ഇ.ഡി റെയ്‌ഡ്‌; പ്രവാസി വ്യവസായിയായ ഭാര്യ പിതാവില്‍ നിന്ന് 108 കോടി തട്ടിയെന്ന പരാതിയുടെ സാഹചര്യത്തിലാണ് റെയ്‌ഡ്, സ്വര്‍ണവും പണവും പിടിച്ചു

ഹാഫിസ് പണമെല്ലാം ധൂർത്തടിച്ച്‌ കളഞ്ഞെന്നായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തല്‍

കൊച്ചി / കാസർകോട്: പ്രവാസി വ്യവസായിയായ ഭാര്യാപിതാവില്‍ നിന്ന് 108 കോടി രൂപയോളം തട്ടിയെടുത്ത കേസിലെ പ്രതി കാസർകോട്, ചെർക്കള സ്വദേശി കുദ്രോളി ഹാഫിസ് മുഹമ്മദിൻ്റെ വീട്ടില്‍ ഇ.ഡി.റെയ്‌ഡ്‌. കാസർകോട്ടെ ഹാഫിസ് മുഹമ്മദ് കുദ്രോളിയുടെ വീട്ടിലടക്കം ഇയാളുമായി ബന്ധപ്പെട്ട ഒമ്പത് കേന്ദ്രങ്ങളിലാണ് ഇ.ഡി സംഘം പരിശോധന നടത്തിയത്.

റെയ്‌ഡിൽ 12.5 ലക്ഷം രൂപയും 1600 ഗ്രാം സ്വർണവും ഇ.ഡി സംഘം പിടിച്ചെടുത്തു. ഹാഫിസിൻ്റെ 4.4 കോടി രൂപയുടെ സ്ഥിരനിക്ഷേപം ഇ.ഡി. മരവിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമേ കർണാടകയിലെ എം.എല്‍.എ എൻ.എ ഹാരിസിൻ്റെ സ്റ്റിക്കർ പതിച്ച കാറും ഹാഫിസിൻ്റെ വീട്ടില്‍ നിന്ന് കണ്ടെത്തി. എൻ.എ ഹാരിസിന് അനുവദിച്ച ഔദ്യോഗിക സ്റ്റിക്കർ പതിച്ച കാറാണ് ഇ.ഡി. റെയ്‌ഡിനിടെ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ടും ഉദ്യോഗസ്ഥർ അന്വേഷണം നടത്തുന്നുണ്ട്.

ആലുവ സ്വദേശിയും വ്യവസായിയുമായ അബ്‌ദുള്‍ ലാഹിർ ഹസനില്‍ നിന്നാണ് ഇദ്ദേഹത്തിൻ്റെ മകളുടെ ഭർത്താവായ ഹാഫിസ് മുഹമ്മദ് പണം തട്ടിയത്. ലാഹിർ ഹസൻ്റെ പരാതിയില്‍ ഹാഫിസിനെയും ഇയാളുടെ കുടുംബാംഗങ്ങളെയും ക്രൈംബ്രാഞ്ച് കഴിഞ്ഞ ഓഗസ്റ്റില്‍ അറസ്റ്റ് ചെയ്‌തിരുന്നു. എന്നാല്‍, മുൻകൂർ ജാമ്യം ലഭിച്ചതിനാല്‍ ഇവരെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിടുകയാണുണ്ടായത്.

ഭാര്യാ പിതാവില്‍ നിന്ന് കോടികള്‍ കൈക്കലാക്കിയ ഹാഫിസ്, പണമെല്ലാം ധൂർത്തടിച്ച്‌ കളഞ്ഞെന്നായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തല്‍. ഇതിനിടെയാണ് തട്ടിപ്പിലെ കള്ളപ്പണ ഇടപാടുകളെ സംബന്ധിച്ച്‌ ഇ.ഡിയും അന്വേഷണം ആരംഭിച്ചത്.

മകളുടെ ഭർത്താവായ ഹാഫിസ് പല ഘട്ടങ്ങളായി തെറ്റിദ്ധരിപ്പിച്ച്‌ 108 കോടി രൂപയും ആയിരം പവനും തട്ടിയെടുത്തെന്ന് ആയിരുന്നു ലാഹിർ ഹസൻ്റെ പരാതി. അബ്ദുള്‍ ലാഹിർ ഹസൻ എൻ.ആർ.ഐ. അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്.

ആറുവർഷം മുമ്പാണ് അബ്ദുള്‍ ലാഹിർ ഹസൻ മകളെ ഹാഫിസിന് വിവാഹം ചെയ്‌ത്‌ നല്‍കിയത്. തൻ്റെ കമ്പനിയില്‍ എൻഫോഴ്സ്മെണ്ട് റെയ്‌ഡ്‌ നടന്നുവെന്നു പറഞ്ഞ് പിഴയടയ്ക്കാനെന്ന മട്ടില്‍ 3.9 കോടി രൂപ വാങ്ങിയാണ് തട്ടിപ്പിൻ്റെ തുടക്കമെന്ന് പരാതിയിൽ പറയുന്നു..

ബെംഗളൂരുവില്‍ കെട്ടിടം വാങ്ങാൻ പണം നല്‍കിയെങ്കിലും വ്യാജരേഖ നല്‍കി കബളിപ്പിച്ചു. ബോളിവുഡ് താരം സോനം കപൂറിനെന്ന പേരില്‍ 35 ലക്ഷം രൂപയോളം ചെലവാക്കി വസ്ത്രം ഡിസൈൻ ചെയ്യിപ്പിച്ച്‌ ബൊട്ടീക് ഉടമയായ തൻ്റെ ഭാര്യയെയും കബളിപ്പിച്ചു. ഹാഫിസും കുടുംബാംഗങ്ങളും പാർട്‌ണർമാരായ കുദ്രോളി ബില്‍ഡേഴ്‌സിലേക്കും തട്ടിയെടുത്ത പണത്തില്‍ ഏഴ് കോടിയോളം രൂപ എത്തി. വിവാഹത്തിന് നല്‍കിയ 1000 പവൻ സ്വർണവും വജ്രവുമടങ്ങുന്ന ആഭരണങ്ങള്‍ വിറ്റു.-അബ്ദുള്‍ ലാഹിർ ഹസൻ പറയുന്നു.

മഹാരാഷ്ട്രയിലെ മന്ത്രിക്ക് എറണാകുളത്തുള്ള തൻ്റെ വാണിജ്യ കെട്ടിടം കച്ചവടമാക്കാമെന്ന പേരു പറഞ്ഞും കബളിപ്പിച്ചു. മന്ത്രിയുടെ വ്യാജക്കത്ത് ഉണ്ടാക്കി 47 കോടി രൂപയാണ് തട്ടിയെടുത്തത്. പല ഘട്ടത്തിലും പണം വാങ്ങുന്നതിനായി ഹാഫിസ് നല്‍കിയ രേഖകളെല്ലാം വ്യാജമാണെന്ന് കണ്ടെത്തി. തൻ്റെ മകൻ്റെ ഭാര്യയുടെ പേരിലുള്ള ഒന്നരക്കോടി രൂപയുടെ റെയ്ഞ്ച് റോവർ വാഹനം കൈവശപ്പെടുത്തി. ഇതിനിടെ തൻ്റെ മകള്‍ ഭർത്താവിനെ ഉപേക്ഷിച്ച്‌ ദുബായിലുള്ള തൻ്റെ അടുത്തേക്ക് പോന്നുവെന്നും അബ്ദുള്‍ ലാഹിർ ഹസൻ പരാതിയില്‍ പറഞ്ഞിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *