Categories
Kerala news

അനന്തുവിന്‍റെ മരണത്തിന് കാരണമായത് ഇരുപത്തിയഞ്ചു തവണ പിഴയടച്ച ടിപ്പര്‍ ലോറി; അമിതവേഗവും റോഡിൻ്റെ മോശാവസ്ഥയും ആണ് അപകട കാരണം

ഒരു മാസത്തിനിടയില്‍ പോലും നിരവധി തവണ ഈ ടിപ്പറിന് മേല്‍ പൊലീസ് പിഴ ചുമത്തിയിട്ടുണ്ട്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് കല്ല് കൊണ്ടുപോയ ടിപ്പറില്‍ നിന്നും കല്ല് തെറിച്ചു വീണ് ബി.ഡി.എസ് വിദ്യാർത്ഥി അനന്തു മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അനന്തുവിനെ മരണത്തിന് കാരണമായ ടിപ്പർ ലോറിക്ക് ഇരുപത്തിയഞ്ചോളം വട്ടം പൊലീസ് പെറ്റിക്കേസെടുത്ത് പിഴ ഈടാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ പോലും നിരവധി തവണ ഈ ടിപ്പറിന് മേല്‍ പൊലീസ് പിഴ ചുമത്തിയിട്ടുണ്ട്.

ഫെബ്രുവരി 23ന് ഈ ടിപ്പർ ലോറിക്ക് മേല്‍ അമിതഭാരത്തിന് 250 രൂപ പിഴ ഈടാക്കിയിരുന്നു. കഴിഞ്ഞ 14ന്, ശബ്‌ദ മലിനീകരണത്തിനും മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഇല്ലാതെ റോഡില്‍ ഇറങ്ങിയതിന് കാട്ടാക്കട സബ് ആർ.ടി.ഒ 2000 രൂപ പിഴയും ചുമത്തിയിരുന്നു.

വാഹനത്തിൻ്റെ അമിതവേഗവും റോഡിൻ്റെ മോശാവസ്ഥയുമാണ് അനന്തുവിൻ്റെ മരണത്തിന് കാരണമെന്നാണ് മോട്ടോർ വാഹനവകുപ്പിൻ്റെ കണ്ടെത്തല്‍. സംഭവത്തില്‍ നാട്ടുകാരുടെ വലിയ പ്രതിഷേധമാണ് നടക്കുന്നത്. വാഹനം അമിതഭാരം കയറ്റിയിരുന്നതായി പ്രതിഷേധക്കാർ ആരോപണം ഉന്നയിക്കുന്നുണ്ട്.

പത്ത് ടണ്‍ ഭാരം കയറ്റേണ്ടിടത്ത് 15 ടണ്‍ വാഹനം കയറ്റുകയാണ്. ആളുകള്‍ക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യമാണ് നിർമ്മിച്ചത്. പ്രത്യേകിച്ച്‌ ടൂവിലർ, ഫോർവീലർ വാഹനങ്ങള്‍ക്ക്, അമിത വേഗത, അമിത ഭാരം മൂലം ബുദ്ധിമുട്ടുകള്‍ വരുത്താറുണ്ട്. ഒട്ടും ശ്രദ്ധിയില്ലാതെയാണ് ലോഡുമായെത്തുന്ന വാഹനങ്ങള്‍ പോകുന്നതെന്നും പ്രതിഷേധക്കാർ പറയുന്നു.

കഴിഞ്ഞ ദിവസം രാവിലെയാണ് വിഴിഞ്ഞം തുറമുഖത്തേക്ക് കൊണ്ടുപോയ ടിപ്പറില്‍ നിന്ന് കല്ല് തെറിച്ചുവീണ് മുക്കോല സ്വദേശി അനന്തു മരിച്ചത്. അനന്തുവിൻ്റെ സംസ്‌കാരം നടത്തി. കുടുംബത്തിന് സർക്കാർ വലിയ സഹായം ഉറപ്പാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *