Categories
local news

മികച്ച ജൈവ കാര്‍ഷിക പഞ്ചായത്തുകള്‍ക്കുള്ള പുരസ്‌കാരം ഈസ്റ്റ് എളേരി, കാറഡുക്ക, അജാനൂര്‍ പഞ്ചായത്തുകള്‍ക്ക്

ജൈവ കൃഷിയിലേക്ക് കര്‍ഷകരെ മടക്കി കൊണ്ടുപോകുന്നതിന് ഭാഗമായി ജൈവവളം കൂടുതലായി ഉല്‍പാദിപ്പിച്ചു.

കാസർകോട്: സംസ്ഥാന കൃഷി വകുപ്പ് നല്‍കുന്ന ജില്ലയിലെ സമ്പൂര്‍ണ ജൈവ കാര്‍ഷിക പഞ്ചായത്തിനുളള അവാര്‍ഡ് ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിനു ലഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പന്തമാക്കല്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ചു. ജൈവ കൃഷി വ്യാപനത്തിനായി പഞ്ചായത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം.പഞ്ചായത്തിലെ ആകെ കൃഷിയോഗ്യമായ ഭൂമിയുടെ 71 ശതമാനം ഭൂമിയിലും ജൈവ കൃഷി നടപ്പിലാക്കിയതായി കൃഷി ഓഫീസര്‍ എസ്. ഉമ പറഞ്ഞു .

പഞ്ചായത്തില്‍ കൃഷിയോഗ്യമായ 5040 ഹെക്ടര്‍ ഭൂമിയില്‍ 3578 ഹെക്ടര്‍ ഭൂമിയിലും ജൈവ കൃഷി നടപ്പിലാക്കാന്‍ സാധിച്ചു. വാഴ, കുരുമുളക്,തെങ്ങ്, കമുക്, മഞ്ഞള്‍, ഇഞ്ചി , കശുമാവ്, കിഴങ്ങ് വര്‍ഗം, പച്ചക്കറി, പൈനാപ്പിള്‍ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കൃഷികള്‍. ഇവയെല്ലാം ജൈവ കൃഷിയലൂടെ ചെയ്യുന്നതിനുള്ള പ്രോത്സാഹനം നല്കി.

കൃഷിവകുപ്പ് , മൃഗസംരക്ഷണ വകുപ്പ്, മണ്ണ് സംരക്ഷണ വകുപ്പ് എന്നിവയുമായി ചേര്‍ന്നുകൊണ്ടാണ് ജൈവകൃഷി വ്യാപിപിക്കുനതിനുള്ള പദ്ധതികള്‍ തയ്യാറാക്കിയത്. ജൈവ കൃഷി വ്യാപനത്തിനായി നിരവധി കര്‍മ്മ പദ്ധതികള്‍ പഞ്ചായത്തില്‍ നടപ്പിലാക്കി. പരിശീലന പരിപാടികള്‍, എക്‌സ്‌പോഷര്‍ വിസിറ്റ് , നല്ല ഇനം നടീല്‍ വസ്തുക്കളുടെ വിതരണം, കൃഷി പാഠശാല, അഗ്രിക്കള്‍ച്ചര്‍ നോളജ് സെന്റര്‍, എസ് സി വിഭാഗത്തിനു പ്രത്യേക പരിശീലനം പരിപാടികള്‍ തുടങ്ങിയ പരിപാടികള്‍ നടത്തി.

സി. പി. സി. ആര്‍. ഐ പോലുള്ള കാര്‍ഷിക കോളജുകളിലെ വിദഗ്ധരുടെ ഇടപെടലില്‍ തയ്യാറാക്കിയ വിവിധ പരിപാടികള്‍ പഞ്ചായത്തില്‍ നടപ്പിലാക്കി. ജൈവ ഉത്പന്നങ്ങള്‍ വില്‍ക്കുവാനും സംസ്‌കരിക്കാനുമുള്ള മൂന്നു കേന്ദ്രങ്ങള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. അതുപോലെ ജൈവ മാലിന്യ പുന സംസ്‌കരണത്തിനായി പൈപ്പ് കമ്പോസ്റ്റ് , അടുക്കള മാലിന്യ സംസ്‌കരണം, സോക്പിറ്റ് എന്നിവ ഉപയോഗിച്ചു.

ജൈവ വള ഉത്പാദനത്തിനായി നിലവില്‍ 4100 റൂറല്‍ കമ്പോസ്റ്റ് പിറ്റുകള്‍, 225 മണ്ണിര കമ്പോസ്റ്റ് , 153 ബയോഗ്യാസ് പ്ലാന്റുകള്‍, 76 പൈപ്പ് കമ്പോസ്‌റ് എന്നിവ പഞ്ചായത്തില്‍ ഉണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പന്തമാക്കലിൻ്റെയും മറ്റു ഭരണ സമിതി അംഗങ്ങളുടെയും കൃഷി വകുപ്പിൻ്റെയും പ്രവര്‍ത്തനത്തിൻ്റെ ഫലമാണ് പഞ്ചായത്തിനു ലഭിച്ച അംഗീകാരം.

കാറഡുക്ക

ജില്ലയില്‍ മികവുറ്റ രീതിയില്‍ ജൈവ കൃഷി നടപ്പിലാക്കിയതിനുള്ള പുരസ്‌കാരം കാറഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ഗോപാലകൃഷ്ണന്‍ കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താനില്‍ നിന്നും ഏറ്റുവാങ്ങി. ജില്ലാ കളക്ടറുടെ ഹാളിലായിരുന്നു അവാര്‍ഡ് ദാന ചടങ്ങ്. കര്‍ഷകരെ ജൈവകൃഷിയിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി നടത്തിയ പരിശീലനങ്ങളും ജൈവവൈവിധ്യ സംരക്ഷണത്തിന് അവലംബിച്ച മാര്‍ഗങ്ങളും കണക്കിലെടുത്താണ് കാറഡുക്ക ഗ്രാമപഞ്ചായത്തിന് മികച്ച രണ്ടാമത്തെ ജൈവകാര്‍ഷിക പഞ്ചായത്തിനുള്ള പുരസ്‌കാരം ലഭിച്ചത്.

അജാനൂര്‍

ജൈവകൃഷിയും ഉത്തമകൃഷി മുറകളും പദ്ധതി 2020-21 വര്‍ഷത്തെ മികച്ച ജൈവകാര്‍ഷിക പഞ്ചായത്തിനുള്ള അവാര്‍ഡ് അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ കാസര്‍കോട് എം. പി രാജ്‌മോഹന്‍ ഉണ്ണിത്താനില്‍ നിന്നും ഏറ്റുവാങ്ങി.

അജാനൂര്‍ പഞ്ചായത്തിനെ അവാര്‍ഡിന് അര്‍ഹമാക്കിയ പ്രവര്‍ത്തനങ്ങള്‍

ജൈവ കൃഷിയിലേക്ക് കര്‍ഷകരെ മടക്കി കൊണ്ടുപോകുന്നതിന് ഭാഗമായി ജൈവവളം കൂടുതലായി ഉല്‍പാദിപ്പിച്ചു. അതിനായി പശുവളര്‍ത്തലിന് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്ന പദ്ധതികള്‍ ആവിഷ്‌കരിച്ചു. കൂടാതെ കമ്പോസ്റ്റ നിര്‍മ്മാണ യൂണിറ്റുകളും, ജീവാണുവള നിര്‍മ്മാണ യൂണിറ്റുകളും സ്ഥാപിച്ചു. പഞ്ചായത്തിലെ കൃഷിവിസ്തൃതിയുടെ 75 ശതമാനത്തിലധികവും ഇന്ന് ജൈവകൃഷിയാണ്. മൂവായിരത്തിലധികം കര്‍ഷകര്‍ ഇന്ന് ജൈവകൃഷിയിലേക്ക് മാറിയിട്ടുണ്ട്.

കൃഷിവകുപ്പിൻ്റെ എസ്.എച്ച്.എം, ബി.പി.കെ.പി പോലുള്ള പദ്ധതികള്‍ മികച്ച പ്രവര്‍ത്തനത്തിന് പ്രയോജനപ്പെടുത്തി. പഞ്ചായത്തിൻ്റെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടിയോളം രൂപയുടെ പദ്ധതികള്‍ ഒരുവര്‍ഷം നടപ്പിലാക്കി വരുന്നു. ഇതില്‍ ഭൂരിഭാഗവും ജൈവവള വിതരണത്തിനും കൂലിച്ചെലവ് ഇനത്തിലുമാണ് വകയിരുത്തിയിട്ടുള്ളത്. പഞ്ചായത്തിലെ കൃഷിഭവനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കര്‍മ്മ സേന വഴിയും ജൈവവളം ഉല്‍പ്പാദിപ്പിക്കുവാനും ഗ്രോബാഗുകള്‍ നിറച്ച് പച്ചക്കറി നട്ട് നല്‍കുന്നതിനുള്ള പദ്ധതികളും നടപ്പിലാക്കുന്നുണ്ട്.

ഈ വര്‍ഷം മട്ടുപ്പാവ് കൃഷിയില്‍ പ്ലാസ്റ്റിക് കവറുകള്‍ ഒഴിവാക്കി പകരം മണ്‍ചട്ടികള്‍ നിറച്ച് നല്‍കുന്നതിനുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഇതിനായി 6500ല്‍ അധികം മണ്‍ചട്ടികള്‍ ജൈവരീതിയില്‍ നിറച്ച് പച്ചക്കറി കൃഷി ചെയ്യുന്നതിനുള്ള പ്രവര്‍ത്തനം പഞ്ചായത്തില്‍ നടത്തിവരുന്നുണ്ട്. അതുപോലെ വിപണന മേഖലയില്‍ ജൈവ പച്ചക്കറിക്ക് കൂടുതല്‍ വില നല്‍കിക്കൊണ്ട് കര്‍ഷകരില്‍ നിന്നും ശേഖരിച്ച് വില്‍പ്പന നടത്തുന്നതിനായി കാഞ്ഞങ്ങാട് നഗരത്തോട് ചേര്‍ന്ന് കൃഷിവകുപ്പിൻ്റെ ഒരു എക്കോ ഷോപ്പും മാവുങ്കാലില്‍ വി.എഫ്.പി.സി.കെയുടെ ഒരു എക്കോ ഷോപ്പും പ്രവര്‍ത്തിക്കുന്നുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest