Categories
local news

കര്‍ഷകര്‍ക്ക് കൃഷിയിലും തണലൊരുക്കും; ‘ഒരു വീട് ഒരു കാര്‍ഷിക ഉപകരണം’ പദ്ധതിയുമായി കുടുംബശ്രീ ജില്ലാ മിഷനും കാസര്‍കോട് ജില്ലാ പഞ്ചായത്തും

അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 28 ലക്ഷത്തോളം വിലവരുന്ന കൊയ്ത്ത് യന്ത്രം ജില്ലാമിഷന്‍ സി.ഡി.എസിന് ലഭ്യമാകും.

കാസർകോട്: ജില്ലയില്‍ കൃഷി വ്യാപിപ്പിക്കുക, കൃഷി പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഒരു വീട് ഒരു കാര്‍ഷിക ഉപകരണം പദ്ധതി നടപ്പിലാക്കുന്നത്. ആധുനിക രീതി പരീക്ഷിച്ചു കൊണ്ടുളള കാര്‍ഷിക പുരോഗതിയാണ് ഒരു വീട് ഒരു കാര്‍ഷിക ഉപകരണം പദ്ധതി വിഭാവനം ചെയ്യുന്നത്.

കര്‍ഷകര്‍ക്ക് ആവിശ്യമായ കാര്‍ഷികോപകരണം ലഭ്യമാക്കുക, ടെക്‌നിക്കല്‍ സപ്പോര്‍ട്ട് നല്‍കുക, ശാസ്ത്രീയമായ കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയും പദ്ധതി ലക്ഷ്യം വെക്കുന്നു. കൂടാതെ സി.ഡി.എസിൻ്റെ കീഴിലുള്ള എഫ്.എഫ്.സി (ഫാര്‍മര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍) യുടെ ശാക്തീകരണം കൂടി ലക്ഷ്യം വെച്ചു കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി വഴി നാല് ട്രാക്ടറുകള്‍ ലഭ്യമാക്കി. അതില്‍ മുളിയാര്‍ പഞ്ചായത്തിലെ പവിഴം ജെ.എല്‍.ജി, ചെറുവത്തൂര്‍ പഞ്ചായത്ത് സി.ഡി.എസ്, ടീം ബേഡകം ആഗ്രോ പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നിവയ്ക്കുള്ള ട്രാക്ടറുകള്‍ ഇതിനകം നല്‍കി കഴിഞ്ഞു.

സ്മാം പദ്ധതിയുടെ ഭാഗമായി 2023 -24 സാമ്പത്തിക വര്‍ഷത്തില്‍ 5 ട്രാക്ടറുകള്‍ കൂടി ജില്ലയ്ക്ക് ലഭ്യമാകും. കൊയ്ത്ത് യന്ത്രം, തൈ നടീല്‍ യന്ത്രം, മരുന്ന് തളിക്കുന്ന ഡ്രോണ്‍ തുടങ്ങിയവയും ലഭ്യമാക്കും. പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുബോള്‍ അവയുടെ പരിജ്ഞാനം പ്രധാനമാണ്. അതിനാല്‍ സാങ്കേതിക വിദ്യ മനസിലാക്കാന്‍ പരിശീലനവും നല്‍കും.

ജില്ലയിലെ കുടുംബശ്രീ അംഗങ്ങളായ പത്തോളം വനിതകള്‍ക്ക് ഡ്രോണ്‍ പരിശീലനം ഓഗസ്റ്റ് മാസം അവസാനത്തോടെ നല്‍കും. സി.ഡി.എസിനും ജെ.എല്‍.ജിക്കും ഒരു സംരംഭക രീതിയില്‍ കസ്റ്റം ഹയറിങ് യൂണിറ്റായി പദ്ധതി പ്രയോജനപ്പെടുത്താന്‍ സാധിക്കും. ജില്ലാ പഞ്ചായത്ത് 40 ലക്ഷം രൂപ പദ്ധതിക്കായി ഇതിനകം ചെലവഴിച്ചു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 28 ലക്ഷത്തോളം വിലവരുന്ന കൊയ്ത്ത് യന്ത്രം ജില്ലാമിഷന്‍ സി.ഡി.എസിന് ലഭ്യമാകും.

ഓരോ തുള്ളി വെള്ളവും ചെടിയുടെ വേരുപടലത്തില്‍ത്തന്നെ എത്തിക്കാന്‍ കഴിയുന്ന വെള്ളത്തോടൊപ്പം വളവും കണിക രൂപത്തില്‍ ഡ്രിപ്പുകളിലൂടെ നല്‍കുന്നുവെന്ന ഓപ്പണ്‍ പ്രിസിഷന്‍ ഫാമിംഗും പദ്ധതി വഴി നടപ്പിലാക്കും.

0Shares

Leave a Reply

Your email address will not be published. Required fields are marked *