Categories
local news

മുളിയാറിലെ പാറപ്പുറത്ത് വിളയുന്നു പാവലും പടവലവും

പാവലും പടവലവും നരമ്പനും കൂടാതെ ഗ്രോബാഗിലും മഴ മറ നിര്‍മ്മിച്ചും മത്തന്‍, പച്ചമുളക് തുടങ്ങിയ മറ്റു പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്.

കാസർകോട്: ചെങ്കല്ലില്‍ തീര്‍ത്ത 64 തൂണുകള്‍, പച്ചക്കറി വള്ളികള്‍ക്ക് പടന്നു കയറാന്‍ വല പന്തല്‍. ചുട്ടുപ്പൊള്ളുന്ന വെയിലിലും പാറപ്പുറത്തെ പച്ച പുതപ്പിച്ച് കുടുംബശ്രീ. മുളിയാര്‍ പഞ്ചായത്തിലെ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഖയറുന്നീസയുടെ മൂലടുക്കത്തെ വീടിനു സമീപത്തുള്ള രണ്ടേക്കറോളം സ്ഥലത്താണ് കുടുംബശ്രീ ജില്ലാ മിഷൻ്റെ സഹായത്തോടെ പച്ചക്കറി കൃഷിയൊരുക്കിയത്.

ജനുവരി മാസത്തില്‍ കൃഷി ആരംഭിച്ചു. ചെങ്കല്ലുകള്‍ വാങ്ങി തൂണു നിര്‍മ്മിച്ചു. തൂണ് നിര്‍മ്മിക്കാനായി 6 കല്ലുകളും തറയൊരുക്കുന്നതിനായി 12 കല്ലുകളുമാണ് ഉപയോഗിച്ചത്. ചെങ്കല്ല് ഉപയോഗിച്ച് നിര്‍മ്മിച്ച തൂണായതിനാല്‍ തന്നെ ദീര്‍ഘകാലം ഈട് നില്‍ക്കും എന്നതാണ് പ്രത്യേകത. വീണ്ടും കൃഷി ചെയ്യുമ്പോള്‍ കൃഷിക്കായി ഇവ തന്നെ ഉപയോഗിക്കാന്‍ സാധിക്കും. മേല്‍മണ്ണ് നിറച്ച് ചാണകം, കോഴി കാഷ്ഠം, കുമ്മായം തുടങ്ങിയവ അടിവളത്തിനായി ഉപയോഗിച്ചു. വിത്ത് പാകിയും തൈകള്‍ നട്ടുമാണ് കൃഷിയൊരുക്കിയത്.

പാവലും പടവലവും നരമ്പനും കൂടാതെ ഗ്രോബാഗിലും മഴ മറ നിര്‍മ്മിച്ചും മത്തന്‍, പച്ചമുളക് തുടങ്ങിയ മറ്റു പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. ദൂരെ നിന്നും കൃഷിതോട്ടം കണ്ടാല്‍ പാറപ്പുറത്താണ് ഇവയുള്ളതെന്നു ആരും വിശ്വസിക്കില്ല. ജൈവ രീതിയിലുള്ള കീടനാശിനി, ജൈവ വളം എന്നിവയാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. കൃഷിക്കാവശ്യമായ വെള്ളം വീട്ടിലെ കുഴല്‍ കിണറില്‍ നിന്നും അയലത്തെ വീട്ടിലെ കിണറ്റില്‍ നിന്നും പൈപ്പ് വഴിയാണ് എത്തിക്കുന്നത്. പരിപാലനത്തിനും മറ്റ് ജോലികള്‍ക്കുമായി ഖയറുന്നീസയുടെ ഭര്‍ത്താവും മക്കളും സഹായത്തിനെത്തും.

ജെ.എല്‍.ജി ഗ്രൂപ്പായ ബിസ്മില്ല ജെ.എല്‍.ജിയുടെ സഹകരണത്തിലും ഇവിടെ പച്ചക്കറികള്‍ കൃഷി ചെയ്യുന്നുണ്ട്. കൂടാതെ മുളിയാര്‍ കുടുബശ്രീ സി.ഡി.എസ് നേതൃത്വത്തില്‍ ജില്ലയില്‍ ആദ്യമായി മധുര തുളസി കൃഷി ചെയ്തതും ഇവിടെയാണ്.

പരീക്ഷണാടിസ്ഥാനത്തിലാണ് ഇത്തരമൊരു കൃഷി അവലംബിച്ചതെങ്കിലും പച്ചക്കറി കൃഷി വിജയകരമായാല്‍ പാറപ്പുറമായ മറ്റും സ്ഥലങ്ങളിലും ഈ രീതി വ്യാപിപ്പിക്കുമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ എ.ഡി.എം.സി സി.എച്ച്.ഇക്ബാല്‍ അറിയിച്ചു. നരമ്പനും പാവലും പടവലവും ഇതിനകം തന്നെ പിടിച്ചു തുടങ്ങി. നൂറ് മേനി വിളവ് ലഭിക്കും എന്നു തന്നെയാണ് പ്രതീക്ഷയെന്ന് ഖയറുന്നീസ പറയുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest