Categories
channelrb special Kerala news

ഓൺലൈൻ തട്ടിപ്പിലെ മുഖ്യ കണ്ണിയെ തത്രപ്രധാന നീക്കത്തിലൂടെ പിടികൂടി പൊലീസ്; പ്രതിയുടെ കയ്യിൽ 40000 സിം കാര്‍ഡ്, 180 മൊബൈൽ ഫോണുകൾ

മടിക്കേരിയിൽ സ്വകാര്യ മൊബൈൽ കമ്പനിയുടെ വിതരണക്കാരൻ ആണ് പ്രതി

മലപ്പുറം: നിരവധി ഓൺലൈൻ തട്ടിപ്പുകൾ നടത്തിയ സംഘത്തിലെ പ്രധാന കണ്ണി അബ്‌ദുൾ റോഷൻ പോലീസിൻ്റെ തത്രപ്രധാന നീക്കത്തിലൂടെ പിടിയിലായി. ഇയാളുടെ പക്കൽ നിന്നും 40000 സിം കാർഡുകൾ, 150 മൊബൈൽ ഫോണുകൾ, ബയോമെട്രിക് സ്‌കാനറുകൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് റോഷൻ തട്ടിയെടുത്തത് എന്നാണ് വിവരം.

പൊലീസ് പിടിച്ചെടുത്തതിൽ നിലവിൽ ആക്‌റ്റീവായ 1500 സിം കാർഡുകളുണ്ട്. ഇതിന് പുറമെ ആക്ടീവാക്കാനുള്ള 2000 സിം കാർഡുകളും കണ്ടെത്തിയിട്ടുണ്ട്. ഒരു സിമ്മിന് 50 രൂപ വീതം വാങ്ങിയാണ് റോഷൻ സിം കാര്‍ഡ് നിക്ഷേപ തട്ടിപ്പ് സംഘത്തിന് നൽകിയതെന്നാണ് വിവരം. ഈ സിം കാര്‍ഡുകൾ ഇട്ടാൽ ഐ.എം.ഇ നമ്പർ മാറ്റാൻ കഴിയുന്ന ചൈനീസ് ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.

കർണാടകയിലെ മടിക്കേരിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്‌തതെന്ന് മലപ്പുറം എസ്‌.പി എസ്.ശശിധരൻ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. മടിക്കേരിയിൽ സ്വകാര്യ മൊബൈൽ കമ്പനിയുടെ വിതരണക്കാരൻ ആണ് പ്രതി.

സംഘത്തിലെ മറ്റു പ്രതികളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നിക്ഷേപ തട്ടിപ്പ് നടത്തുന്ന സംഘത്തിന് സിം കാര്‍ഡ് നൽകുകയാണ് പ്രതി ചെയ്‌തതെന്ന് പൊലീസ് പറയുന്നു. മടിക്കേരി പൊലീസും ഇയാൾക്കെതിരെ തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

മലപ്പുറം പൊലീസ് ഫേസ്ബുക്കിൽ കുറിച്ചത്:

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിൻ്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്‌തു. തട്ടിപ്പ് സംഘത്തിന് സിം കാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്‌ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ ഐ.പി.എസിൻ്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ.സി ചിത്തരഞ്ജൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്‌തത്.

വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്‌താണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിൻ്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുക ആയിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിം കാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്‌ത സമയം നടത്തിയ പരിശോധനയിൽ നാൽപതിനായിരത്തോളം സിം കാർഡുകളും നൂറ്റി എൺപതിൽപരം മൊബൈൽ ഫോണുകളും ഇയാളുടെപക്കൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.

ഇയാളുമായി ബന്ധമുള്ള മൊബൈൽ ഷോപ്പുകൾ പുതിയ സിം കാർഡ് എടുക്കാനെത്തുന്നവരുടെ ഫിംഗർ പ്രിന്റ് അവരറിയാതെ പല തവണകളായി ഉപയോഗിച്ച് വ്യാജ സിം കാർഡുകൾ ആക്ടിവേറ്റ് ചെയ്‌ത്‌ ഇയാൾക്ക് സിംകാർഡ് ഒന്നിന് 50 രൂപ നിരക്കിൽ കൈമാറുകയാണ് പതിവ്. ഇത്തരത്തിൽ സംഘടിപ്പിക്കുന്ന സിം കാർഡുകളാണ് ഇയാൾ തട്ടിപ്പുകൾക്കായി നൽകിയിരുന്നത്.

സൈബർ ക്രൈം പോലീസ് സ്റ്റേഷൻ, സ്റ്റേഷൻ ഹൌസ് ഓഫീസറായ പോലീസ് ഇൻസ്‌പെക്ടർ ഐ.സി ചിത്തരഞ്ജൻ, പ്രത്യേക ജില്ലാ സൈബർ സ്‌ക്വാഡ് അംഗങ്ങളായ സബ്ബ് ഇൻസ്‌പെക്ടർ നജിമുദീൻ മണ്ണിശ്ശേരി, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷൈജൽ പടിപ്പുര, സിവിൽ പോലീസ് ഓഫീസർമാരായ ഇ.ജി പ്രദീപ്, ഷാഫി പന്ത്രാല, സീനിയർ സിവിൽ പോലീസ് ഓഫീസർ രാജരത്നം എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest