Categories
international news

പാവപ്പെട്ടവരുടെ മക്കളെ മാത്രമാണ് യുദ്ധത്തിൻ്റെ മുന്‍നിരയിലേക്ക് എത്തിക്കുന്നത്; യുദ്ധനയം മാറ്റാൻ തയ്യാറായില്ലെങ്കിൽ റഷ്യയിൽ വിപ്ലവം നടക്കും; പുടിന് വാഗ്നര്‍ മേധാവിയുടെ മുന്നറിയിപ്പ്

ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യങ്ങളിലൊന്നാണ് യുക്രെയ്ന്‍. കൃത്യമായ പരിശീലനം ലഭിച്ച യുക്രെയ്ന് ഏത് രാജ്യത്തിൻ്റെ സൈനികബലത്തേയും നേരിടാനുള്ള കഴിവുണ്ട്

റഷ്യയുടെ യുദ്ധനയത്തിനെതിരെ രൂക്ഷ വിമർശനവുമായി വാഗ്നർ ഗ്രൂപ്പിൻ്റെ സ്വകാര്യ സൈനിക വിഭാഗം മേധാവി യെവ്ജെനി പ്രിഗോഷിൻ രംഗത്ത്. ബഖ്മുത്ത് പിടിച്ചെടുക്കാനുള്ള മുന്നേറ്റത്തിൽ വാഗ്നർ ഗ്രൂപ്പിലെ 20,000-ത്തിലധികം സൈനികർ കൊല്ലപ്പെട്ടതായി പ്രിഗോഷിൻ പറഞ്ഞു. നേതൃത്വം യുദ്ധനയം മാറ്റാൻ തയ്യാറായില്ലെങ്കിൽ രാജ്യം മറ്റൊരു വിപ്ലവത്തിന് സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

റഷ്യൻ ബ്ലോഗർ കോൺസ്റ്റാന്റിൻ ഡോൾഗോവിന് നൽകിയ അഭിമുഖത്തിലാണ് പുടിൻ്റെ അടുത്ത അനുയായിയായിരുന്ന പ്രിഗോഷിൻ ശക്തമായ വിമർശനം ഉന്നയിച്ചത്. ”വാഗ്നര്‍ റിക്രൂട്ട് ചെയ്തവരില്‍ 20 ശതമാനവും ബഖ്മുത്തിനായുള്ള പോരാട്ടത്തില്‍ കൊല്ലപ്പെട്ടു. യുക്രെയ്നെതിരായ യുദ്ധം അസമത്വത്തിൻ്റെ കൂടി ചിത്രമാകുകയാണ്. പാവപ്പെട്ടവരുടെ മക്കളെ മാത്രമാണ് യുദ്ധത്തിൻ്റെ മുന്‍നിരയിലേക്ക് എത്തിക്കുന്നത്. പണക്കാരുടെ മക്കള്‍ സുരക്ഷിതരായി കഴിയുകയാണ്. ഇതേസാഹചര്യമാണ് 1917ലെ വിപ്ലവത്തിലേക്ക് നയിച്ചത്” – പ്രിഗോഷിന്‍ ഓര്‍മിപ്പിച്ചു.

”ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യങ്ങളിലൊന്നാണ് യുക്രെയ്ന്‍. കൃത്യമായ പരിശീലനം ലഭിച്ച യുക്രെയ്ന് ഏത് രാജ്യത്തിൻ്റെ സൈനികബലത്തേയും നേരിടാനുള്ള കഴിവുണ്ട്”- യുക്രെൻ്റെ ചെറുത്തുനില്‍പ്പിനെ വാഗ്നര്‍ സേനാത്തലവന്‍ പ്രശംസിച്ചു. യുദ്ധം അവസാനിപ്പിക്കാനുള്ള നടപടി റഷ്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest