Categories
news sports

ബ്രിട്ടീഷുകാരെപ്പോലെ കേന്ദ്ര സർക്കാരിനെ രാജ്യത്തെ ജനങ്ങൾ പുറത്താക്കും; മുന്നറിയിപ്പ് നൽകി മഹാവീർ ഫോഗട്ട്

കർഷക നേതാക്കൾ അവരുടെ വികാരം മനസ്സിലാക്കി, ഇനി സർക്കാർ തലകുനിക്കുന്ന വിധത്തിൽ രാജ്യം മുഴുവൻ ഒന്നിക്കും.

ബ്രിട്ടീഷുകാരെപ്പോലെ കേന്ദ്ര സർക്കാരിനെ രാജ്യത്തെ ജനങ്ങൾ പുറത്താക്കുമെന്ന് മുൻ ഗുസ്തി താരവും ദ്രോണാചാര്യ അവാർഡ് ജേതാവുമായ മഹാവീർ ഫോഗട്ട് പറഞ്ഞു. ഹരിയാനയിലെ തൻ്റെ ഗ്രാമമായ ബലാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷക നേതാവ് രാകേഷ് ടികായിത്ത് ഗുസ്തിക്കാർക്ക് നൽകിയ പിന്തുണയെക്കുറിച്ചും ടികായത്തിൻ്റെ ഇടപെടലിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു . ”

“പെൺമക്കളുടെ അവസ്ഥ കാണാൻ കഴിയുന്നില്ല, കർഷക നേതാക്കൾ ഞങ്ങളുടെ പെൺമക്കളുടെ വികാരങ്ങൾ മനസ്സിലാക്കി, രാജ്യം മുഴുവൻ ഒന്നിച്ച് ഇതൊരു വൻ പ്രക്ഷോഭമാക്കി മാറ്റും”. ഫോഗട്ട് വ്യക്തമാക്കി. ഗ്രാമപഞ്ചായത്തുകൾ മുതൽ ഖാപ്പുകളും സാമൂഹിക-കർഷക സംഘടനകളും വരെയുള്ള രാജ്യത്തെ ജനങ്ങൾ ഒരു വലിയ മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫോഗട്ട് സഹോദരിമാർ പ്രശസ്തമാക്കിയ ബലാലിയിൽ, പഞ്ചായത്ത് നടത്തി വനിതാ ഗുസ്തിക്കാർക്ക് നീതി നൽകാൻ ഗ്രാമവാസികൾ തീരുമാനിച്ചിരുന്നു. “എല്ലാം പണയപ്പെടുത്തിയാണ് ഞാൻ എൻ്റെ പെൺമക്കളെ മെഡലിനു യോഗ്യരാക്കിയത്. ഇന്ന് അവരുടെ അവസ്ഥ കാണാൻ കഴിയുന്നില്ല. സങ്കടകരമെന്നു പറയട്ടെ, കളിക്കാർക്ക് അവരുടെ മെഡലുകൾ ഗംഗയിലേക്ക് എറിയാനുള്ള തീരുമാനം എടുക്കേണ്ടി വന്നു.

കർഷക നേതാക്കൾ അവരുടെ വികാരം മനസ്സിലാക്കി, ഇനി സർക്കാർ തലകുനിക്കുന്ന വിധത്തിൽ രാജ്യം മുഴുവൻ ഒന്നിക്കും. ഇക്കാര്യത്തിൽ സർക്കാർ മുൻകൈ എടുത്തില്ലെങ്കിൽ ബ്രിട്ടീഷുകാരെപ്പോലെ രാജ്യത്തെ ജനങ്ങൾ തുരത്തുമെന്നും മഹാവീർ ഫോഗട്ട് പറഞ്ഞു.

ഇന്ന് വനിതാ ഗുസ്തിക്കാർക്ക് സംഭവിക്കുന്ന കാര്യങ്ങൾ കാണുമ്പോൾ, പെൺകുട്ടികൾ ഗുസ്തി നിർത്തുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ജൂനിയർ കളിക്കാരുടെ ഭാവി അനിശ്ചിതത്വത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “സർക്കാരിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ആരംഭിക്കും, സർക്കാർ തലകുനിക്കേണ്ടി വരും, ബ്രിജ് ഭൂഷൺ ജയിലിൽ പോകും,” അദ്ദേഹം വ്യക്തമാക്കി.

അതേസമയം, റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) മേധാവി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ഗുരുതരമായ ലൈംഗികാരോപണങ്ങൾ ഉന്നയിക്കുകയും രാജിയും അറസ്റ്റും ആവശ്യപ്പെടുകയും ചെയ്ത് ഗുസ്‌തി താരങ്ങൾ നിലവിൽ പ്രതിഷേധത്തിലാണ്. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ തുടങ്ങിയ രാജ്യത്തെ മുൻനിര ഗുസ്തി താരങ്ങളുടെ നേതൃത്വത്തിൽ സമര പ്രക്ഷോഭം രാജ്യത്ത് നടക്കുകയാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *