Categories
international news

വംശ ഹത്യയ്ക്ക് സാങ്കേതിക വിദ്യ നൽകില്ല; ഇസ്രയേൽ-ഹമാസ് സംഘർഷവും ഗൂഗിൾ ഓഫിസിലെ കുത്തിയിരുപ്പ് സമരവും

പ്രൊജക്ട് നിംബസ് അവസാനിപ്പിക്കണം എന്നാണ് ജീവനക്കാരുടെ ആവശ്യം

ഇസ്രയേൽ സംഘർഷം ഗൂഗിൾ പോലെ ഒരു ടെക് ഭീമൻ്റെ പ്രവർത്തനം തടസപ്പെടുത്തുന്ന നിലയിലേക്ക് എത്തിയതാണ് ബിസിനസ് ലോകത്ത് നിന്നുള്ള വാർത്ത. ന്യൂയോർക്ക് സിറ്റിയിലും കാലിഫോർണിയയിലെ സണ്ണി വെയ്‌ലിലേയും ഓഫീസുകളിൽ കഴിഞ്ഞ ദിവസം ജീവനക്കാർ കുത്തിയിരുപ്പ് സമരം നടത്തിയപ്പോൾ അതൊരു അപൂർവ കാഴ്‌ചയായി.

എന്താണ് ഗൂഗിൾ-ഇസ്രയേൽ ചങ്ങാത്തം?

ഗൂഗിളും ആമസോണും ഇസ്രയേലി സർക്കാരുമായും സൈന്യവുമായും കരാറിലേർപ്പെട്ടിട്ടുണ്ട്. ക്ലൗഡ് കംപ്യൂട്ടിങ്ങും ആർട്ടിഫിഷ്യൽ ഇൻ്റെലിജൻസുമായി ബന്ധപ്പെട്ട കരാറുകളാണിവ. പ്രൊജക്ട് നിംബസ് എന്നറിയപ്പെടുന്ന 1.2 ബില്യൺ പ്രോജക്ടിൻ്റെ കരാറാണ് ഇസ്രയേലും ടെക് കമ്പനികളുമായുള്ളത്. ഈ ചങ്ങാത്തം വേണ്ടെന്നാണ് ഗൂഗിൾ ജീവനക്കാർ പറയുന്നത്.

എന്താണ് ജീവനക്കാരുടെ ആവശ്യം?

പ്രൊജക്ട് നിംബസ് അവസാനിപ്പിക്കണം എന്നാണ് ജീവനക്കാരുടെ ആവശ്യം. ആവശ്യമുന്നയിച്ച് കുത്തിയിരുപ്പ് നടത്തുകയായിരുന്നു ജീവനക്കാർ. ഡ്രോപ് പ്രൊജക്ട് നിംബസ് (DROP PROJECT NIMBUS) എന്നഴുതിയ ടീ ഷർട്ടുകൾ ധരിച്ച പ്രതിഷേധക്കാർ ഗൂഗിൾ ക്ലൗഡ് ചീഫ് എക്സിക്യൂട്ടിവ് തോമസ് കുര്യൻ്റെ ഓഫിസിൽ സിറ്റ് ഇൻ സമരം നടത്തിയത് പത്ത് മണിക്കൂർ. വംശഹത്യയ്ക്ക് സാങ്കേതിക വിദ്യ നൽകില്ലെന്ന ബാനർ തൂക്കുകയുംചെയ്‌തു.

കമ്പനിയുടെ ഇസ്രയേലിലെ പ്രവർത്തനത്തെ കുറിച്ചും ഗസ്സ സംഘർഷത്തെപ്പറ്റിയും തങ്ങൾക്ക് ആശങ്കയുണ്ടെന്ന് പ്രതിഷേധക്കാർ പറഞ്ഞു. പലസ്തീൻ, അറബ്, മുസ്ലിം ഗൂഗിൾ തൊഴിലാളികളോടുള്ള ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും ആവശ്യത്തിൽ പറയുന്നു. ഈ വിഭാഗങ്ങളിലുള്ളവരെ നിശബ്ദമാക്കൽ, ഭീഷണിപ്പെടുത്തൽ, സെൻഷർഷിപ്പ് എന്നിവ നിർത്തണം എന്നാണ് പ്രതിഷേധക്കാർ പറയുന്നത്.

ഗൂഗിൾ ചെയ്‌തതെന്ത് ?

സമരക്കാരോട് മൃദു സമീപനം സ്വീകരിക്കാൻ ഗൂഗിളും തയ്യാറായില്ല. രണ്ട് ഓഫിസുകളിലെയും ഒമ്പത് പേരെ അറസ്റ്റ് ചെയ്യാൻ ഗൂഗിൾ ആവശ്യപ്പെട്ടു. പോരാത്തതിന് അക്കൗണ്ടുകൾ റദ്ദ് ചെയ്യുമെന്നും എച്ച്.ആർ. പറയും വരെ ജോലിക്ക് വരേണ്ടെന്നും ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. ന്യൂയോർക്കിലെ ഒരു കോൺഫറൻസിൽ ചീഫ് എക്സിക്യൂട്ടിവിൻ്റെ പ്രസംഗത്തിൽ പ്രതിഷേധിച്ച ഒരു ജീവനക്കാരനെ ഗൂഗിൾ കഴിഞ്ഞ മാസം പിരിച്ചു വിട്ടിരുന്നു.

2022ൽ സമാന സാഹചര്യത്തിൽ പ്രതിഷേധിച്ച ജീവനക്കാരിയോട് എന്നാൽ ബ്രസീലിലേക്ക് പൊക്കോളൂ എന്ന് ഗൂഗിൾ അറിയിച്ചതും പഴങ്കഥയല്ല.

ഗൂഗിൾ ക്ലൗഡിൻ്റെ സോഫ്റ്റ് വെയർ എഞ്ചിനിയർ വില്യം വാൻ ഡെർ ലാർ പറഞ്ഞതെന്ത്?

താൻ എഴുതിയുണ്ടാക്കുന്ന കോഡ് ഇസ്രയേൽ സൈന്യം എ.ഐയുടെ ഭാഗമായി വംശഗത്യയ്ക്ക് ഉപയോഗിക്കുന്നത് ചിന്തിക്കാൻ പോലുമാവില്ലെന്ന് വില്യം പറഞ്ഞു. മാത്രവുമല്ല, താൻ ഗൂഗിളിലേക്ക് വന്നത് കൊല്ലുന്ന സാങ്കേതിക വിദ്യയ്ക്കായി പ്രവർത്തിക്കാനല്ലെന്നും വില്യം കൂട്ടിച്ചേർത്തു.

ഗൂഗിൾ വക്താവ് പറഞ്ഞത്

ആയുധങ്ങൾക്കോ ഇൻ്റെലിജൻസ് സേവനങ്ങൾക്കോ ആവശ്യമായ തന്ത്രപ്രധാന ക്ലാസിഫൈഡ് സൈനിക വർക് ലോഡുകളെ കേന്ദ്രീകരിച്ചുള്ളതല്ല കമ്പനിയുടെ തൊഴിലുകളെന്നാണ് ഗൂഗിൾ വക്താവിൻ്റെ വിശദീകരണം.

ആമസോൺ ജീവനക്കാരുടെ നിലപാടെന്താണ്?

പ്രോജക്‌ട് നിംബസിലെ തങ്ങളുടെ പങ്കാളിത്തത്തിൽ ആമസോൺ ജീവനക്കാരും ആശങ്ക അറിയിച്ചിട്ടുണ്ട്.

എന്താണ് ടെക് മേഖലയിൽ ഇത്തരമൊരു പ്രതിഷേധം വരാൻ കാരണം?

ഹമാസ്- ഇസ്രയേൽ സംഘർഷത്തിൽ ഇസ്രയേൽ നടത്തിയ ബോംമ്പ് ആക്രമണത്തോടെ ആണ് ടെക് വ്യവസായ മേഖലയിൽ നിന്നും എതിർപ്പ് ഉയരുന്നത്. അമേരിക്ക ഇസ്രയേലിനെ തങ്ങളുടെ ചങ്ങാതിയായി ഉയർത്തി കാട്ടുമ്പോഴാണ് അമേരിക്കൻ ബഹുരാഷ്ട്ര കമ്പനികളിലെ ജീവനക്കാരുടെ പ്രതിഷേധമെന്നത് ശ്രദ്ധേയമാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest