Categories
local news news trending

കൊടും വരൾച്ചയിൽ ആശങ്ക വേണ്ട; കുടിവെള്ളം എല്ലാവർക്കും ഉറപ്പുവരുത്തും: ജില്ലാ കളക്ടര്‍

മെയ് ആറിന് ജില്ലയിൽ മഴ ലഭിച്ച് തുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചതെന്നും

കാസര്‍കോട്: ജില്ലയിലെ മുഴുവന്‍ ജനങ്ങള്‍ക്കും കുടിവെള്ളം ഉറപ്പാക്കുന്നതിന് തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർക്ക് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ നിർദ്ദേശം നൽകി. നിലവിൽ ജില്ലയിൽ ആശങ്കാജനകമായ സാഹചര്യമില്ല. ബാവിക്കര കുടിവെള്ള പദ്ധതിയിൽ മേയ് 31വരെ വിതരണത്തിന് കുടിവെള്ളം ലഭ്യമാണ്.
തദ്ദേശ സ്ഥാപനങ്ങൾ പ്രാദേശിക സ്രോതസുകൾ ഉപയോഗിച്ച് വെള്ളം എത്തിക്കണം കുടിവെള്ള പദ്ധതികൾ ജലനിധി പദ്ധതി കുഴൽക്കിണർ, പൊതുകിണർ എന്നിവയും പരമാവധി ഉപയോഗിക്കണം.

ഏതെങ്കിലും പഞ്ചായത്തിൽ ആവശ്യമായ കുടിവെള്ളം ലഭ്യമല്ലെങ്കിൽ ബാവിക്കര പദ്ധതിയിൽ നിന്ന് കുടിവെള്ളം ഉപയോഗിക്കാം. കുടിവെള്ളക്ഷാമം രൂക്ഷമായി നേരിടുന്നവർ കളക്ടറേറ്റിലെ കൺട്രോൾ റൂമിൽ എത്രയും വേഗം അറിയിക്കേണ്ടത് ആണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലാ ദുരന്തനിവാരണ വിഭാഗം ഹസാർഡ് അനലിസ്റ്റ് അശ്വതി കൃഷ്‌ണയെ കോർഡിനേറ്ററായി നിയമിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു. കൺട്രോൾ റൂം നമ്പർ: 04994257700, 9446601700

ജില്ലാ ദുരന്ത നിവാരണ സമിതിയുടേയും ഗ്രാമപഞ്ചായത്ത് മുൻസിപ്പൽ സെക്രട്ടറിമാരുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുക ആയിരുന്നു കളക്ടര്‍. കോളനികളും എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലുമെല്ലാം കുടിവെള്ളമെത്തിക്കണമെന്ന് കളക്ടര്‍ പറഞ്ഞു. മുഴുവന്‍ പ്രദേശങ്ങളിലും കുടിവെള്ളം ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി പട്ടിക വര്‍ഗ്ഗ കോളിനികളും മറ്റും സന്ദര്‍ശനം നടത്തുമെന്നും കളക്ടര്‍ പറഞ്ഞു.

മെയ് 31വരെ ആവശ്യമായുള്ള ജലം ജില്ലയിലുണ്ടെന്നും മെയ് ആറിന് ജില്ലയിൽ മഴ ലഭിച്ച് തുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. മേയ് ആറിനകം ഫയര്‍ ഓഡിറ്റ് പൂര്‍ത്തിയാക്കി ഏഴിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോട് നിര്‍ദ്ദേശിച്ചു.

ജില്ലയിലെ 25 ഗ്രാമപഞ്ചായത്തുകളും മൂന്ന് മുനിസിപ്പാലിറ്റികളും കുടിവെള്ള വിതരണം നടത്തി വരുന്നുണ്ടെന്നും ആവശ്യ ഘട്ടത്തില്‍ കുടിവെള്ള വിതരണം ആരംഭിക്കുന്നതിന് മറ്റ് തദ്ദേശ സ്ഥാപനങ്ങളും സജ്ജമാണെന്നും കളക്ടര്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest