Categories
channelrb special local news news

വീടിൻ്റെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന സംഘം സ്വര്‍ണ്ണവും പണവും കവര്‍ന്നു; തടയാന്‍ ശ്രമിച്ച യുവാവിനെ ഇരുമ്പ് വടികൊണ്ട് അടിച്ച് വീഴ്ത്തി തോക്ക് ചൂണ്ടിയ ശേഷം രക്ഷപ്പെട്ടു, പോലീസ് അന്വേഷണം ഊർജിതമാക്കി

ഉപേക്ഷിച്ച ഹാര്‍ഡ് ഡിസ്‌ക്ക് കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തു

ഉപ്പള / കാസർകോട്: ആറംഗ സംഘം ഗള്‍ഫുകാരൻ്റെ വീടിൻ്റെ വാതില്‍ തകര്‍ത്ത് നാലര പവന്‍ സ്വര്‍ണ്ണാഭരണവും 34,000 രൂപയും സി.സി.ടി.വി. ഹാര്‍ഡ് ഡിസ്‌ക്കും കവര്‍ന്നു. തടയാന്‍ ചെന്ന യുവാവിനെ ഇരുമ്പ് വടികൊണ്ട് അടിച്ചു വീഴ്ത്തി തോക്ക് ചൂണ്ടിയ ശേഷം സംഘം രക്ഷപ്പെട്ടു. ഉപ്പള പ്രതാപ് നഗറിലെ മുനീറിൻ്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.

ഞായറാഴ്‌ച സന്ധ്യക്ക് 6.45 ഓടെയാണ് സംഭവം. മുനീറിൻ്റെ ഭാര്യ രഹ്‌ന വീട് പൂട്ടി സമീപത്തെ തറവാട് വീട്ടിലേക്ക് പോയതായിരുന്നു. വീട്ടുമുറ്റത്ത് മൂന്ന് ബൈക്കുകള്‍ കണ്ടതിനെ തുടര്‍ന്ന് മുനീറിൻ്റെ ഭാര്യാ സഹോദരന്‍ റമീസ് ഇവിടേക്ക് വന്നു.

വീട്ടിനകത്ത് കവര്‍ച്ചാ സംഘത്തെ കണ്ടതോടെ ഇവരെ തടയാന്‍ ശ്രമിച്ചപ്പോള്‍ സംഘത്തിലെ ഒരാള്‍ ഇരുമ്പ് വടികൊണ്ട് റമീസിനെ അടിച്ചു. റമീസ് വീണ്ടും തടയാണ് ഒരുങ്ങിയപ്പോള്‍ തോക്ക് ചൂണ്ടി ആറംഗ സംഘം മൂന്ന് ബൈക്കുകളില്‍ രക്ഷപ്പെടുകയായിരുന്നു.

റമീസിൻ്റെ നിലവിളികേട്ട നാട്ടുകാര്‍ കവര്‍ച്ചാ സംഘത്തെ പിന്തുടരുന്നതിനിടെ ഹാര്‍ഡ് ഡിസ്‌ക്ക് കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. കുമ്പള പൊലീസും നാട്ടുകാരും അകത്ത് കയറി പരിശോധിച്ചപ്പോള്‍ 34,000 രൂപയും നാലര പവന്‍ സ്വര്‍ണ്ണാഭരണവും സി.സി.ടി.വി ഹാര്‍ഡ് ഡിസ്‌ക്കും കവര്‍ന്നതായി മനസ്സിലായി. ഉപേക്ഷിച്ച ഹാര്‍ഡ് ഡിസ്‌ക്ക് കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഘത്തിലെ ചിലര്‍ കന്നഡ ഭാഷയില്‍ സംസാരിച്ചതായി റമീസ് പറഞ്ഞു. കര്‍ണ്ണാടക രജിസ്ട്രേഷനുകളിലുള്ള ബൈക്കുകളിലാണ് സംഘം എത്തിയതെന്നാണ് പറയുന്നത്. കവർച്ചാ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest