Categories
health local news

കാസർകോട് ജില്ലയിലെ 25 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്തു; ആര്‍ദ്രം മിഷനിലൂടെ സംസ്ഥാനത്തെ ആരോഗ്യ മേഖല കരുത്താര്‍ജിച്ചതായി മുഖ്യമന്ത്രി

കേരളത്തിൻ്റെ ആരോഗ്യ മേഖലയുമായുള്ള ജനങ്ങളുടെ അടിസ്ഥാനതല ബന്ധം നിലനിര്‍ത്തുന്ന സ്ഥാപനങ്ങളായി ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ മാറുമെന്നും അദ്ദേഹം പറഞ്ഞു

കാസർകോട്: ആര്‍ദ്രം മിഷനിലൂടെ സംസ്ഥാനത്തെ ആരോഗ്യമേഖല കരുത്താര്‍ജിച്ചെന്നും കേരളത്തിൻ്റെ പൊതുജനാരോഗ്യ മേഖലയ്ക്ക് വലിയ ഉണര്‍വ്വ് നല്‍കുന്നതായിരിക്കും ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ രൂപീകരണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജില്ലയിലെ 25 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 5409 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

താലൂക്ക് ജില്ലാ ആശുപത്രികളിലെല്ലാം സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനം ലഭ്യമാക്കുകയാണ്. മെഡിക്കല്‍ കോളേജുകള്‍ക്ക് പ്രത്യേക വികസന പാക്കേജ് നടപ്പാക്കുകയാണ്. അവയവമാറ്റ ശസ്ത്രക്രിയ സാധാരണക്കാരന് പ്രാപ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ആരോഗ്യ സേവനങ്ങള്‍ മെച്ചപ്പെട്ടു എന്ന് പറയുമ്പോഴും സാംക്രമിക ജീവിതശൈലീ രോഗങ്ങളെ പൊതുജനങ്ങള്‍ ഗൗരവമായി കാണണം.

കേരളത്തിൻ്റെ ആരോഗ്യ മേഖലയുമായുള്ള ജനങ്ങളുടെ അടിസ്ഥാനതല ബന്ധം നിലനിര്‍ത്തുന്ന സ്ഥാപനങ്ങളായി ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ മാറുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും ആരോഗ്യപ്രവര്‍ത്തകരെ ഏതെങ്കിലും തരത്തില്‍ അപായപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിൻ്റെ ഭാഗമായാണ് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അധ്യക്ഷത വഹിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest