Categories
local news

സെപ്റ്റംബര്‍ 14 ന് പട്ടയ മേള; ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റില്‍; വിതരണം ചെയ്യുന്നത് 585 പട്ടയങ്ങള്‍

ക്രയവിക്രയ സര്‍ട്ടിഫിക്കറ്റ് വിഭാഗത്തില്‍ 229 പട്ടയങ്ങളും മിച്ചഭൂമി വിഭാഗത്തില്‍ 72 പട്ടയങ്ങളും ദേവസ്വം വിഭാഗത്തില്‍ 75 പട്ടയങ്ങളും വിതരണം ചെയ്യും.

കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്‍റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി എല്ലാവര്‍ക്കും ഭൂമി എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായുള്ള പട്ടയമേള സെപ്റ്റംബര്‍ 14 ന് ജില്ലയിലെ വിവിധ താലൂക്കുകളില്‍ നടക്കുമെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അറിയിച്ചു.

ലാന്‍ഡ് അസൈന്‍മെന്റ്, മിച്ചഭൂമി, ലാന്‍ഡ് ട്രിബ്യൂണല്‍, ദേവസ്വം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ജില്ലയില്‍ വിതരണം ചെയ്യുന്നത് 585 പട്ടയങ്ങളാണ്. കേരള ഭൂപതിവ് ചട്ടപ്രകാരം കാസര്‍കോട് താലൂക്കില്‍ 86 പട്ടയങ്ങളും മഞ്ചേശ്വരം താലൂക്കില്‍ 17 പട്ടയങ്ങളും വെള്ളരിക്കുണ്ട് താലൂക്കില്‍ 43 പട്ടയങ്ങളും ഹോസ്ദുര്‍ഗ് താലൂക്കില്‍ 52 പട്ടയങ്ങളും വിതരണം ചെയ്യും.

മുന്‍സിപ്പല്‍ പട്ടയം വിഭാഗത്തില്‍ കാസര്‍കോട് നഗരസഭയില്‍ 11 പട്ടയങ്ങളാണ് വിതരണം ചെയ്യുക. ക്രയവിക്രയ സര്‍ട്ടിഫിക്കറ്റ് വിഭാഗത്തില്‍ 229 പട്ടയങ്ങളും മിച്ചഭൂമി വിഭാഗത്തില്‍ 72 പട്ടയങ്ങളും ദേവസ്വം വിഭാഗത്തില്‍ 75 പട്ടയങ്ങളും വിതരണം ചെയ്യും.

ജില്ലാതല ഉദ്ഘാടനം രാവിലെ 11.30 ന് കളക്ടറേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലയുടെ ചുമതലയുള്ള തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വ്വഹിക്കും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനാകും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി., സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളാകും.

മഞ്ചേശ്വരം താലൂക്കില്‍ എ.കെ.എം. അഷ്റഫ് എം.എല്‍എയും ഹോസ്ദുര്‍ഗ് താലൂക്കില്‍ ഇ. ചന്ദ്രശേഖരന്‍ എ.എല്‍.എയും വെള്ളരിക്കുണ്ട് താലൂക്കില്‍ എം. രാജഗോപാലന്‍ എം.എല്‍.എയും പട്ടയവിതരണം നടത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ചടങ്ങുകള്‍. തെരഞ്ഞെടുത്ത ഏതാനും പേര്‍ക്ക് ചടങ്ങുകളില്‍ വെച്ചും ബാക്കിയുള്ളവര്‍ക്ക് രണ്ട് ദിവസത്തിനകം ബന്ധപ്പെട്ട വില്ലേജ് ഓഫീസുകള്‍ വഴിയും വിതരണം നടത്തും. പത്രസമ്മേളനത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്‍) കെ.രവികുമാര്‍ സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest