Categories
Kerala local news news

ഗസ്റ്റ് ലക്ചറര്‍ ആകാൻ മഹാരാജാസ് കോളേജിൻ്റെ പേരില്‍ വ്യാജ രേഖയുണ്ടാക്കി; കാസര്‍കോട് സ്വദേശിനിയായ യുവതിക്കെതിരേ പരാതി നല്‍കി കോളേജ്

സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ കാസര്‍കോട് സ്വദേശിയായ കെ. വിദ്യക്കെതിരേ മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ജോയി പരാതി നല്‍കി

ഗസ്റ്റ് ലക്ചറര്‍ ആകാനായി മഹാരാജാസ് കോളേജിൻ്റെ പേരില്‍ വ്യാജ രേഖയുണ്ടാക്കിയ കാസര്‍കോട് സ്വദേശിനിയായ യുവതിക്കെതിരേ പരാതി നല്‍കി കോളേജ്. അട്ടപ്പാടി ഗവണ്‍മെന്റ് കോളജില്‍ അഭിമുഖത്തിനെത്തിയപ്പോഴാണ് തട്ടിപ്പ് പിടിയിലാകുന്നത്. മഹാരാജാസ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയും കാസര്‍കോട് സ്വദേശിയുമായ കെ. വിദ്യക്കെതിരേയാണ് കോളേജ് പരാതി നല്‍കിയത്.

ഗസ്റ്റ് ലക്ചറര്‍ തസ്തികയിലേക്കുള്ള അഭിമുഖത്തിനിടെയാണ് വിദ്യ മഹാരാജാസ് കോളേജില്‍ നേരത്തെ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കികൊണ്ടുള്ള രേഖ സമര്‍പ്പിച്ചത്. എന്നാല്‍ ഇതില്‍ നല്‍കിയിട്ടുള്ള മഹാരാജാസ് കോളേജിൻ്റെ ലോഗോ, വൈസ്പ്രിന്‍സിപ്പലിന്റെ സീല്‍, സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്ന ഡിപ്പാര്‍ട്ട്മെന്റ് സീല്‍ എല്ലാം വ്യാജമാണെന്ന് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ജോയി വ്യക്തമാക്കുന്നു.

സമര്‍പ്പിച്ചിരിക്കുന്ന സര്‍ട്ടിഫിക്കറ്റിലേതുപോലെ സീല്‍ പതിക്കുന്ന പതിവ് കോളേജിന് ഇല്ല. കഴിഞ്ഞ പത്ത് വര്‍ഷമായി മഹാരാജാസ് കോളേജിലെ മലയാളം വിഭാഗത്തിലേക്കായി ഗസ്റ്റ്ലക്ചറര്‍ നിയമനം നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തരമൊരു സര്‍ട്ടിഫിക്കറ്റ് കോളേജ് നല്‍കിയിട്ടില്ലെന്നും ഇത് വ്യാജമാണെന്നും മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. അതേസമയം, വിദ്യ കാസര്‍കോട് കോളജിലും പാലക്കാട്ടെ ഒരു കോളേജിലും ഇതേ രഖകള്‍ കാണിച്ച് ജോലി ചെയ്തിരുന്നതായി വിവരമുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ കാസര്‍കോട് സ്വദേശിയായ കെ. വിദ്യക്കെതിരേ മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ജോയി പരാതി നല്‍കിയിട്ടുണ്ട്. ഇതിനിടെ, യുവതി രാഷ്ട്രീയബന്ധം ഉപയോഗിച്ചാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചിരിക്കുന്നതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. കോളേജ് യൂണിയന്‍ ഭാരവാഹിയായിരുന്ന ദിവ്യ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ അടുത്ത സുഹൃത്താണെന്നും അത്തരത്തിലുള്ള ബന്ധം ഉപയോഗിച്ചാണ് വ്യാജരേഖ ചമച്ചതെന്നും എറണാകുളം ഡി.സി.സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് ആരോപിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *