Categories
articles news

ആഗോളതലത്തില്‍ കൊറോണ വൈറസ് വ്യാപനം അതിവേഗത്തില്‍; മരണം 37,000 കടന്നു

കൊവിഡിനെ തുടര്‍ന്ന് തകര്‍ച്ചയിലായ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ 22 ബില്യണ്‍ ഡോളറിന്‍റെ പാക്കേജ് ഇസ്രയേല്‍ നടപ്പാക്കും.

ലോകത്ത് കൊവിഡ് മരണം 37,000 കടന്നു. ഏഴ് ലക്ഷത്തി എണ്‍പത്തിമൂവായിരത്തിലേറെ പേര്‍ക്കാണ് രോഗബാധയുണ്ടായത്. അമേരിക്കയില്‍ രോഗം അതിവേഗം വ്യാപിക്കുകയാണ്. ഇറ്റലിയില്‍ നിയന്ത്രണങ്ങള്‍ ഏപ്രില്‍ 12 വരെ നീട്ടി. ഇന്നലെ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് സ്‌പെയിനിലാണ്. 913 പേര്‍. ആകെ മരണം 7,716 ആയി.

സ്പെയിനിൽ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡോക്ടര്‍ ഫെര്‍ണാണ്ടോ സിമോണിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗവ്യാപനം വൈകാതെ ഉയര്‍ന്ന നിലയില്‍ എത്തുമെന്നും പിന്നീട് കേസുകള്‍ കുറയുമെന്നുമാണ് സ്‌പെയിനിലെ ആരോഗ്യ വിദഗ്ധരുടെ നിഗമനം. 812 പേര്‍ കൂടി മരിച്ചതോടെ ഇറ്റലിയില്‍ ഇതുവരെ മരിച്ചത് 11,591 പേര്‍. ഫ്രാന്‍സില്‍ ഒറ്റ ദിവസത്തിനിടെ 418 പേര്‍ മരിച്ചു.

ജര്‍മ്മനിയില്‍ അറുപത്തിയാറായിരത്തിലേറെ രോഗികളുണ്ടെങ്കിലും മരണം 700ല്‍ താഴെ നിലനിര്‍ത്താനായത് നേട്ടമാണ്. ബ്രിട്ടനില്‍ മരണം 1400 കടന്നു. കൊവിഡ് രോഗവ്യാപനത്തെ കുറിച്ച് ലോകാരോഗ്യ സംഘടന അന്വേഷണം നടത്തണമെന്ന് ബ്രിട്ടന്‍ ആവശ്യപ്പെട്ടു. റോമില്‍ കര്‍ദിനാള്‍ എയ്ഞ്ചലോ ഡി ഡൊണോറ്റിസിന് രോഗം സ്ഥിരീകരിച്ചു. അദ്ദേഹം മാര്‍പ്പാപ്പയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടില്ലെന്ന് വത്തിക്കാന്‍ അറിയിച്ചു.

സ്റ്റാഫംഗത്തിന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിരീക്ഷണത്തിലാണ്. കൊവിഡിനെ തുടര്‍ന്ന് തകര്‍ച്ചയിലായ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ 22 ബില്യണ്‍ ഡോളറിന്‍റെ പാക്കേജ് ഇസ്രയേല്‍ നടപ്പാക്കും. രോഗത്തെ നേരിടാന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കണോ എന്ന കാര്യത്തില്‍ ഹംഗേറിയന്‍ പാര്‍ലമെന്റില്‍ വോട്ടെടുപ്പും നടക്കും.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest