Categories
articles local news

ദൈവങ്ങൾ അല്പായുസ് നൽകിയ ഒരു ദൈവം ഓർമകളിൽ ജീവിക്കുന്നു; വണ്ണാൻ രാമൻ തെയ്യങ്ങളുടെ പെരിയാൾ

1995 സെപ്തംബർ 10 ന് നാല്പത്തി ആറാം വയസിൽ അന്തരിച്ച അദ്ദേഹം കഴകങ്ങളിലും കാവുകളിലും തെയ്യം കെട്ടിയാടി ഭക്തരുടെ മനം നിറച്ചു.

പീതാംബരൻ കുറ്റിക്കോൽ

കാസർകോട്: ജീവിതം തെയ്യം കെട്ടിയാടാൻ ഉഴിഞ്ഞുവെച്ച തെയ്യക്കാരൻ നാടിന്‍റെ ഓർമകളിൽ ജീവിക്കുന്നു. പെരിയ അമ്പു കർണമൂർത്തിയുടെയും ചിരുതേയി അമ്മയുടെയും മകൻ കെ.വി രാമൻ തെയ്യങ്ങളെ ജീവിത സപര്യയാക്കിയ ആളായിരുന്നു. അകാലത്തിൽ പൊലിഞ്ഞു പോയ അദ്ദേഹം തന്‍റെ കുലതൊഴിലായ തെയ്യം കെട്ടലിലും വൈദ്യത്തിലും പ്രാഗത്ഭ്യം തെളിയിച്ചു.

1995 സെപ്തംബർ 10 ന് നാല്പത്തി ആറാം വയസിൽ അന്തരിച്ച അദ്ദേഹം കഴകങ്ങളിലും കാവുകളിലും തെയ്യം കെട്ടിയാടി ഭക്തരുടെ മനം നിറച്ചു. നിരവധി തവണ കണ്ടനാർ കേളൻ തെയ്യം കെട്ടിയിട്ടുണ്ട്. ശക്തിസ്വരൂപിണികളായ പെൺതെയ്യങ്ങളെ കെട്ടി കാണികളിൽ ഭയവും ഭക്തിയും ജനിപ്പിക്കുന്നതിൽ അദ്ദേഹം വളരെ കേമനായിരുന്നു. നന്നേ ചെറുപ്പത്തിൽ തന്നെ തെയ്യം കെട്ടി തുടങ്ങിയ രാമൻ പതിനഞ്ച് വയസ് ആകുമ്പോഴേക്കും പ്രധാന തെയ്യങ്ങളുടെ കോലം ധരിച്ചു.

കുറ്റിക്കോൽ ശ്രീ തമ്പുരാട്ടി ഭഗവതി ക്ഷേത്രത്തിൽ നിന്നാണ് തെയ്യങ്ങളുടെ ബാലപാഠങ്ങൾ പ്രധാനമായും പഠിച്ചതെങ്കിലും കുട്ടിക്കാലത്ത് തന്നെ ജില്ലയിലെ പല കഴകങ്ങളിൽ തെയ്യം കെട്ടാൻ അദ്ദേഹത്തിന് ഭാഗ്യമുണ്ടായി. കണ്ടനാർ കേളൻ, പുള്ളിക്കരിങ്കാളി അമ്മ, പുല്ലൂരാളി (പുലിയൂർ കാളി) എന്നീ തെയ്യക്കോലങ്ങളാണ് രാമൻ ഏറ്റവും കൂടുതലായി കെട്ടിയാടിയത്. നാട്ടുവൈദ്യ ചികിത്സാ രംഗത്തും നിരവധി പേർക്ക് തുണയായി. കണ്ടനാർ കേളൻ തെയ്യം ആദ്യമായും അവസാനമായും രാമൻ കെട്ടിയാടിയത് കുറ്റിക്കോൽ മഠത്തിൽ വയനാട്ട് കുലവൻ ദേവസ്ഥാനത്താണ്.

മൂത്തമകൻ കൃഷ്ണന്‍ മാസ്റ്റര്‍ കുണ്ടംകുഴി സ്കൂളിലെ അധ്യാപകനാണ്. കാഴ്ചശക്തി ഇല്ലെങ്കിലും തോറ്റങ്ങളിലും ചെണ്ടയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ചന്ദ്രന്‍ സെക്യൂരിറ്റി ജീവനക്കാരനാണ്.
മുരളിയും ജയനും അച്ഛന്‍റെ പാതയിലൂടെ പ്രധാന തെയ്യങ്ങൾ കെട്ടിയാടി ക്ഷേത്ര അനുഷ്ഠാനത്തിൽ തുടരുകയാണ്. മൂത്തമകൾ സാവിത്രിയുടെ ഭര്‍ത്താവ് ചതുര്‍ഭുജന്‍ കര്‍ണ്ണമൂര്‍ത്തി. ഇരുടെ മക്കളായ സച്ചിനും വിഷ്ണുവും തെയ്യക്കോലമണിയുന്നതിൽ സജീവമാണ്.

ഇളയമകൾ അജിതയുടെ ഭര്‍ത്താവ് ഉദയനും തെയ്യം രംഗങ്ങളില്‍ സജിവമാണ്. മൂന്നും നാലും ദിവസം ഉറക്കമൊഴിച്ചും പൊരിവെയിലത്ത് ചോര കത്തിച്ചും കോലം കെട്ടുന്ന തെയ്യക്കാരൻ വയറ് കത്തുമ്പോഴും ഭക്തര്‍ക്കുവേണ്ടി ആട്ടം തുടരും. സങ്കടങ്ങളും ആവലാതികളുമായി നീണ്ട നിരയായി ഭക്തജനങ്ങള്‍ നില്‍ക്കുമ്പോള്‍ തെയ്യം വയറ് കരിഞ്ഞ് നില്‍ക്കുകയാകുമെന്ന് ആരറിയുന്നു. അക്കാലത്ത് ലഭിച്ചിരുന്ന പ്രതിഫലം മറ്റ് തൊഴിലുകള്‍ക്ക് ലഭിച്ചിരുന്നതിനേക്കാള്‍ വളരെ കുറഞ്ഞതായിരുന്നിട്ടും രാമനും പിന്നീടുള്ള തലമുറയും തെയ്യം കെട്ടിയാടി ഉപജീവനം നടത്തി പോരുന്നു. ദൈവങ്ങൾ അല്പായുസ് മാത്രം വിധിച്ചുനൽകിയ വണ്ണാൻ രാമൻ മറ്റൊരു ദൈവമായി വിശ്വാസികളുടെ മനസിൽ ഇന്നും കുടികൊള്ളുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest