Categories
national news

ആദ്യരാത്രിയിൽ നവദമ്പതികൾ മരിച്ച സംഭവത്തിൽ ദുരൂഹത ; ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

വിവാഹ ദിവസം ദമ്പതികൾ ചെയ്ത ഓരോ കാര്യങ്ങളുടെയും സമയരേഖ തയാറാക്കുകയാണ്. ബുധനാഴ്ച രണ്ടുപേരും എന്താണ് കഴിച്ചതെന്നും അന്വേഷിക്കുന്നുണ്ട്.

വിവാഹം കഴിഞ്ഞ് അടുത്ത ദിവസം രാവിലെ നവദമ്പതികളെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഇരുവരുടെയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഹൃദയാഘാതമാണ് മരണകാരണമായി കാണിച്ചിരിക്കുന്നത്. എന്നാൽ രണ്ടുപേർക്കും ഒരുമിച്ച് എങ്ങനെ ഹൃദയാഘാതമുണ്ടായെന്ന കാര്യത്തിലാണ് ദുരൂഹത തുടരുന്നത്. യുപിയിലെ ബഹ്റെയ്ച്ചിയിൽ വ്യാഴാഴ്ച രാവിലെയാണ് പ്രതാപ് യാദവ് (24), പുഷ്പ (22) എന്നിവരെ മരിച്ചനിലയിൽ കണ്ടെത്തിയത്.

വിവാഹം കഴിഞ്ഞ ദിവസം രാത്രി മുറിയിൽ കിടന്ന രണ്ടുപേരെയും രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഒരേ ചിതയിലാണ് ദമ്പതികളുടെ സംസ്കാരം നടത്തിയത്. ‘‘മുറിയിൽ ആരെങ്കിലും അതിക്രമിച്ചു കയറിയതിൻ്റെ സൂചനകളോ ഇരുവരുടെയും ദേഹത്ത് മുറിവേറ്റ പാടുകളോ ഇല്ല. എന്നാൽ രണ്ടുപേർക്കും ഒരുമിച്ച് ഹൃദയാഘാതം ഉണ്ടായെന്ന റിപ്പോർട്ട് ആശങ്കകൾ ഉണ്ടാക്കുന്നുണ്ട്.

വിവാഹ ദിവസം ദമ്പതികൾ ചെയ്ത ഓരോ കാര്യങ്ങളുടെയും സമയരേഖ തയാറാക്കുകയാണ്. ബുധനാഴ്ച രണ്ടുപേരും എന്താണ് കഴിച്ചതെന്നും അന്വേഷിക്കുന്നുണ്ട്. കൂടാതെ ഇവരുടെ മുറി ഫൊറൻസിക് വിദഗ്ധരുടെ സംഘം പരിശോധിച്ചിട്ടുണ്ട്.’’– കേസ് അന്വേഷിക്കുന്ന കാസിയർഗഞ്ച് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഇൻ ചാർജ് രാജ്‌നാഥ് സിങ് പറഞ്ഞു.

ദമ്പതികൾ ഉറങ്ങിയ മുറിയിൽ വായുസഞ്ചാരം കുറവായിരുന്നെന്നും ഉറങ്ങുമ്പോൾ ശ്വാസം കിട്ടാഞ്ഞതിനെ തുടർന്ന് ഹൃദയാഘാതം ഉണ്ടായതാകാമെന്ന നിഗമനവുമുണ്ട്. മരിച്ച ദമ്പതികളുടെ ആന്തരികാവയവങ്ങൾ പരിശോധന നടത്താനായി ലക്നൗവിലെ സ്റ്റേറ്റ് ഫൊറൻസിക് സയൻസ് ലബോറട്ടറിയിലേക്കു മാറ്റിയിട്ടുണ്ടെന്നും ബൽറാംപുർ എസ്പി പ്രശാന്ത് വർമ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest