Categories
Kerala news

സംസ്ഥാനത്ത് എഐ ക്യാമറ വഴി പിഴയീടാക്കുന്നത് തിങ്കളാഴ്ച മുതൽ; ഇരുചക്ര വാഹനങ്ങളിൽ മൂന്നാമത്തെയാളായി കുട്ടികളെ കൊണ്ടുപോയാൽ പിഴയില്ല

പദ്ധതിയെ എതിര്‍ക്കുന്നവർക്ക് രാഷ്ട്രീയ ലക്ഷ്യമാണുള്ളത്. റോഡ് ക്യാമറയിൽ അഴിമതിയുണ്ടെങ്കിൽ പ്രതിപക്ഷം കോടതിയിൽ പോകണം.

സംസ്ഥാനത്ത് റോഡ് ക്യാമറ വഴി പിഴയീടാക്കുന്നത് തിങ്കളാഴ്ച (ജൂൺ 5) മുതൽ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. തിങ്കളാഴ്ച രാവിലെ എട്ടുമുതൽ റോഡ് ക്യാമറ പിഴ ഈടാക്കിത്തുടങ്ങും. ഇരുചക്ര വാഹനങ്ങളിൽ മൂന്നാമത്തെയാളായി കുട്ടികളെ കൊണ്ടുപോയാൽ തൽക്കാലം പിഴ ഈടാക്കില്ല.

12 വയസ്സിൽ താഴെയുള്ള കുട്ടികളെ കൊണ്ടുപോയാലാണ് പിഴ ഈടാക്കാത്തത്. പക്ഷേ നാലു വയസ്സിന് മുകളിലുള്ള കുട്ടികൾ ഹെൽമറ്റ് ധരിക്കണം. സംസ്ഥാനത്തിൻ്റെ കത്തിന് കേന്ദ്രത്തിൻ്റെ മറുപടി കിട്ടുന്നത് വരെയാണ് സാവകാശം. കേന്ദ്രനിലപാട് അറിഞ്ഞ ശേഷം അന്തിമ തീരുമാനം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

‘‘റോഡ് ക്യാമറയുടെ പിഴയീടാക്കൽ ഓഡിറ്റിങിന് വിധേയമാണ്. പിഴയിൽനിന്ന് ആരെയും ഒഴിവാക്കിയിട്ടില്ല. കേന്ദ്രമാനദണ്ഡം അനുസരിച്ച് ഒഴിവാക്കിയിട്ടുള്ള എമർജൻസി സർവീസുകൾക്ക് മാത്രമാണ് ഇളവ്. വിഐപികളും സാധാരണക്കാരും ഒരുപോലെയാണ്. പദ്ധതിയെ എതിര്‍ക്കുന്നവർക്ക് രാഷ്ട്രീയ ലക്ഷ്യമാണുള്ളത്. റോഡ് ക്യാമറയിൽ അഴിമതിയുണ്ടെങ്കിൽ പ്രതിപക്ഷം കോടതിയിൽ പോകണം. പ്രതിപക്ഷ നേതാവും, മുൻ പ്രതിപക്ഷ നേതാവും തമ്മിലുള്ള തർക്കമാണ് നടക്കുന്നത്. ഈ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ജനങ്ങള്‍ക്ക് ബോധ്യമായി’’– മന്ത്രി പറഞ്ഞു.

നിലവിൽ ക്യാമറകൾ ഉള്ള സ്ഥലത്ത് ഇപ്പോൾ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ക്യാമറകൾ ദിവസേന കണ്ടെത്തുന്ന നിയമലംഘനങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് മോട്ടർ വാഹന വകുപ്പിന് നിർദേശം നൽകി. ജൂൺ രണ്ടിന് മാത്രം 2,40,746 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. പൊലീസിനും എക്സൈസിനും നിരവധി കേസുകളിലെ പ്രതികളെ കണ്ടെത്താൻ ക്യാമറ സഹായകരമായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

തിങ്കളാഴ്ച രാവിലെ മുതൽ തന്നെ നിയമലംഘകർക്ക് ചെലാൻ അയയ്‌ക്കുന്നത് ആരംഭിക്കും. ഇവർക്ക് ആവശ്യമെങ്കിൽ, പിഴയ്ക്കെതിരെ ജില്ലാ എൻഫോഴ്സ്മെന്റ് ഓഫിസർക്ക് അപ്പീൽ നൽകാം. ചെലാൻ ലഭിച്ച് 14 ദിവസത്തിനകം അപ്പീൽ നൽകണം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest