Categories
news

. ‘നമസ്‌കാരം വാര്‍ത്തകളിലേക്ക് സ്വാഗതം. ഞാന്‍ ഹേമലത. ആദ്യം പ്രധാന വാര്‍ത്തകള്‍’; മലയാളിയുടെ ദൂരദര്‍ശന്‍ നൊസ്റ്റാള്‍ജിയ

വാര്‍ത്തവായിക്കുവാനായി ഇവര്‍ എത്തുമ്പോള്‍ മുന്‍അനുഭവങ്ങളോ റോള്‍ മോഡലുകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇവരാണ് പിന്നീട് മറ്റുള്ളവര്‍ക്ക് റോള്‍മോഡലുകളായി തീര്‍ന്നത്.

മലയാളികളുടെ ഏറ്റവും വലിയ നൊസ്റ്റാള്‍ജിയകളിലൊന്നാണ് ദൂരദര്‍ശന്‍. പത്തുമുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടെലിവിഷന്‍ സ്‌ക്രീനിന് മുന്നിലിരുന്ന് ചിത്രഗീതവും ശക്തിമാനും ഞായറാഴ്ച ചലച്ചിത്രവും കണ്ട ഒരു കാലം. ഒന്നു കാറ്റടിച്ചാല്‍ മഴയൊന്ന് ഉറച്ച് പെയ്താല്‍ ടെലിവിഷന്‍ പണിമുടക്കും. അപ്പോള്‍ വീട്ടിലെ പയ്യന്‍മാര്‍ വീടിന് മുകളിലേക്ക് ഓടുകയായി.

ആകാശം തൊട്ട് നില്‍ക്കുന്ന ആന്റിന തിരിക്കണം ഇനി. എങ്കിലേ ചിത്രം തെളിഞ്ഞു വരൂ. ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയുമൊക്കെ വരുന്നതിനു മുമ്പ് ഇങ്ങനെയൊരു കാലമുണ്ടായിരുന്നു. അന്നത്തെ കാലത്ത് ദൂരദര്‍ശന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അത് ദൂരദര്‍ശന്‍ മാത്രമായിരുന്നു. ടെലിവിഷന്‍ തന്നെ അപൂര്‍വമായിരുന്ന കാലം. ടെലിവിഷനുള്ള വീടിന് ചുറ്റുമായിരിക്കും അന്നത്തെ കാലത്ത് കുട്ടികളുടെ സംഘം.

വൈകുന്നേരത്തെ ദൂരദര്‍ശന്‍ വാര്‍ത്തകള്‍ കേള്‍ക്കാനും ഒരു നാട് മുഴുവന്‍ ഉണ്ടാകും. അതുകൊണ്ട് തന്നെ അതിലെ അവതാരകരേയും കാഴ്ചകാര്‍ക്ക് പരിചിതരായിരുന്നു. പത്രവും പിന്നെ റേഡിയോയും മാത്രമായിരുന്നല്ലോ അതിന് മുന്‍പുള്ള വാര്‍ത്തകള്‍ സമ്മാനിച്ച ഇടം. ഒരാള്‍ വന്നിരുന്ന് കാണികളെ നോക്കി വാര്‍ത്ത വായിക്കുന്ന രീതിയൊക്കെ ദൂരദര്‍ശനിലൂടെയാണ് മലയാളികള്‍ അറിഞ്ഞത്.

രാജേശ്വരി മോഹന്‍, മായാ ശ്രീകുമാര്‍, അളകനന്ദ, സന്തോഷ്, ബാലകൃഷ്ണന്‍, രാധാകൃഷ്ണന്‍ തുടങ്ങിയവരൊക്കെ അക്കാലത്ത് ദൂരദര്‍ശനിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച അവതാരകരായിരുന്നു. അക്കൂട്ടത്തില്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് മൂന്നു പതിറ്റാണ്ടിലേറെയായി മാധ്യമ രംഗത്ത് സജീവമായി നിന്ന ഹേമലത.

ചിരപരിചിതമായ പശ്ചാത്തല സംഗീതത്തിന്‍റെ പശ്ചാത്തലത്തില്‍ എഴുതി കാണിക്കുന്ന വാര്‍ത്തകള്‍ എന്ന തലക്കെട്ടും സത്യം സത്യമായി എന്ന അടിക്കുറിപ്പും. അത് കഴിഞ്ഞാല്‍ തെളിഞ്ഞ് വരുന്ന കണ്ണാടിവെച്ച് സാരിയുടുത്ത ഹേമലതയുടെ പുഞ്ചിരിച്ച സുന്ദരമായ മുഖം. ‘നമസ്‌കാരം വാര്‍ത്തകളിലേക്ക് സ്വാഗതം. ഞാന്‍ ഹേമലത. ആദ്യം പ്രധാന വാര്‍ത്തകള്‍’ ഇങ്ങനെ തുടര്‍ന്ന് ഒഴുകിയെത്തുന്ന മനോഹരമായ ശബ്ദം ആ തലമുറ ഒരിക്കലും മറക്കാന്‍ ഇടയില്ല. ആയിരത്തിതൊള്ളായിരത്തി എണ്‍പത്തിയഞ്ച് ജനുവരി രണ്ട് മുതലാണ് തിരുവനന്തപുരം ദൂരദര്‍ശനില്‍ മലയാളം വാര്‍ത്തകള്‍ ആരംഭിക്കുന്നത്. ആദ്യമായി മലയാളത്തില്‍ വാര്‍ത്തകള്‍ വായിച്ചത് ജി.ആര്‍ കണ്ണന്‍ എന്ന അവതാരകനായിരുന്നു. ജി.ആര്‍ കണ്ണന്‍റെ ഭാര്യയാണ് ഹേമലത.

വാര്‍ത്തവായിക്കുവാനായി ഇവര്‍ എത്തുമ്പോള്‍ മുന്‍അനുഭവങ്ങളോ റോള്‍ മോഡലുകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇവരാണ് പിന്നീട് മറ്റുള്ളവര്‍ക്ക് റോള്‍മോഡലുകളായി തീര്‍ന്നത്. മലയാള ടെലിവിഷന്‍ ചരിത്രമെന്നാല്‍ അത് ഇവരുടേതു കൂടിയാണ്.

റേഡിയോ രംഗത്ത് പ്രതിഭ തെളിയിച്ച ടി.പി രാധാമണിയുടെ മകനാണ് ജി.ആര്‍ കണ്ണന്‍. അച്ഛന്‍ ഗംഗാധരന്‍ നായരും റേഡിയോ രംഗത്ത് സജീവമായിരുന്നു. തീര്‍ത്ഥാടനം എന്ന സിനിമയുടെ സംവിധായകന്‍ കൂടിയാണ് ജി.ആര്‍ കണ്ണന്‍. എം.ടി വാസുദേവന്‍ നായര്‍ തിരക്കഥയെഴുതിയ ചിത്രത്തില്‍ ജയറാം ആണ് നായകനായി എത്തിയത്. സംസ്ഥാന സര്‍ക്കാരിന്‍റെ നാല് പുരസ്‌കാരങ്ങളാണ് സിനിമ നേടിയത്. ഇരുവര്‍ക്കും ഒരു മകളാണുള്ളത്. പേര് ഹേമലത. തിരുവനന്തപുരം കുടപ്പനകുന്നിലുള്ള ദൂരദര്‍ശന്‍ കേന്ദ്രത്തിന് അടുത്ത് തന്നെയാണ് കണ്ണനും ഹേമലതയും താമസിക്കുന്നത്. നിരവധി വാര്‍ത്താ അവതാരകര്‍ മലയാളത്തില്‍ വന്ന് പോയിട്ടുണ്ടെങ്കിലും ദൂരദര്‍ശനിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച ഇവരെ പോലുള്ള പ്രതിഭകള്‍ വളരെ വിരളമാണ്. ഒരു തലമുറയുടെ ഓര്‍മ്മകളില്‍ ആ മുഖങ്ങള്‍ എന്നുമുണ്ടാകും.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest