Categories
കരിങ്കൽ ക്വാറികള്‍ക്ക് കുടപിടിക്കാനൊരുങ്ങുന്ന കേരള സര്‍ക്കാര്‍
അഞ്ചു ഹെക്ടറില്‍ കൂടുതലുള്ള ക്വാറികള്‍ക്ക് പരിസ്ഥിതി ക്ലിയറന്‍സ് വേണമെന്ന എന്‍.ജി.ടി ഉത്തരവ് നടപ്പാക്കിയാല്‍ ക്വാറികള്‍ പൂട്ടിപ്പോകുമെന്നാണ് സര്‍ക്കാരിൻ്റെ വാദം.
Trending News
ക്വാറികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പരിസ്ഥിതി ക്ലിയറന്‍സ് (ഇ.സി) നിര്‍ബന്ധമാക്കിയുള്ള ദേശീയ ഹരിത ട്രൈബ്യൂണലിൻ്റെ (എന്‍.ജി.ടി) ഉത്തരവിനെതിരെ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്. പാട്ടക്കരാര്‍ തീരുന്ന പാറമടകള്‍ക്ക് പരിസ്ഥിതി ക്ലിയറന്‍സ് ഇല്ലാതെ തുടര്‍പ്രവര്‍ത്തനം നടത്താനാവില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
Also Read
മേയ് 27ലെ എന്‍.ജി.ടി ഉത്തരവനുസരിച്ച് 2016 ജനുവരി 15ന് ശേഷം പാട്ടക്കാലാവധി തീരുന്നതു വരെ മാത്രമേ ക്വാറികള്‍ പ്രവര്‍ത്തിക്കാവൂ എന്നും അതുകഴിഞ്ഞാല്‍ അനധികൃത ഖനനമായിരിക്കുമെന്നും ഉത്പന്നത്തിനു പരിസ്ഥിതി നഷ്ടപരിഹാരം ഈടാക്കണമെന്നും നിര്‍ദേശിച്ചിരുന്നു.
ഇതു ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിൻ്റെ നിയമോപദേശം തേടിയിരിക്കുകയാണ്. നിര്‍മാണമേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് എന്‍.ജി.ടി ഉത്തരവിനെതിരേ അപ്പീല്‍ നല്‍കുന്നത്. അഞ്ചു ഹെക്ടറില്‍ കൂടുതലുള്ള ക്വാറികള്‍ക്ക് പരിസ്ഥിതി ക്ലിയറന്‍സ് വേണമെന്ന എന്‍.ജി.ടി ഉത്തരവ് നടപ്പാക്കിയാല്‍ ക്വാറികള്‍ പൂട്ടിപ്പോകുമെന്നാണ് സര്‍ക്കാരിൻ്റെ വാദം.
2016 ജനുവരി 15ന് ശേഷം പ്രവര്‍ത്തിക്കണമെങ്കില്‍ പരിസ്ഥിതി ക്ലിയറന്‍സ് വാങ്ങണമെന്നും നാല് മാസത്തിനകം ഉത്തരവ് നടപ്പാക്കാനുമായിരുന്നു എന്‍ജിടി നിര്‍ദേശം. 2016ന് മുമ്പുള്ള ക്വാറികള്‍ക്ക് ലൈസന്‍സ് പുതുക്കുമ്പോഴേ ഇസി ആവശ്യമുള്ളൂ എന്നും ഇപ്പോള്‍ വേണ്ടെന്നുമാണ് സര്‍ക്കാരിൻ്റെ വാദം.
പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്ന് ഇ.സി ലഭിക്കാന്‍ നൂലാമാലകള്‍ ഏറെയാണ്. അതിനാല്‍ ക്വാറികളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത് അനന്തമായി നീണ്ടുപോകും. ക്വാറികള്‍ക്ക് വീണ്ടും ഇ.സി എടുക്കുന്നത് അസാധ്യമാണ്. ഇത് സംസ്ഥാനത്തെ നിര്‍മാണമേഖലയെ പ്രതികൂലമായി ബാധിക്കും. പൊതു- സ്വകാര്യ മേഖലയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കും.
കേരളത്തില്‍ അഞ്ച് ഹെക്ടറില്‍ താഴെയാണ് പാറഖനനം നടക്കുന്നത്. ഇവയ്ക്കു പരിസ്ഥിതി അനുമതി ലഭിക്കാന്‍ കാലതാമസമെടുക്കും. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന 2300 പാറമടകളില്‍ നൂറെണ്ണത്തിനു മാത്രമാണു കൃത്യമായ രേഖകളുള്ളത്. അതിനാല്‍ എന്‍.ജി.ടിയുടെ ഉത്തരവില്‍ സമയം നീട്ടി ചോദിച്ച് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി പരമാവധി ക്വാറികള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കാനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്.
Sorry, there was a YouTube error.