Categories
channelrb special Kerala news

വര്‍ഗീയതയുടെ വിത്തിട്ട് ഭിന്നിപ്പിക്കാനുള്ള ബി.ജെ.പി ശ്രമത്തിന് ദൂരദര്‍ശന്‍ കൂട്ടുനില്‍ക്കരുത്; ‘ദി കേരള സ്റ്റോറി’ പ്രദര്‍ശത്തിന് എതിരെ സി.പി.ഐ.എം

കമ്മ്യൂണിസ്റ്റ് പാര്‍ടികളേയും, നേതാക്കളേയും മോശമായി ചിത്രീകരിക്കുന്ന സിനിമ, കേരളം തീവ്രവാദികളുടെ പറുദീസയാണെന്ന സംഘപരിവാറിൻ്റെ കള്ളപ്രചാരവേല

വിവാദമായ ദി കേരള സ്റ്റോറിയെന്ന ചിത്രം ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കുന്നതിന് എതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം. കേരളത്തില്‍ മതവര്‍ഗീയതയുടെ വിത്തിട്ട് ഭിന്നിപ്പിക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണ് സിനിമയെന്ന് സി.പി.ഐ.എം ആരോപിച്ചു. അതിന് ദൂരദര്‍ശന്‍ കൂട്ടുനില്‍ക്കരുത്. കേരളം തീവ്രവാദികളുടെ പറുദീസയാണെന്ന സംഘപരിവാറിൻ്റെ കള്ളപ്രചാര വേല ദൂരദര്‍ശന്‍ ഏറ്റെടുക്കരുതെന്നും സി.പി.ഐ.എം പ്രസ്‌താവനയിലൂടെ അറിയിച്ചു.

ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ബി.ജെ.പി നീക്കത്തിൻ്റെ ഭാഗമായാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നതെന്നാണ് സി.പി.ഐ.എമ്മിൻ്റെ ആരോപണം. നീക്കത്തില്‍ നിന്നും ദൂരദര്‍ശന്‍ പിന്മാറണമെന്നും ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്നും 32000 സ്ത്രീകള്‍ മതംമാറി മതതീവ്രവാദത്തിന് പോയെന്ന പച്ചക്കള്ളമാണ് സിനിമ മുന്നോട്ടു വയ്ക്കുന്നതെന്നും സി.പി.ഐ.എം വിമര്‍ശിച്ചു.

സി.പി.ഐ.എം പ്രസ്‌താവനയുടെ പൂര്‍ണരൂപം:

കേരളത്തിലെ ജനങ്ങളെയാകെ അധിക്ഷേപിക്കുന്ന കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് ദൂരദര്‍ശന്‍ പിന്മാറണം. വ്യത്യസ്ത മതവിഭാഗങ്ങള്‍ സൗഹാര്‍ദത്തോടെ കഴിഞ്ഞുവരുന്ന കേരളത്തില്‍ മത വര്‍ഗീയതയുടെ വിത്തിട്ട് ഭിന്നിപ്പുണ്ടാക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തിന് ദൂരദര്‍ശന്‍ പോലുള്ള പൊതുമേഖലാ മാധ്യമ സ്ഥാപനം കൂട്ടുനില്‍ക്കരുത്. ഏപ്രില്‍ അഞ്ചിന് വെള്ളിയാഴ്‌ച രാത്രി എട്ട് മണിക്ക് ചിത്രം സംപ്രേഷണം ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്.

ഇത് കേരളത്തോടുള്ള വെല്ലുവിളിയാണ്. ചിത്രം ഇറങ്ങിയ കാലത്ത് തന്നെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വന്നതാണ്. ട്രെയിലറില്‍ ‘32,000 സ്ത്രീകള്‍’ മതം മാറി തീവ്രവാദ പ്രവര്‍ത്തനത്തിന് പോയി എന്ന പച്ചക്കള്ളം പ്രചരിപ്പിച്ച ഘട്ടത്തില്‍ തന്നെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നതാണ്.

അധിക്ഷേപകരമായ പത്ത് രംഗങ്ങള്‍ ഒഴിവാക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ് തന്നെ നിര്‍ദേശിച്ച ചിത്രമാണിത്. കമ്മ്യൂണിസ്റ്റ് പാര്‍ടികളേയും, നേതാക്കളേയും മോശമായി ചിത്രീകരിക്കുന്ന സിനിമ, കേരളം തീവ്രവാദികളുടെ പറുദീസയാണെന്ന സംഘപരിവാറിൻ്റെ കള്ളപ്രചാരവേല ഏറ്റെടുക്കുകയാണ് ചെയ്യുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തവേളയില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ബി.ജെ.പിയുടെ നീക്കമാണ് പെട്ടെന്ന് സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് പിന്നിലുള്ളത്. ഒരു മണ്ഡലത്തിലും ബി.ജെ.പിക്ക് മുന്നേറാനായിട്ടില്ലെന്ന യാഥാര്‍ത്ഥ്യവുമുണ്ട്. ആ സാഹചര്യത്തിലാണ് വര്‍ഗ്ഗീയ വിഷം ചീറ്റുന്ന സിനിമ പ്രദര്‍ശനവുമായി ദൂരദര്‍ശന്‍ മുന്നോട്ടു വരുന്നത്. അത്തരം നീക്കങ്ങളെ മതനിരപേക്ഷ കേരളം ജാഗ്രതയോടെ പ്രതിരോധിക്കും.

Courtesy:News24Malayalam

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest