Categories
Kerala news

‘ഇ.പി ജയരാജനെ മാത്രമല്ല, കേരളത്തിലെ എല്ലാ കോണ്‍ഗ്രസ് എം.പിമാരെയും കണ്ടിരുന്നു’; അടുത്ത വെടി പൊട്ടിച്ച്‌ പ്രകാശ് ജാവദേക്കര്‍

കേരളത്തില്‍ പുതിയൊരു രാഷ്ട്രീയ വിവാദത്തിന് കൂടി തിരി കൊളുത്താൻ

തിരുവനന്തപുരം: നേതാക്കളുടെ ബി.ജെ.പി പ്രവേശവും അതുമായി ബന്ധപ്പെട്ട ചർച്ചകളും കൊഴുക്കുന്നതിനിടെ കോണ്‍ഗ്രസിനെ വെട്ടിലാക്കി മുതിർന്ന ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുടെ വെളിപ്പെടുത്തല്‍.

കേരളത്തില്‍ ഇ.പി ജയരാജനെ മാത്രമല്ല കണ്ടതെന്നും എല്ലാ കോണ്‍ഗ്രസ് എം.പിമാരെയും താൻ കണ്ടിരുന്നുവെന്നും ജാവദേക്കർ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കേരളത്തിൻ്റെ ചുമതലയുള്ള ബി.ജെ.പി നേതാവ് എന്ന നിലയിലാണ് പ്രകാശ് ജാവദേക്കർ ഇവിടെ എത്തുന്നത്. ഈ സമയത്ത് താൻ സി.പി.എം, സി.പി.ഐ നേതാക്കളുമായും കോണ്‍ഗ്രസ് എം.പിമാരുമായും കൂടിക്കാഴ്‌ച നടത്തിയെന്നാണ് ജാവദേക്കർ അവകാശപ്പെടുന്നത്. കേരളത്തില്‍ സി.പി.എമ്മിന് ഒരു എം.പി മാത്രമാണുള്ളതെന്ന് പറഞ്ഞ ജാവദേക്കർ ബാക്കിയുള്ളവരെ കണ്ടിരുന്നു എന്നും വ്യക്തമാക്കി.

രാഷ്ട്രീയ നേതാക്കള്‍ പരസ്‌പരം നടത്തുന്ന കൂടിക്കാഴ്‌ചകളില്‍ എന്ത് തെറ്റാണ് ഉള്ളതെന്നും മുൻ കേന്ദ്രമന്ത്രി കൂടിയായ ജാവദേക്കർ ചോദിക്കുകയുണ്ടായി. എന്നാല്‍ ഇ.പി ജയരാജനുമായുള്ള കൂടിക്കാഴ്‌ചയെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. ആ വിഷയം ലോക്‌സഭാ തിരഞ്ഞെടുപ്പോട് കൂടി അവസാനിച്ചു എന്നായിരുന്നു ജാവദേക്കറുടെ മറുപടി.

അതേസമയം, കേരളത്തില്‍ പുതിയൊരു രാഷ്ട്രീയ വിവാദത്തിന് കൂടി തിരി കൊളുത്താൻ കെല്‍പ്പുള്ളതാണ് ജാവദേക്കറുടെ ഈ വെളിപ്പെടുത്തല്‍. പ്രത്യേകിച്ച്‌ കഴിഞ്ഞ ദിവസങ്ങളില്‍ ഇ.പി ജയരാജൻ ജാവദേക്കറിനെ കണ്ട കാര്യം വലിയ രീതിയില്‍ കോണ്‍ഗ്രസ് വിമർശന വിധേയമാക്കുകയും അതിൻ്റെ പേരില്‍ സി.പി.എമ്മിനെ ഉള്‍പ്പെടെ കുറ്റപ്പെടുത്തുകയും ഒക്കെ ചെയ്‌ത സാഹചര്യത്തില്‍.

ഇതിൻ്റെ അലയൊലികള്‍ അടങ്ങും മുമ്പാണ് കോണ്‍ഗ്രസ് എം.പിമാരെയും താൻ കണ്ടിരുന്നെന്ന് ജാവദേക്കർ വെളിപ്പെടുത്തുന്നത്. എന്നാല്‍ ആരൊക്കെയാണ് ഇതില്‍ ഉള്ളതെന്ന കാര്യം ജാവദേക്കർ പേരെടുത്ത് പറഞ്ഞിട്ടില്ല. ജയരാജൻ വിവാദത്തില്‍ പ്രതിരോധത്തിലായ സി.പി.എമ്മിന് ഈ തുറന്നു പറച്ചില്‍ പിടിവള്ളിയാകും എന്നുറപ്പാണ്.

നേരത്തെ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് ഇ.പി ജയരാജൻ സി.പി.എം വിട്ട് ബി.ജെ.പിയിലേക്ക് പോവുമെന്ന മുന്നറിയിപ്പുമായി കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ രംഗത്ത് വന്നത്. അതിന് മുന്നോടിയായി ശോഭ സുരേന്ദ്രനുമായി ഇ.പി ചർച്ച നടത്തിയെന്നും സുധാകരൻ ആരോപിച്ചിരുന്നു.

എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച ഇ.പി ആവട്ടെ പ്രകാശ് ജാവദേക്കറെ കണ്ടെന്ന കാര്യം വ്യക്തമാക്കുകയും ചെയ്‌തിരുന്നു. കൂടിക്കാഴ്‌ചയ്ക്ക് സാക്ഷിയായി ദല്ലാള്‍ നന്ദകുമാർ കൂടെ ഉണ്ടായിരുന്നുവന്നും ഇ.പി ജയരാജൻ സമ്മതിച്ചു. ഇതോടെ കോണ്‍ഗ്രസ് വലിയ പ്രതിഷേധമാണ് ഉയർത്തിയത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest