Categories
local news tourism

ഉല്ലാസയാത്ര ഇനി ആനവണ്ടിയില്‍ ; കെ.എസ്.ആര്‍.ടി.സി ഉല്ലാസയാത്ര ഇനി കാസർകോട് ജില്ലയിലും

കണ്ണൂര്‍ ജില്ലയിലെ സ്നേക്ക് പാര്‍ക്ക്, വിസ്മയ പാര്‍ക്ക്, പറശ്ശിനിക്കടവ്, മാടായിപ്പാറ, എന്നീ സ്ഥലങ്ങള്‍ ഏര്‍പ്പെടുത്തിയാണ് യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്.

കാസർകോട്: കെ.എസ്.ആര്‍.ടി.സി വിനോദസഞ്ചാരികള്‍ക്കായി ഒരുക്കുന്ന പകല്‍സഞ്ചാരപദ്ധതിയായ ഉല്ലാസയാത്ര ഇനി കാസര്‍കോട് ജില്ലയിലും. ടൂറിസം വികസനവും കെ.എസ്.ആര്‍.ടി.സിയുടെ ടിക്കറ്റേതിര വരുമാനം വര്‍ധിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് ഉല്ലാസയാത്ര പദ്ധതി ആരംഭിച്ചത്. കെ.എസ്.ആര്‍.ടി.സിയുടെ ബഡ്ജറ്റ് ടൂറിസവുമായി ബന്ധപ്പെട്ട കാസര്‍കോട് യൂണിറ്റില്‍ നിന്നുള്ള കന്നിയാത്ര ഫെബ്രുവരി 18 ന് കണ്ണൂരിലേക്ക് പുറപ്പെടും.

കണ്ണൂര്‍ ജില്ലയിലെ സ്നേക്ക് പാര്‍ക്ക്, വിസ്മയ പാര്‍ക്ക്, പറശ്ശിനിക്കടവ്, മാടായിപ്പാറ, എന്നീ സ്ഥലങ്ങള്‍ ഏര്‍പ്പെടുത്തിയാണ് യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്. ഫെബ്രുവരി 25 ന് വയനാട്ടിലേക്കാണ് രണ്ടാമത്തെ ഉല്ലാസയാത്ര. രണ്ട് ദിവസമാണ് ഈ യാത്ര. ഒരു ദിവസം വയനാട്ടില്‍ താമസിച്ച് ജംഗിള്‍ സഫാരി, എടക്കല്‍ ഗുഹ, ബാണാസുരസാഗര്‍, കര്‍ളാട് ലേക്ക്, ഹെറിറ്റേജ് മ്യൂസിയം, പഴശ്ശി സ്മാരകം എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് തിരിച്ചു വരുന്ന തരത്തിലാണ് ഈ പാക്കേജ് ക്രമപ്പെടുത്തിയിരിക്കുന്നത്.

സാധാരണക്കാരായ വിനോദസഞ്ചാരികള്‍ക്ക് കുറഞ്ഞ ചെലവില്‍ കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കാണുവാനും സുരക്ഷിതവും സ്വതന്ത്രവുമായ യാത്രാനുഭവവുമാണ് കെ.എസ്.ആര്‍.ടി.സി വാഗ്ദാനം ചെയ്യുന്നത്. സഞ്ചാരികള്‍ക്ക് കുടുംബമായും കുട്ടികളുമായും ഈ യാത്രകളില്‍ പങ്കാളികളാകാം. ക്ലബ്ബുകള്‍, റസിഡന്‍സ് അസ്സോസിയേഷനുകള്‍, സര്‍ക്കാര്‍ പൊതുമേഖലയിലെ ജീവനക്കാര്‍ക്ക് ബസ് മുഴുവനായും ബുക്ക് ചെയ്ത് യാത്ര ചെയ്യാനുള്ള സൗകര്യം കെ.എസ്.ആര്‍.ടി.സി ഒരുക്കിയിട്ടുണ്ട്. രാവിലെ എട്ടുമുതല്‍ വൈകിട്ട് ആറുവരെയാണ് യാത്രാസമയം.

കെ.എസ്.ആര്‍.ടി.സി യുടെ ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കുവാന്‍ കേരളത്തിലുടനീളം ഡിപ്പോകളില്‍ ബഡ്ജറ്റ് ടൂറിസം പദ്ധതി രൂപീകരിക്കുകയും അതുവഴി ഉല്ലാസയാത്രകള്‍ (ടൂര്‍ ട്രിപ്പ്) സംഘടിപ്പിച്ച് കെ.എസ്.ആര്‍.ടി.സി വരുമാനം വര്‍ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ പ്രാദേശികമായി അറിയപ്പെടാത്ത സ്ഥലങ്ങള്‍ ടൂറിസം ഭൂപടത്തിലേക്ക് കൊണ്ടു വരുവാന്‍ ഈ ടൂറിസം യാത്രകള്‍ക്ക് സാധിക്കുന്നു. പദ്ധതി കേരളത്തിലുടനീളം വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് കാസര്‍കോട്് ഡിപ്പോയിലും ടൂറിസം ട്രിപ്പുകള്‍ ആരംഭിക്കുന്നത്. ഒപ്പം ജില്ലയിലെ സാധാരണക്കാര്‍ക്ക് ചെറിയനിരക്കില്‍ വിനോദസഞ്ചാര സൗകര്യം ലഭ്യമാകുന്നതും പദ്ധതിയുടെ പ്രത്യേകതയാണ്. റൂട്ട് ചാര്‍ജ് അറിയുന്നതിനും ബുക്കിംഗിനും മറ്റു വിവരങ്ങള്‍ക്കും ഫോണ്‍ 9495694525, 9446862282

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest