Categories
national news

‘ജനാധിപത്യം മതി, ധനാധിപത്യം വേണ്ട’; പണം ഒഴുക്കിയാല്‍ പണി കിട്ടും, ലോക്‌സഭ തിരഞ്ഞെടുപ്പ് സുതാര്യം ആക്കുന്നതിന് കര്‍ശന നടപടികള്‍, സംശയാസ്‌പദ ഇടപാടുകൾ റിപ്പോര്‍ട്ട് നല്‍കണമെന്ന് ബാങ്കുകള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിര്‍ദ്ദേശം

നോണ്‍- ഷെഡ്യൂള്‍ഡ് ചാര്‍ട്ടേഡ് ഫ്ലൈറ്റുകളും നിരീക്ഷിക്കും

ന്യൂഡല്‍ഹി: സംശയാസ്‌പദമായ ഇടപാടുകളെ സംബന്ധിച്ച്‌ റിപ്പോര്‍ട്ടുകള്‍ നല്‍കണമെന്ന് ബാങ്കുകള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിര്‍ദ്ദേശം. ലോക്‌സഭ തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിലാണ് കമ്മീഷന്‍ ഈ നിര്‍ദ്ദേശം നല്‍കിയത്. സംശയാസ്‌പദമായ ഇടപാടുകള്‍ സംബന്ധിച്ച്‌ എല്ലാ ബാങ്കുകളും പ്രതിദിന റിപ്പോർട്ടുകള്‍ നല്‍കണമെന്ന് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു.

നീതിയുക്തമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി പണാധിപത്യത്തിൻ്റെ ആഘാതം തടയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ പല തരത്തിലുള്ള പ്രശ്‌നങ്ങളാണുള്ളത്. അതുകൊണ്ട് തന്നെ പരിഹാര നടപടികളും വ്യത്യസ്തമായിരിക്കും. എൻ.പി.സി.ഐ, ജി.എസ്.ടി, ബാങ്കുകള്‍ തുടങ്ങിയവ വഴി ഇടപാടുകള്‍ നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മദ്യം, പണം, മയക്കുമരുന്ന് തുടങ്ങിയവയുടെ വരവും വിതരണവും തടയുന്നതിന് എന്‍ഫോഴ്‌സ്‌മെണ്ട് ഏജന്‍സികള്‍ പ്രവര്‍ത്തിക്കും. അനധികൃത ഓണ്‍ലൈന്‍ പണമിടപാടില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും. സൂര്യാസ്‌തമയത്തിന് ശേഷം ബാങ്കിൻ്റെ വാഹനങ്ങളില്‍ പണം കൊണ്ടുപോകരുതെന്നും നിര്‍ദ്ദേശമുണ്ട്.

നോണ്‍- ഷെഡ്യൂള്‍ഡ് ചാര്‍ട്ടേഡ് ഫ്ലൈറ്റുകളും നിരീക്ഷിക്കും. എല്ലാ എൻഫോഴ്‌സ്‌മെണ്ട് ഏജൻസികളുടെയും സഹായത്തോടെ തിരഞ്ഞെടുപ്പ് സമയത്ത് പണം ദുരുപയോഗം ചെയ്യുന്നത് നിയന്ത്രിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest