Categories
national news trending

ശ്രീരാമനായും മോദിയായും വരും ബി.ജെ.പി സ്ഥാനാർത്ഥി; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാമനായി ചിത്രീകരിച്ചാണ് ഉത്തരേന്ത്യൻ ഗ്രാമ പ്രദേശങ്ങളിൽ പ്രചരണം നടത്തുന്നത്

യാത്രയ്ക്കിടയിലും മറ്റും കാലിൽ വീണ് തൊഴുന്ന വിശ്വാസികൾ ഇപ്പോഴുമുണ്ട്

അയോധ്യയും ശ്രീരാമനും ഇന്ത്യൻ രാഷ്ട്രീയവും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. വാത്മീകി രചിച്ച രാമായണത്തിലെ രാമൻ മര്യാദ പുരുഷോത്തമനും പ്രജകൾക്ക് വേണ്ടി സ്വന്തം ഭാര്യയെ പോലും ഉപേക്ഷിക്കാൻ തയ്യാറായ വ്യക്തിയുമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാമനായി ചിത്രീകരിച്ചാണ് ഉത്തരേന്ത്യയിൽ ഗ്രാമപ്രദേശങ്ങളിൽ പ്രചരണം നടത്തുന്നത്. അയോധ്യയിൽ ജനുവരിയിൽ നടന്ന പ്രാണപ്രതിഷ്ഠയോടെ വോട്ട് രാഷ്ട്രീയത്തിൽ രാമൻ്റെ സ്വാധീനം ഒന്നൂടെ ഊട്ടി ഉറപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ അവസരം മുതലെടുത്ത് ബി.ജെ.പി ആകട്ടെ രാമായണം സീരിയൽ താരത്തെയും സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

1987 -88 കാലഘട്ടത്തിൽ ദൂരദർശനിൽ പ്രദർശിപ്പിച്ച രാമായണം സീരിയലിൽ രാമനായി വേഷമിട്ട അരുൺ ഗോവിലാണ് ഉത്തർപ്രദേശിലെ മീററ്റിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. മുമ്പ് ഇതേ സീരിയലിൽ സീതയായി അഭിനയിച്ച ദീപിക ചിഖാലിയ വഡോദരയിൽ നിന്നും രാവണനായി വേഷമിട്ട അരവിന്ദ് ത്രിവേദി സബർകാന്തയിൽ നിന്നും ബി.ജെ.പി ടിക്കറ്റിൽ വിജയിച്ചിട്ടുണ്ട്.

രാമാനന്ദ് സാഗറിൻ്റെ രാമായണത്തിലെ രാമൻ്റെ വേഷത്തിൽ ആദ്യം ഗോവിലിനെ പരിഗണിച്ചിരുന്നില്ല. പിന്നീട് അദ്ദേഹത്തിലേക്ക് തന്നെ ആ വേഷം എത്തിച്ചേരുകയായിരുന്നു. വിക്രമനും വേതാളവും പോലെയുള്ള സീരിയലുകളിലും ഒട്ടേറെ സിനിമകളിലും ഗോവിൽ അഭിനയിച്ചിട്ടുണ്ട്. രാമനെപ്പോലെ മര്യാദ പുരുഷോത്തമൻ ആയ കഥാപാത്രമായി അഭിനയിച്ച സിനിമകളൊക്കെ വിജയിച്ചു. അല്ലാത്തവയെ ആരാധകർ കൈവിട്ടു. അഭിനയരംഗത്ത് എന്നും രാമൻ്റെ നിഴലിലായിരുന്നു ഗോവിൽ. ഒരേപോലെയുള്ള കഥാപാത്രങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയത്.

സ്വകാര്യ ജീവിതത്തിലും അദ്ദേഹത്തിന് മേൽ ആരാധകരുടെയും വിശ്വാസികളുടെയും കടന്നുകയറ്റം നേരിടേണ്ടി വന്നിട്ടുണ്ട്. സിഗരറ്റുവലി പോലെയുള്ള ശീലങ്ങളും ഇതുകാരണം ഉപേക്ഷിക്കേണ്ടി വന്നതായി ഗോവിൽ തന്നെ പറഞ്ഞിട്ടുണ്ട്. യാത്രയ്ക്കിടയിലും മറ്റും കാലിൽ വീണ് തൊഴുന്ന വിശ്വാസികൾ ഇപ്പോഴുമുണ്ട്. അടുത്തിടെ അത്തരത്തിലൊരു വീഡിയോ വൈറലായിരുന്നു. അക്ഷയ് കുമാറിനൊപ്പം ഒ.എം.ജി 2ൽ ശ്രദ്ധേയ വേഷം ചെയ്‌തിരുന്നു. എന്നാഷ ആർട്ടിക്കിൾ 370ൽ നരേന്ദ്ര മോദിയായി വേഷമിട്ടതാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

ഗോവിലിൻ്റെ ജന്മനാടാണ് മീററ്റ്. ഉത്തർപ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളിൽ 62ഉം നേടിയാണ് 2019ൽ ബി.ജെ.പി അധികാരത്തിലേറിയത്. ഇത്തവണ സീറ്റ് വർദ്ധിപ്പിക്കുക എന്ന ഉദ്ദേശം മാത്രമാണ് ബി.ജെ.പിക്കുള്ളത്. തെരഞ്ഞെടുപ്പിൽ നിർണായകമായ പടിഞ്ഞാറൻ ഉത്തർപ്രദേശ് മേഖലയിൽ തന്നെ ഗോവിലിനെ മത്സരിപ്പിക്കുന്നതിന് പിന്നിലുള്ള കാരണവും അതുതന്നെ. 2009 മുതൽ തുടർച്ചയായി മൂന്ന് തവണ മീററ്റിൽ നിന്ന് വിജയിച്ച സിറ്റിംഗ് എം.പി രാജേന്ദ്ര അഗർവാളിനെ ഒഴിവാക്കിയാണ് ബി.ജെ.പി ഗോവിലിന് ടിക്കറ്റ് നൽകിയത്.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 4,729 വോട്ടിൻ്റെ നേരിയ വ്യത്യാസത്തിലാണ് അഗർവാൾ ബി.എസ്‌.പിയുടെ ഹാജി യാക്കൂബ് ഖുറേഷിയെ പരാജയപ്പെടുത്തിയത്. എന്നാൽ 2014ലെ തെരഞ്ഞെടുപ്പിൽ ബി.എസ്‌.പിയുടെ മുഹമ്മദ് ഷാഹിദ് അഖ്‌ലക്കിനെ പരാജയപ്പെടുത്തിയപ്പോൾ 2.32 ലക്ഷത്തിലേറെ ആയിരുന്നു അദ്ദേഹത്തിൻ്റെ വിജയമാർജിൻ. ഗോവിലിനെ മത്സരിപ്പിച്ചാൽ ഭൂരിപക്ഷം ഇതിലും വർദ്ധിപ്പിക്കാം എന്നതാണ് പാർട്ടി കണക്കുകൂട്ടൽ.

ഇന്ത്യാ സഖ്യം വിട്ട് ബി.ജെ.പിയിലെത്തിയ ജയന്ത് ചൗധരിയുടെ ആർ.എൽ.ഡിക്ക് യു.പിയുടെ പടിഞ്ഞാറൻ മേഖലയിൽ വലിയ സ്വാധീനമാണുള്ളത്. ബാഗ്പത്, ബിജ്നോർ സീറ്റുകളാണ് ആർ.എൽ.ഡിക്ക് ബി.ജെ.പി നൽകിയത്. ജനുവരി 22ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അയോധ്യയിൽ നടത്തിയ പ്രാണ പ്രതിഷ്ഠയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ തുറുപ്പുചീട്ട്.

മീററ്റിലെ ഗോവിലിൻ്റെ സ്ഥാനാർഥിത്വം ബി.ജെ.പിയുടെ ഈ അജണ്ട തുറന്നു കാട്ടുന്നതാണ്. ശ്രീരാമൻ്റെ പേരിൽ വോട്ട് ചോദിക്കുന്ന ബി.ജെ.പിയെ പ്രതിരോധിക്കാൻ കോൺഗ്രസിൻ്റെയോ ഇന്ത്യാ മുന്നണിയുടേയോ ആവനാഴിയിൽ അസ്ത്രങ്ങളൊന്നും തന്നെയില്ല എന്നതാണ് യാഥാർഥ്യം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest