Categories
articles business national news

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ പാലം നാടിന് സമർപ്പിച്ചു; ഭഗവദ് ഗീതയിലെ ശ്ലോകങ്ങളാൽ അലങ്കരിച്ച നടപ്പാതയും ഇരുവശങ്ങളിൽ ശ്രീകൃഷ്ണൻ്റെ ചിത്രങ്ങളും ഉൾക്കൊള്ളുന്ന സവിശേഷമായ രൂപകൽപ്പന; ചെലവഴിച്ചത് 979 കോടി

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു

ഗാന്ധിന​ഗർ: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ പാലം ‘സുദർശൻ സേതു’ ഗുജറാത്തിലെ ദ്വാരകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഓഖയെയും ബെയ്റ്റ് ദ്വാരക ദ്വീപിനെയും ബന്ധിപ്പിക്കുന്ന ‘സുദർശൻ സേതു’ 979 കോടി രൂപ ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്. 2017 ഒക്ടോബറിലാണ് 2.3 കിലോമീറ്റർ നീളമുള്ള പാലത്തിൻ്റെ തറക്കല്ലിട്ടത്. ഈ പാലം പഴയതും പുതിയതുമായ ദ്വാരകയെ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി പ്രവർത്തിക്കുമെന്ന് മോദി പറഞ്ഞു.

27.20 മീറ്റർ വീതിയുള്ള നാലുവരിപ്പാത പാലത്തിന് ഇരുവശങ്ങളിലും 2.50 മീറ്റർ വീതിയുള്ള നടപ്പാതകളാണുള്ളത്. ഭഗവദ് ഗീതയിലെ ശ്ലോകങ്ങളാൽ അലങ്കരിച്ച നടപ്പാതയും ഇരുവശങ്ങളിൽ ശ്രീകൃഷ്ണൻ്റെ ചിത്രങ്ങളും ഉൾക്കൊള്ളുന്ന സവിശേഷമായ രൂപകൽപ്പനയാണ് ‘സുദർശൻ സേതു’ പാലത്തിൻ്റേത്. ശ്രീകൃഷ്ണൻ്റെ പ്രശസ്തമായ ദ്വാരകാധീഷ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന ദ്വാരക പട്ടണത്തിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള ഓഖ തുറമുഖത്തിനടുത്തുള്ള ഒരു ദ്വീപാണ് ബെയ്റ്റ് ദ്വാരക. മോദി ദ്വാരകാധീഷ് ക്ഷേത്രത്തിലും പ്രാർത്ഥന നടത്തും.

ഗുജറാത്തിലെ ആദ്യത്തെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) രാജ്കോട്ടിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. രാജ്‌കോട്ട് എയിംസിന് പുറമെ ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ പുതുതായി നിർമ്മിച്ച മറ്റ് നാല് എയിംസുകളും പ്രധാനമന്ത്രി നാടിന് സമർപ്പിക്കും. രാജ്‌കോട്ടിലേത് ഉൾപ്പെടെ അഞ്ച് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ 6,300 കോടി രൂപ ചെലവിലാണ് കേന്ദ്രം നിർമ്മിച്ചത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *