Categories
articles news

രാജ്യമാകെ കോവിഡ് കേസുകൾ വ്യാപകമായി പടരുന്നതിനിടെ രാമക്ഷേത്ര നിർമ്മാണവുമായി മോദി സർക്കാർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്. അതേസമയം പ്രധാനമന്ത്രി പങ്കെടുക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ) ഇതുവരെ സ്ഥിരീകരണം നല്‍കിയിട്ടില്ല.

രാജ്യമാകെ കോവിഡ് കേസുകൾ വ്യാപകമായി പടരുന്നതിനിടെ ഉത്തർപ്രദേശിലെ അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിനുള്ള ഒരുക്കങ്ങൾ ഊർജ്ജിതമാക്കി മോദി സർക്കാർ. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ രൂപീകരിച്ച ക്ഷേത്ര നിർമ്മാണ ട്രസ്റ്റിന്‍റെ ആദ്യ യോഗം കഴിഞ്ഞ ദിവസം ചേർന്നിരുന്നു. 50ലധികം വി.ഐ.പികള്‍ ചടങ്ങില്‍ പങ്കെടുക്കും. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിക്കുമെന്നാണ് രാമക്ഷേത്ര ട്രസ്റ്റ് പറയുന്നത്. ഭീമന്‍ സി.സി.ടി.വി സ്ക്രീനുകളുണ്ടാകും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്. അതേസമയം പ്രധാനമന്ത്രി പങ്കെടുക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ) ഇതുവരെ സ്ഥിരീകരണം നല്‍കിയിട്ടില്ല. ബാബറി മസ്ജിദ് പൊളിച്ച കേസിലെ പ്രതികളും അയോധ്യയിലെ രാമജന്മഭൂമി പ്രസ്ഥാനത്തിന്‍റെ നേതാക്കളുമായ ബി.ജെ.പിയിലെ എല്‍. കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി, വിനയ് കത്യാര്‍, സാധ്വി ഋതംബര തുടങ്ങിയവരെ പരിപാടിയിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.

ആര്‍എസ്എസ് സര്‍ സംഘചാലക് മോഹന്‍ ഭഗവതിനേയും വിളിച്ചിട്ടുണ്ട്. ഓഗസ്റ്റ് അഞ്ചിന് നിര്‍മ്മാണം തുടങ്ങിയേക്കാമെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ച്ചില്‍ ശ്രീരാമന്‍റെ പുതിയൊരു പ്രതിമ യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ എല്ലാ കോവിഡ് മാനദണ്ഡങ്ങളും അവഗണിച്ചുള്ള യോഗിയുടെ പരിപാടി വലിയ വിവാദമായിരുന്നു. ഉത്തർപ്രദേശിൽ 49247 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1146 പേർ മരിച്ചു.

ബാബറി മസ്ജിദ് നിലനിന്നിരുന്നത് അടക്കമുള്ള അയോധ്യയിലെ ഭൂമി ഹിന്ദു ക്ഷേത്ര നിര്‍മ്മാണത്തിനായി വിട്ടുനല്‍കാനും മുസ്‌ലിങ്ങള്‍ക്ക് പള്ളി നിര്‍മ്മിക്കാന്‍ അയോധ്യയില്‍ അഞ്ചേക്കര്‍ സ്ഥലം നല്‍കാനുമാണ് സുപ്രീം കോടതി 2019 നവംബറില്‍ വിധിച്ചത്. അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആണ് ഇത്തരത്തില്‍ വിധിച്ചത്. വിധി വലിയ തോതിൽ ചർച്ച ചെയ്യപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്തിരുന്നു.

ബാബറി മസ്ജിദ് തകർത്തത് ക്രിമിനൽ പ്രവൃത്തിയാണെന്ന് വിധിന്യായത്തിൽ പറയുന്നു. ബാബറി മസ്ജിദ് തകർത്ത കേസ് ഇപ്പോളും കോടതിയുടെ പരിഗണനയിലാണ്. കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് അദ്വാനിയും ജോഷിയും നൽകിയ ഹർജി തള്ളിയ കോടതി ഇവർ വിചാരണ നേരിടണമെന്ന് വ്യക്തമാക്കിയിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest