Categories
articles channelrb special local news news

നാട്ടുകാരുടെ വികാരം നേതൃത്വം മനസ്സിലാക്കിയില്ല; പഞ്ചായത്ത് പ്രസിഡണ്ട് മോഹവുമായി രംഗത്തിറങ്ങിയ നേതാവിനെ തോൽപിക്കുമെന്ന് ഒരുവിഭാഗം; മുസ്‌ലിം ലീഗിന് സിറ്റിംഗ് സീറ്റ് നഷ്ടപ്പെടാൻ സാധ്യത

കഴിഞ്ഞ ദിവസം സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായതോടെ വാർഡിൽ എത്തിയെ സ്ഥാനാർത്ഥിയെ ഭൂരിഭാഗം ലീഗ് പ്രവർത്തകരും പ്രതിഷേധം അറിയിച്ച് തിരിച്ചയച്ചിരുന്നു.

ഇലക്ഷൻ സ്‌പെഷ്യൽ

ചെർക്കള( കാസർകോട്) : മുസ്‌ലിം ലീഗിന് സ്വാധീനമുള്ള ചെങ്കള ഗ്രാമ പഞ്ചായത്തിൽ സ്ഥാനാർത്ഥി നിർണയത്തിൽ പക്ഷം പിടിച്ചതായി ആരോപണം. കഴിഞ്ഞ 20 വർഷമായി മുസ്‌ലിം ലീഗിന്‍റെ ഉരുക്ക് കോട്ടയായ നാരമ്പാടിയും പരിസര പ്രദേശങ്ങളും ചേർന്ന അഞ്ചാം വാർഡ് ഈ തെരഞ്ഞടുപ്പിൽ നഷ്ട്പെടാനാണ് സാധ്യത. 2000 ൽ നടന്ന തെരഞ്ഞടുപ്പിൽ പി.ബി അബ്ദുൽ റസാഖ് മത്സരിച്ച് ഇടതുകൈകളിൽ നിന്നും തിരിച്ചു പിടിച്ച സീറ്റാണ് അഞ്ചാം വാർഡ്. നിലവിൽ വി.ഐ.പി വാർഡ് എന്നറിയപ്പെടുന്ന പ്രസിഡണ്ട് വാർഡ് കൂടിയാണ് ആഭ്യന്തര പ്രശ്നങ്ങൾ കാരണം ലീഗിന് നഷ്ട്ടപ്പെടുന്ന സാഹചര്യത്തിൽ എത്തിനിൽക്കുന്നത്.

സ്ഥാനാർത്ഥി നിർണയത്തിൽ ജന വികാരം മാനിക്കണമെന്നും സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ സ്വന്തം വാർഡിൽ നിന്നുള്ളവർക്ക് പ്രാധാന്യം നൽകണമെന്നും ലീഗിലെ മുതിർന്ന നേതാക്കൾ പാർട്ടി നേതൃത്വത്തെ മാസങ്ങൾക്ക് മുമ്പേ ധരിപ്പിച്ചിരുന്നു. എന്നാൽ അത് ഉൾക്കൊള്ളാതെയാണ് ഏകപക്ഷിയ നിലപാട് പാർട്ടി ജില്ലാ നേതൃത്വവും പാർലമെന്ററി ബോർഡ് അംഗങ്ങളും കഴിഞ്ഞ ദിവസം കൈകൊണ്ടത്.

കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിലും അഞ്ചാം വാർഡിൽ മത്സരിക്കുന്നത് വാർഡിന് പുറത്തുള്ളവരാണ്. ഇതിന് ഒരു മാറ്റം കൊണ്ടുവരാനാണ് മുസ്‌ലിം ലീഗിലെ ഭൂരിഭാഗം ആളുകൾ ആഗ്രഹിച്ചത്. ഇത് മറികടന്നും ഈ തെരഞ്ഞെടുപ്പിലും പുറത്തുനിന്നുള്ള വ്യക്തിയെ കൊണ്ടുവന്നതിലാണ് ലീഗിൽ പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്. മാത്രവുമല്ല പ്രസിഡന്റ് സ്ഥാനാർത്ഥിയായി പുറത്തുനിന്നുള്ളവരെ പാർട്ടി പരിഗണിക്കുബോൾ എല്ലാവർക്കും സ്വീകാര്യനായ വ്യക്തിയെ പരിഗണിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ഇതും ജില്ലാ നേതൃത്വം ചെവിക്കൊണ്ടില്ല. ലീഗ് പഞ്ചായത്ത് സെക്രട്ടറിയെ അടക്കം മുതിർന്ന നേതാക്കളെ നേതൃത്വം പറഞ്ഞു പറ്റിച്ചു. ഇത് തിരിച്ചറിഞ്ഞതോടെയാണ് ഭൂരിഭാഗം ലീഗ് പ്രവർത്തകരും നേതാക്കളും പാർട്ടിയോടുള്ള പ്രതിഷേധം അറിയിച്ചത്.

കഴിഞ്ഞ ദിവസം സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായതോടെ വാർഡിൽ എത്തിയെ സ്ഥാനാർത്ഥിയെ ഭൂരിഭാഗം ലീഗ് പ്രവർത്തകരും പ്രതിഷേധം അറിയിച്ച് തിരിച്ചയച്ചിരുന്നു. പാർട്ടി പഞ്ചായത്ത് സെക്രട്ടറിയുടെ വീട്ടിൽ എത്തിയതായിരുന്നു സ്ഥാനാർത്ഥി. മുസ്‌ലിം ലീഗിലെ സജീവ പ്രവർത്തകർ തന്നെയാണ് തടഞ്ഞു നിർത്തി തിരിച്ചയച്ചത്. അതിന് ശേഷം വ്യാഴായ്ച്ച രാവിലെ നാമനിർദേശ പത്രിക നൽകാൻ പോകുന്നതിന് മുന്നോടിയായി പാർട്ടി ഓഫീസിൽ എത്തിയ സ്ഥാനാർത്ഥിയെ അനുഗ്രഹിക്കാനും അനുഗമിക്കാനും ക്ഷണിച്ചിട്ടും വാർഡിലെ മുതിർന്ന നേതാക്കൾ എത്തിയില്ല എന്നതും ലീഗിന് തലവേദനയായിട്ടുണ്ട്.

മുസ്‌ലിം ലീഗിലെ അതൃപ്തി മനസ്സിലാക്കിയ ഇടതു മുന്നണി സ്വതന്ത്ര സ്ഥാനാർത്ഥിയെയാണ് ഇത്തവണ അഞ്ചാം വാർഡിൽ രംഗത്തിറക്കിയിരിക്കുന്നത്. നാരമ്പാടി നിവാസിയായ സി.കെ ലത്തീഫ് നാരമ്പാടിയാണ് ഇടത് സ്വതന്ത്രൻ. അഞ്ചാം വാർഡിൽ നിന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയായി ഇത്തവണ ജനവിധി തേടുന്നത് മുസ്‌ലിം ലീഗ് നേതാവ് കൂടിയായ അബ്ദുല്ല കുഞ്ഞി ചേർക്കളയാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest