Categories
Kerala news tourism

തലശ്ശേരി- മാഹി ബൈപ്പാസ് പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു; ദൂരം 18.6 കിലോ മീറ്റർ; ചെലവ് 1543 കോടി രൂപ

ഒരു മേല്‍പ്പാലം, ഒരു റെയില്‍വേ ഓവര്‍ ബ്രിഡ്‌ജ്, 21 അണ്ടര്‍ പാസുകള്‍, ഒരു ടോള്‍ പ്ലാസ

തലശ്ശേരി- മാഹി ബൈപ്പാസിൻ്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു. ദേശീയപാത വികസനത്തിൻ്റെ ഭാഗമായ മലബാറിലെ ആദ്യ ആറുവരി പാതയാണ് ഇതോടെ യാഥാർത്ഥ്യമായത്.ചോനാടത്ത് ഒരുക്കിയ പ്രത്യേക വേദിയിൽ ലൈവ് സ്ട്രീമിങ് കാണാനായി നൂറുകണക്കിന് പേരാണ് എത്തിയത്. ബൈപ്പാസ് നാടിന് സമർപ്പിച്ചതായി ഉദ്ഘാടന പ്രസംഗത്തിൽ മോദി പറഞ്ഞു.

സ്‌പീക്കർ എ.എൻ ഷംസീറും പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസും ചോനാടത്തെ വേദിയിൽ നിന്ന് ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിയവർ തിരുവനന്തപുരത്ത് നിന്നാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്.

ഉദ്ഘാടനത്തിന് ശേഷം മന്ത്രി മുഹമ്മദ് റിയാസ്, സ്‌പീക്കർ എ.എൻ ഷംസീർ എന്നിവരുടെ നേതൃത്വത്തിൽ ആറുവരി പാതയിലൂടെ ഡബിൾ ഡക്കർ ബസിൽ യാത്ര നടത്തി. ഉദ്ഘാടനത്തിന് മുമ്പുതന്നെ ബി.ജെ.പിയുടെ നേതൃത്വത്തിൽ ബൈപ്പാസിലൂടെ യാത്ര സംഘടിപ്പിച്ചിരുന്നു.

തലശ്ശേരി, മാഹി നഗരങ്ങളെ പൂര്‍ണമായും ഒഴിവാക്കിയാണ് ബൈപ്പാസ് കടന്നു പോകുന്നത്. മുഴപ്പിലങ്ങാട് മുതല്‍ മാഹി അഴിയൂര്‍ വരെയുള്ള 18.6 കിലോമീറ്റര്‍ ബൈപ്പാസ്. തലശ്ശേരി, മാഹി നഗരങ്ങളില്‍ പ്രവേശിക്കാതെ കണ്ണൂര്‍ ഭാഗത്തു നിന്ന് വരുന്നവര്‍ക്ക് കോഴിക്കോട് ജില്ലയിലെ അഴിയൂരില്‍ എത്തിച്ചേരാം. മുഴപ്പിലങ്ങാട്ടു നിന്ന് ധര്‍മടം, എരഞ്ഞോളി, തലശ്ശേരി, കോടിയേരി, മാഹി വഴിയാണ് റോഡ് അഴിയൂരില്‍ എത്തിച്ചേരുന്നത്.

ഒരു മേല്‍പ്പാലം, ഒരു റെയില്‍വേ ഓവര്‍ ബ്രിഡ്‌ജ്, 21 അണ്ടര്‍ പാസുകള്‍, ഒരു ടോള്‍ പ്ലാസ എന്നിവ ഉള്‍പ്പെടുന്നതാണ് തലശ്ശേരി- മാഹി ബൈപ്പാസ്. ബൈപ്പാസിൻ്റെ ഇരുഭാഗത്തും 5.5 മീറ്റര്‍ വീതിയിലുള്ള സര്‍വീസ് റോഡുകളുമുണ്ട്. എറണാകുളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇകെകെ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനായിരുന്നു നിര്‍മാണചുമതല. 2018 ലാണ് കമ്പനി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 1543 കോടിയാണ് പദ്ധതി ചെലവ്.

ടോൾ നിരക്ക്

ബൈപാസ് കടക്കാൻ കാർ, ജീപ്പ്, വാൻ തുടങ്ങിയ ചെറു സ്വകാര്യ വാഹനങ്ങൾക്ക് 65 രൂപയാണ് നിരക്ക്. ഇരുവശത്തേക്കും ഒരേ ദിവസം യാത്ര ചെയ്യുകയാണെങ്കിൽ 100 രൂപ മതിയാകും. 50 യാത്രകൾക്ക് 2195 രൂപ എന്ന തരത്തിൽ പ്രതിമാസ നിരക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ രജിസ്റ്റർ ചെയ്‌ത ടാക്‌സി വാഹനങ്ങൾക്ക് 35 രൂപയാണ് ഒരു യാത്രയ്ക്കുള്ള നിരക്ക്. മിനി ബസുകൾക്കും ചെറു വാണിജ്യ വാഹനങ്ങൾക്കും ഒരു വശത്തേക്കുള്ള യാത്രയ്ക്ക് 105 രൂപയും ഒരേദിവസം ഇരുവശത്തേക്കുമുള്ള യാത്രയ്ക്ക് 160 രൂപയുമാണ് നിരക്ക്.

ബസുകൾക്കും ലോറിക്കും (2 ആക്‌സിൽ) ഒരു വശത്തേക്ക് 225 രൂപയും ഒരേ ദിവസം ഇരുവശത്തേക്കും യാത്ര ചെയ്യാൻ 335 രൂപയും നൽകണം. 8105 രൂപക്ക് പ്രതിമാസ പാസും ലഭ്യമാണ്. 3 ആക്‌സിൽ വാഹനങ്ങൾക്ക് 245 രൂപയും ഇരുവശത്തേക്കും 355 രൂപയും 4 മുതൽ 6 വരെ ആക്‌സിലുള്ള വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 350 രൂപയും ഇരുവശത്തേക്ക് 5425 രൂപയും നൽകണം.

7 ആക്‌സിലിന് മുകളിലുള്ള വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 425 രൂപയും ഇരുവശത്തേക്കും 640 രൂപയുമാണ്‌ നിരക്ക്. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിലെ താമസക്കാരുടെ സ്വകാര്യ വാഹനങ്ങൾക്ക് 330 രൂപ നിരക്കിൽ പ്രതിമാസ പാസ് നൽകും.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest