Categories
Kerala news

എന്നെ തോൽപ്പിച്ചവർ മുരളിയേട്ടൻ്റെ അപ്പുറവും ഇപ്പുറവുമുണ്ട്; എം.പി വിന്‍സെന്‍റ് 22.5 ലക്ഷം വാങ്ങി കബളിപ്പിച്ചു: പത്മജ വേണുഗോപാല്‍

തൃശൂരിൽ കുറച്ചു വൃത്തികെട്ട നേതാക്കന്മാരുണ്ട്. അവരുടെ സമീപത്ത് നിന്ന് ഓടിപ്പോയതിൽ എനിക്ക് വളരെ സന്തോഷമുണ്ട്

തൃശൂര്‍: കോൺഗ്രസ് നേതൃത്വത്തിന് എതിരെ ഗുരുതര ആരോപണവുമായി പത്മജ വേണുഗോപാൽ. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി എത്തിയപ്പോൾ അവരുടെ വാഹനത്തിൽ കയറ്റാനായി തൃശ്ശൂർ ഡി.സി.സി പ്രസിഡണ്ട് എം.പി വിന്‍സെന്‍റ് 22.5 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പത്മജയുടെ ആരോപണം. പണം വാങ്ങിയിട്ടും പ്രിയങ്ക ഗാന്ധിക്കൊപ്പം വാഹനത്തിൽ കയറാൻ നേതാക്കൾ തന്നെ അനുവദിച്ചില്ല.

ഡിസിസി പ്രസിഡണ്ട് കൈപ്പറ്റിയ പണം എന്ത് ചെയ്‌തുവെന്ന് അറിയില്ലെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. കെ.കരുണാകരന്‍റെ അന്ത്യവിശ്രമ സ്ഥലമായ മുരളീ മന്ദിരത്തില്‍ എത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പത്മജ.

‘‘പ്രിയങ്ക ഗാന്ധിയുടെ വാഹനത്തില്‍ കയറ്റാന്‍ എൻ്റെ കൈയില്‍ നിന്ന് 22.5 ലക്ഷം രൂപ വാങ്ങി. ഡി.സി.സി പ്രസിഡണ്ട് എം.പി.വിന്‍സെന്റാണ് വാങ്ങിയത്. തരില്ലെന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ ചേച്ചി, ചേച്ചിയുടെ കാര്യം നോക്കെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. തെരഞ്ഞെടുപ്പ് സമയത്ത് നമ്മള്‍ എന്തും പേടിക്കണമല്ലോ, അങ്ങനെ പണം ഞാന്‍ നല്‍കി.” പത്മജ പറഞ്ഞു

“പ്രിയങ്ക വന്നപ്പോള്‍ ഞാന്‍ എവിടെ നിന്നാണ് കയറേണ്ടതെന്ന് ഇവരോട് ചോദിച്ചു. ചേച്ചി സ്‌റ്റേജില്‍ വന്നാല്‍ മതിയെന്ന് പറഞ്ഞു. അതോടെ ഞാന്‍ വണ്ടിയില്‍ കയറുമെന്ന് പറഞ്ഞ് പ്രശ്‌നമുണ്ടാക്കി. അതോടെ ഏത് വഴിയിലൂടെയാണ് വരുന്നതെന്ന് പോലും എന്നോട് പറഞ്ഞില്ല. അല്ലെങ്കില്‍ എൻ്റെ സ്വഭാവം അനുസരിച്ച് റോഡിലിറങ്ങി നിന്നേനെ. പത്മജ ഔട്ട്, പ്രതാപന്‍ ഇന്‍ എന്നാണ് പത്രങ്ങള്‍ ആ സംഭവത്തെ കുറിച്ച് എഴുതിയത്”- പത്മജ വേണുഗോപാല്‍ പറഞ്ഞു.

വടകരയില്‍ മത്സരിച്ചാല്‍ മുരളീധരന്‍ ജയിക്കുമായിരുന്നു. എന്തിനാണ് തൃശൂരില്‍ കൊണ്ടു നിര്‍ത്തിയതെന്ന് മനസിലാകുന്നില്ല. തൃശൂരിൽ കാലുവാരാൻ ഒരുപാടു പേരുണ്ട്. തൃശൂരിൽ സുരേഷ് ഗോപി ജയിക്കും. തന്നെ തോൽപിച്ചവര്‍ മുരളീധരന്‍റെ അപ്പുറവും ഇപ്പുറവുമുണ്ട്. ടി.എൻ. പ്രതാപനുൾപ്പെടെയുള്ള നേതാക്കൾക്ക് തന്‍റെ തോല്‍വിയില്‍ പങ്കുണ്ടെന്നും പത്മജ കൂട്ടിച്ചേർത്തു.

‘എനിക്ക് ഒറ്റസങ്കടമേയുള്ളൂ. എന്നെ തോൽപ്പിക്കാൻ നിന്ന രണ്ടുപേർ മുരളിയേട്ടൻ്റെ ജീപ്പിൻ്റെ അപ്പുറവും ഇപ്പുറവും നിൽക്കുന്നത് കണ്ടു. എന്നെ വല്ലാതെ ചൊറിയട്ടെ അപ്പോൾ ഇതിന് പിന്നിൽ പ്രവർത്തിച്ച വലിയ നേതാക്കളാരൊക്കെയെന്ന് ഞാൻ പറയാം. കരുണാകരൻ്റെ മക്കളോട് തന്നെ തന്നെ അവർക്ക് ദേഷ്യമാണ്.

പാവം മുരളിയേട്ടനെ ഇവിടെ കൊണ്ടുവന്നിട്ടത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. തൃശൂരിൽ കുറച്ചു വൃത്തികെട്ട നേതാക്കന്മാരുണ്ട്. അവരുടെ സമീപത്ത് നിന്ന് ഓടിപ്പോയതിൽ എനിക്ക് വളരെ സന്തോഷമുണ്ട്.’’–പത്മജ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *