Categories
Gulf news obitury

കണ്ണീര്‍ പൂക്കളായ ഒമാനി കുരുന്നുകള്‍; ദുരന്തത്തിൽ പെട്ടത് ഈദ് അവധിക്ക് ശേഷം സ്‌കൂളിലേക്ക് പോയ വിദ്യാർത്ഥികൾ

കുത്തിയൊഴുകിയ വെള്ളത്തിനൊപ്പം മരണത്തിൻ്റെ വിധിയിലേക്ക് നീങ്ങി.

ഒമാൻ സുല്‍ത്താനേറ്റ് അനുഭവിച്ച ദുരന്തത്തിൻ്റെ ആഴം ലോകമെങ്ങുമുള്ള മനുഷ്യരുടെ കൂടി ദുഃഖമായി മാറുന്നു. ബാഗുകള്‍ പായ്ക്ക് ചെയ്‌ത്‌ സ്‌കൂളില്‍ നിന്ന് മടങ്ങിയ അബ്‌ദാലി കുടുംബത്തിലെ 10 കുട്ടികളുടെ വിയോഗത്തിൻ്റെ വിവരമറിഞ്ഞ ലോകം കണ്ണീർ പൊഴിക്കുന്നു.

ഈദ് അവധിക്ക് ശേഷം സ്‌കൂളിലേക്ക് എത്തിയ കുരുന്നുകള്‍ സഹപാഠികളെ കണ്ടതിൻ്റെ സന്തോഷത്തിനിടയില്‍ ഇതൊരിക്കലും തങ്ങളുടെ ജീവിതത്തിൻ്റെ അവസാന ദിവസമാണെന്ന് ഓർത്തിരിക്കില്ല. വടക്കൻ അല്‍- ഷർഖിയ ഗവർണറേറ്റിലെ സമദ് അല്‍- ഷാൻ സംസ്ഥാനത്തെ താഴ്‌വരകള്‍ നിറഞ്ഞ പ്രദേശത്താണ് അല്‍- ഹവാരി സ്‌കൂള്‍ ഫോർ ബേസിക് എജ്യുക്കേഷൻ സ്ഥിതി ചെയ്യുന്നത്. അസാധാരണ മഴയായിരുന്നു ഇവിടെ. അതിനാല്‍ തന്നെ സ്‌കൂള്‍ അധികൃതർ വിഷയം കൈകാര്യം ചെയ്യുകയും കാര്യങ്ങള്‍ സുസ്ഥിരമാകുന്നതുവരെ അവരുടെ വിദ്യാർത്ഥികളെ സ്‌കൂളില്‍ തന്നെ നിർത്താൻ താല്‍പ്പര്യപ്പെടുകയും ചെയ്‌തു.

അതിനിടയിലാണ് ഒരു രക്ഷിതാവ് തൻ്റെ മകനെ പുറത്തേക്ക് കൊണ്ടുപോകാൻ അനുവാദം ചോദിക്കാൻ സ്‌കൂളിലെത്തിയത്. അവൻ്റെ വലിയ കുടുംബത്തിലെ ഒരു കൂട്ടം സമപ്രായക്കാരെയും കൂടെ കൂട്ടാൻ കൂടി അദ്ദേഹം താല്പര്യപ്പെട്ടു.

വാഹനത്തിൻ്റെ ശേഷി അവർക്ക് അനുയോജ്യമല്ല എങ്കിലും അവരൊക്കെ വാഹനത്തില്‍ കുത്തിത്തിരുകി ഇരുന്നു. ഡ്രൈവറെ കൂടാതെ 13 വിദ്യാർത്ഥികള്‍ കയറിയ വാഹനം അവരുടെ കൊച്ചു വർത്തമാനങ്ങള്‍ക്കിടയില്‍ വെള്ളത്തിലൂടെ വീടിനെ ലക്ഷ്യമാക്കി മുന്നോട്ട് നീങ്ങി. പൊടുന്നനെയാണ് കുത്തിയൊലിക്കുന്ന ഒഴുക്കിലേക്ക് വാഹനം ചെന്നുപെടുന്നത്.

ഫോർ വീല്‍ കാറിന് അതിനെ മറികടക്കാൻ കഴിയുമെന്ന് തന്നെയാണ് ഡ്രൈവർ കരുതിയത്. പക്ഷേ വാഹനം റോഡിന് നടുവില്‍ വെള്ളത്തില്‍ കുടുങ്ങി. വലിയ പാറക്കല്ലുകളടക്കം ഒഴുകിവന്ന മലവെള്ളത്തില്‍ കാർ താഴ്‌വരയില്‍ നിന്ന് മരണത്തിൻ്റെ നീർക്കയത്തിലേക്ക് ഒഴുകിവീണു. കരയില്‍ കണ്ടുനിന്ന ആളുകളുടെ നിലവിളികള്‍ക്കിടയില്‍ കാർ പലതവണ മറിഞ്ഞു. കുഞ്ഞുങ്ങള്‍ പലരും വെള്ളത്തിലേക്ക് തെറിച്ചുവീണു. മൂന്നുപേരെ ആളുകള്‍ക്ക് രക്ഷപ്പെടുത്താനായി. മറ്റുള്ളവർ കുത്തിയൊഴുകിയ വെള്ളത്തിനൊപ്പം മരണത്തിൻ്റെ വിധിയിലേക്ക് നീങ്ങി.

വൈകുന്നേരത്തോടെ ആണ് ഒമ്പത് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാണാതായ അവസാനത്തെ കുട്ടിയെ തേടി രാവിലെ തന്നെ തിരച്ചില്‍ സംഘങ്ങള്‍ പുറപ്പെട്ടു. മണിക്കൂറുകള്‍ക്ക് ശേഷം അവനെയും മരിച്ച നിലയില്‍ കണ്ടെത്തി.

നാം കേള്‍ക്കുക പോലും ചെയ്‌തിട്ടില്ലാത്ത ഒമാനിലെ അബ്‌ദാലി കുടുംബത്തിൻ്റെ ആ കുഞ്ഞുങ്ങളെ ചിത്രങ്ങളിലൂടെ കണ്ടിട്ടേ ഉള്ളൂ നമ്മളെല്ലാവരും. എങ്കിലും അവരുടെ വിയോഗം കണ്ണുകളെ നനക്കുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest