Categories
education Kerala news

വിദ്യാര്‍ത്ഥികള്‍ ഇക്കൊല്ലം മുതല്‍ പരീക്ഷ എഴുതിയാല്‍ മാത്രം പാസാവില്ല; പഠനം അടിമുടി മാറുന്നു

നാലുവർഷ ബിരുദത്തിൻ്റെ ഭാഗമായാണ് ഇക്കൊല്ലം മുതല്‍ പരീക്ഷാ രീതികള്‍ മാറുന്നത്

എല്ലാ വിഷയങ്ങള്‍ക്കും എഴുത്തു പരീക്ഷയെന്ന നിലവിലെ രീതിക്ക് പകരം പഠിക്കുന്ന വിഷയത്തിൻ്റെ മേഖലകളുമായി ബന്ധപ്പെടുത്തി യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ മാറാൻ ഒരുങ്ങുന്നു. എഴുത്തു പരീക്ഷയ്ക്ക് പുറമേ, ഫീല്‍ഡ് സന്ദർശനം, വ്യവസായ ശാലകളിലെ സന്ദർശനം, വീഡിയോ മേക്കിംഗ്, കലാപ്രകടനം എന്നിവയെല്ലാം ഓരോ പരീക്ഷാ രീതികളായി മാറും. എഴുത്തു പരീക്ഷയ്ക്ക് സമാനമായ മാർക്കുള്ള പേപ്പറുകളായിരിക്കും ഇവ. ഓണ്‍ലൈൻ, ഓപ്പണ്‍ ബുക്ക് പരീക്ഷയും നടപ്പാക്കും.

നാലുവർഷ ബിരുദത്തിൻ്റെ ഭാഗമായാണ് ഇക്കൊല്ലം മുതല്‍ പരീക്ഷാ രീതികള്‍ മാറുന്നത്. ഇതിനായുള്ള ചട്ടങ്ങള്‍ എം.ജി, കാലിക്കറ്റ് വാഴ്‌സിറ്റികള്‍ അംഗീകരിച്ചു. കേരള, കണ്ണൂർ വാഴ്‌സിറ്റികളില്‍ ഉടൻ പ്രാബല്യത്തിലാവും.

എഴുത്തു പരീക്ഷകള്‍ പരമാവധി രണ്ടുമണിക്കൂറായിരിക്കും. ഫൗണ്ടേഷൻ കോഴ്‌സുകളില്‍ ഒരു മണിക്കൂർ, മറ്റ് വിഷയങ്ങളില്‍ രണ്ടുമണിക്കൂർ എന്നിങ്ങനെ ക്രെഡിറ്റ് അനുസരിച്ചാണ് സമയം നിശ്ചയിക്കുക. ഫൗണ്ടേഷൻ കോഴ്‌സുകളിലാണ് ഓണ്‍ലൈൻ, ഓപ്പണ്‍ബുക്ക് പരീക്ഷ.

വാഴ്‌സിറ്റികള്‍ക്ക് സാദ്ധ്യമായ കോഴ്‌സുകളിലെല്ലാം ഓണ്‍ലൈൻ പരീക്ഷ നടത്താം. എല്ലാ കോഴ്‌സുകള്‍ക്കും അവസാന സെമസ്റ്റർ പ്രോജക്ടോ ഇൻ്റെണ്‍ഷിപ്പോ ആയിരിക്കും. ഇവ വ്യവസായ ബന്ധിതമായിരിക്കും. കുട്ടികള്‍ക്ക് തിരഞ്ഞെടുക്കാം. പുറത്ത് പ്രോജക്‌ട് ലഭിച്ചില്ലെങ്കില്‍ ക്യാമ്പസില്‍ അധ്യാപകർക്ക് ഒപ്പവും ചെയ്യാം.

നിലവിലെ 20 ഇൻ്റെണല്‍ മാർക്ക് 30 ആക്കി. 70 മാർക്കിനാവും എഴുത്തുപരീക്ഷ. വാഴ്‌സിറ്റി പഠന വകുപ്പുകളില്‍ നിലവിലെ 50 ഇൻ്റെണല്‍ മാർക്ക് തുടരും. ഇൻ്റെണല്‍ മാർക്ക് പ്രസിദ്ധീകരിക്കുകയും കുട്ടികളുടെ പരാതികള്‍ കേള്‍ക്കുകയും ചെയ്‌ത ശേഷമേ അന്തിമമാക്കുകയുള്ളൂ.

പരാതി പരിഹരിക്കാൻ വിവിധ തലത്തില്‍ സംവിധാനമുണ്ടാവും. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് സെമസ്റ്ററുകളുടെ മൂല്യനിർണയം കോളേജുകളിൽ ആയിരിക്കും. മറ്റുള്ളവ വാഴ്‌സിറ്റി നടത്തും. ഇതിലൂടെ അതിവേഗം ഫലപ്രഖ്യാപനം ഉറപ്പാക്കാനാവും.

ഏത് കോളേജിലേക്കും പഠനം മാറ്റാം

1.ഓരോ വർഷത്തെയും പഠനം പൂർത്തിയാവുമ്പോള്‍ രാജ്യത്തെ ഏത് യൂണിവേഴ്‌സിറ്റിയിലേക്കും കോളേജിലേക്കും മാറാൻ സൗകര്യമുണ്ടാവും.

2.മറ്റു സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികള്‍ക്ക് കേരളത്തിലെ കോളേജുകളിലേക്കും വാഴ്‌സിറ്റികളിലേക്കും വരാം.

3.അക്കാഡമിക് ബാങ്ക് ഒഫ് ക്രെഡിറ്റ് വഴിയാണ് ദേശീയ തലത്തില്‍ ക്രെഡിറ്റ് ട്രാൻസ്‌ഫർ സംവിധാനം.

4.സീറ്റൊഴിവില്ലെങ്കില്‍ ഇതിനായി സൂപ്പർ ന്യൂമററിയായി സീറ്റുകള്‍ അനുവദിക്കുന്നതും സർക്കാരിൻ്റെ പരിഗണനയിലാണ്.

ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരീക്ഷ

ഭിന്ന ശേഷിക്കാർക്ക് പകരക്കാരനെ വച്ചു പരീക്ഷ എഴുതിക്കുന്നതിന് പകരം സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരീക്ഷ നടത്തും.

ബ്രെയില്‍ ലിപിയടക്കം പ്രയോജനപ്പെടുത്തി പരീക്ഷകള്‍ നടത്തുന്നത് പഠന ബോർഡുകള്‍ക്ക് തീരുമാനിക്കാം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest