Categories
articles education Kerala local news news

പുതിയ മാറ്റങ്ങളും ലക്ഷ്യങ്ങളുമായി റവന്യൂ ജില്ലാ സ്‌കൂൾ ശാസ്ത്രോത്സവം; ഭാവിയുടെ വാഗ്‌ദാനങ്ങളായ കുഞ്ഞു ശാസ്ത്രജ്ഞർ മത്സരങ്ങളിൽ മാറ്റുരച്ചു

ഇക്കൊല്ലം മുതൽ കേരള സ്‌കൂൾ ശാസ്ത്രോത്സവം എന്ന പേരിലാണ്

പീതാംബരൻ കുറ്റിക്കോൽ

കാസർകോട്‌: റവന്യൂ ജില്ലാ സ്‌കൂൾ ശാസ്ത്രോത്സവം ചെർക്കള സെൻട്രൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ. കോവിഡിനെ തുടർന്ന് നിർത്തിവെച്ച സ്‌കൂൾ മേളകൾക്ക് മൂന്നുവർഷത്തെ ഇടവേളക്കുശേഷം വിദ്യാലയങ്ങളിൽ അരങ്ങൊരുങ്ങിയത് വിദ്യാർത്ഥികളിൽ സന്തോഷം.

രണ്ടു ദിവസങ്ങളായി ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ, ഐടി മേളകളിലായി മൂവായിരത്തോളം കുട്ടികൾ പങ്കെടുക്കുന്നുണ്ട്. ബുധനാഴ്‌ച സാമൂഹ്യ ശാസ്ത്രമേളയാണ്‌. 14 ഇനങ്ങളിലായി 269 ഓളം കുട്ടികൾ പങ്കെടുത്തു. ഗണിത ശാസ്ത്ര മേളയിൽ 24 ഇനങ്ങളിലായി 400 പേരും ഐ.ടിയിൽ അഞ്ചിനങ്ങളിലായി 260 ഓളം കുട്ടികളും മത്സരിച്ചു.

വ്യാഴാഴ്‌ച പ്രവൃത്തി പരിചയ മേളയിൽ 68 ഇനങ്ങളിലായി ആയിരത്തോളം കുട്ടികളും ശാസ്ത്ര മേളയിൽ 16 ഇനങ്ങളിലായി നാനൂറോളം പേരും മത്സരിക്കും. ചെർക്കള സെൻട്രൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, ഖുവ്വത്തുൽ ഇസ്‍ലാം മദ്രസ ഹാൾ, മാർത്തോമ ബധിര വിദ്യാലയം എന്നിവിടങ്ങളിലാണ്‌ മത്സരങ്ങൾ നടക്കുന്നത്. മേളയോടനുബന്ധിച്ച്‌ സ്‌കൂളിൽ വിവിധ പ്രദർശന സ്റ്റാളും ഒരുക്കിയിട്ടുണ്ട്.

മത്സരിക്കുന്ന വിദ്യാർത്ഥികൾക്കും എസ്കോർട്ടിങ് അധ്യാപകർക്കും വിധികർത്താക്കൾക്കും ഒഫിഷ്യൽസിനും ഉദ്യോഗസ്ഥർക്കും സംഘാടകർക്കും മറ്റുമായി ദിവസം പതിനായിരത്തോളം പേർക്ക് ഭക്ഷണം നൽകുന്നുണ്ട്. ഇതിനായി ചെർക്കളയിലെ ഓഡിറ്റോറിയം ഹാളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒക്ടോബർ മാസത്തിൽ സ്‌കൂൾ, സബ് ജില്ലാ തലത്തിലുള്ള ശാസ്ത്ര -ഗണിത ശാസ്ത്ര -സാമൂഹ്യശാസ്ത്ര -പ്രവൃത്തിപരിചയ മേളകൾ, മേളകൾ, കായികമേള, കലോത്സവം എന്നിവ പൂർത്തിയായിരുന്നു.

മേളയുടെ ലക്ഷ്യം

വിദ്യാർഥികളിൽ വൈജ്ഞാനികവും ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി അഭിരുചിയും ഗവേഷണ താൽപര്യവും വളർത്തുക. പഠനത്തിലൂടെ ആർജിച്ച അറിവുകൾ താനുൾപ്പെടുന്ന സമൂഹത്തിന് പ്രയോജനപ്പെടും വിധം വളർത്തിയെടുക്കുക.

കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥിനികൾ ഒരുക്കിയ വർക്കിങ് മോഡൽ, ഭൂകമ്പ മാപിനിയും അലർട്ടും

കുട്ടികളിലെ നൈസർഗികമായ കഴിവുകളെ പരിപോഷിപ്പിക്കുകയും ഒപ്പം ഇതരമേഖലകളിൽ പ്രായോഗിക വൈദഗ്ധ്യം നേടുന്നതിന് പ്രാപ്തരാക്കുകയും ചെയ്യുക.

പുതിയ മാറ്റങ്ങൾ

പഴയ മാന്വലിൽ നിന്ന് പൊതുവിൽ ചില മാറ്റങ്ങൾ വരുത്തിയാണ് ഈ വർഷം ശാസ്ത്രോത്സവം നടത്തുക. മാറ്റങ്ങൾ ഇതാണ്‌:

ശാസ്ത്രോത്സവം പൂർണമായും ഹരിത പെരുമാറ്റ ചട്ടത്തിൽ

എൽ.പി, യു.പി വിഭാഗം മത്സരങ്ങൾ ഉപജില്ല തലത്തിൽ അവസാനിക്കും. ഉപജില്ല / ജില്ലതലത്തിൽ എ ഗ്രേഡ് സഹിതം ഒന്നും രണ്ടും സ്ഥാനം നേടുന്ന എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗം വിദ്യാർഥികൾക്ക്‌ അടുത്തതലങ്ങളിൽ (ജില്ല / സംസ്ഥാനതല മത്സരത്തിൽ) പങ്കെടുക്കാം.

ഗ്രേഡ് കണക്കാക്കുന്ന സ്ലാബിലെ മാറ്റങ്ങൾ

80% – 100% : A Grade, 70% – 79% : B Grade, 60% – 69% : C Grade

പുതിയ മാന്വൽ പ്രകാരം 60ശതമാനത്തിൽ താഴെയുള്ള സ്കോർ, ഗ്രേഡ് ചെയ്യുന്നതല്ല. ശാസ്ത്രോത്സവത്തിൽ ഏതു മേഖലയിൽ ആയാലും ഒരു വിദ്യാർഥിക്ക് ഒരിനത്തിൽ മാത്രമേ പങ്കെടുക്കാൻ അവസരമുള്ളൂ. ഇതു കൂടാതെ ഏതെങ്കിലും ക്വിസ് മത്സരത്തിലും പങ്കെടുക്കാം.

ലഘു കുറിപ്പ് വേണം

സംസ്ഥാന മേളയിൽ കുട്ടികൾ അവരുടെ ഇനത്തെ കുറിച്ച് മത്സര സമയത്ത് ലഘു കുറിപ്പ് തയാറാക്കി നൽകണം. ഈ വിവരണത്തോടൊപ്പം ഫോട്ടോകളും ഉൾപ്പെടുത്താം.

അപ്പീൽ കമ്മിറ്റിക്കായി പുതിയ മാന്വലിൽ ഒരു അധ്യായം തന്നെയുണ്ട്. അപ്പീൽ ഫീസും വർധിപ്പിച്ചിട്ടുണ്ട്. ശാസ്‍ത്രമേളയിലെ മത്സര ഇനങ്ങളിൽ മാറ്റമൊന്നുമില്ല. എങ്കിലും അവയുടെ മൂല്യനിർണയ ഉപാധികളിൽ ചെറിയ പരിഷ്‌കാരങ്ങൾ വരുത്തിയിട്ടുണ്ട്.

മാറ്റങ്ങൾ ഇങ്ങനെ:

  1. ഗണിതശാസ്‍ത്ര മേളയിൽ എൽ.പി വിഭാഗത്തിൽ നമ്പർ ചാർട്ട് എന്ന മത്സര ഇനം കൂടുതലായി ഉൾപ്പെടുത്തി.
  2. യു.പി വിഭാഗത്തിൽ ഗെയിം കൂടുതലായി ഉൾപ്പെടുത്തിയിട്ടുണ്ട്.
  3. എൽ.പി ഒഴികെയുള്ള വിഭാഗങ്ങളിൽ Talent Search Examination എന്ന മത്സര ഇനം പുതുതായി ഉൾപ്പെടുത്തി.
  4. സാമൂഹ്യശാസ്‍ത്ര മേളയിൽ ക്വിസ് മത്സരത്തിൽ രണ്ട് കുട്ടികൾ അടങ്ങിയ ടീമിന് പകരം ഒരു കുട്ടി എന്നതാണ് പുതിയ മാറ്റം.
  5. പ്രവൃത്തിപരിചയ മേളയിൽ തത്സമയ നിർമാണ മത്സരത്തിൽ എൽ.പി, യു.പി വിഭാഗങ്ങളിൽ മാറ്റമൊന്നുമില്ല.
  6. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ പച്ചക്കറി -പഴവർഗ സംസ്‌കരണം എന്ന മത്സര ഇനവും ചെലവു ചുരുങ്ങിയ പോഷകാഹാര വിഭവങ്ങൾ എന്ന മത്സര ഇനവും ചേർത്ത് ഒറ്റമത്സര ഇനമാക്കി മാറ്റി.

അവതരണത്തിൽ വരുത്തിയ മാറ്റങ്ങൾ

അവതരണത്തിലും എണ്ണത്തിലും അളവിലും ഇത്തവണ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പാവകളിക്കുള്ള പാവനിർമാണം എന്നതിൽ എൽ.പി വിഭാഗത്തിൽ രണ്ട് കൈയുറപ്പാവകൾ മതി. യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് കൈയുറ പാവയും നൂൽപാവയും വേണം. സ്റ്റേജില്ലാതെ അവതരിപ്പിച്ച് കാണിക്കണം.

കുണ്ടംകുഴി ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥിനികൾ തയ്യാറാക്കിയ ഐ.എൻ.എസ് വിക്രാന്ത് സ്റ്റിൽ മോഡൽ

വെജിറ്റബിൾ പ്രിന്റിങ് എന്നതിൽ എൽ.പി വിഭാഗത്തിന് ഒരു പില്ലോ കവറും ഒരു സിംഗിൾ ബെഡ്ഷീറ്റും വേണം. സ്‌കൂൾ വിഭാഗത്തിന് ഒരു സാരിയും ഒരു സിംഗിൾ ബെഡ്ഷീറ്റും വേണം. സ്‌കൂൾ വിഭാഗത്തിന് ഒരു സാരിയും ഒരു സിംഗിൾ ബെഡ്ഷീറ്റും വേണം. ഹയർ സെക്കൻഡറി വിഭാഗത്തിന് ഒരു സാരിയും ഒരു സിംഗിൾ ബെഡ്ഷീറ്റും ഒരു പില്ലോ കവറും വേണം.

ഐ.ടി മേള മാന്വലിലേക്ക്

ഐ.ടി മേള ആദ്യമായി മാന്വലിൻ്റെ ഭാഗമാകുന്നുവെന്ന പുതുമയുണ്ട് ഇക്കുറി ശാസ്ത്രോത്സവത്തിന്. എങ്കിലും മുൻകാല ഐ.ടി മേളയുമായി താരതമ്യപ്പെടുത്തുമ്പോൾ യു.പി വിഭാഗം മത്സര ഇനങ്ങളിൽ മാറ്റമില്ല. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ സ്‍ക്രാച്ച് പ്രോഗ്രാമിങ്, അനിമേഷൻ എന്നീ മത്സര ഇനങ്ങൾ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.

മൾട്ടി മീഡിയ പ്രസൻ്റെഷന്‍ എന്നത് രചനയും അവതരണവും (പ്രസൻ്റെഷൻ)‍ എന്നാക്കി മാറ്റിയിട്ടുണ്ട്. അതുപോലെ മലയാളം ടൈപിങ് എന്നത് മലയാളം ടൈപിങ് രൂപകൽപനയും എന്നും മാറ്റിയിട്ടുണ്ട്.
ഐ.ടി ​​പ്രോജക്ട് മത്സരം ഒഴിവാക്കി.

കേരള സ്‌കൂൾ ശാസ്ത്രോത്സവം

ശാസ്ത്ര -ഗണിത ശാസ്ത്ര -സാമൂഹ്യശാസ്ത്ര -പ്രവൃത്തിപരിചയ -ഐ.ടി മേളകൾ എല്ലാം ഒന്നിച്ച് ഒരു മാന്വലിൻ്റെ കീഴിൽ, കേരള സ്‌കൂൾ ശാസ്ത്രോത്സവം എന്ന പേരിലാണ് ഇക്കൊല്ലം മുതൽ അറിയപ്പെടുക.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest