Categories
articles Kerala local news news trending

കൃഷിയാണ് ജീവിതം, ലഹരിയാണ് കൃഷി; കേരള പിറവി ദിനത്തിൽ കർഷകന് ജനമൈത്രി പോലീസിൻ്റെ ആദരം

ഇരു ഫാമുകളിലായി അമ്പതോളം പശുക്കളുണ്ട്

ബദിയടുക്ക / കാസർകോട്: “കൃഷിയാണ് ജീവിതം, ലഹരിയാണ് കൃഷി” എന്ന ആശയം മുൻനിർത്തി ബദിയടുക്ക ജനമൈത്രി പോലീസ് കേരള പിറവി ദിനത്തിൽ കർഷകനെ ആദരിച്ചു. ചെറുപ്രായത്തിൽ തന്നെ കൃഷിചെയ്യുന്നത് ലഹരിയാക്കി മാറ്റുകയും കൃഷിയിലൂടെ ജീവിതം കെട്ടിപടുത്ത് വിജയം കൈവരിക്കുകയും ചെയ്ത കുമ്പടാജെ ഗ്രാമ പഞ്ചായത്ത് കറുവത്തടുക്കയിലെ എം.പി മുഹമ്മദിനെയാണ് പോലീസ് ആദരിച്ചത്.

കർഷകനായ എം.പി മുഹമ്മദിന് സബ് ഇൻസ്‌പെക്ടർ കെ.പി വിനോദ് കുമാർ ഉപഹാരം നൽകുന്നു

മദ്യം, മയക്കുമരുന്ന് അടക്കമുള്ള ലഹരിക്ക് അടിമപ്പെട്ട് പുതുതലമുറ നശിക്കുകയാണ്. നിരവധി ലഹരി കേസുകളാണ് പോലീസ് ദിനംപ്രതി കൈകാര്യം ചെയ്യുന്നത്.

പെട്ടന്ന് പണമുണ്ടാക്കാൻ ലഹരി വിൽപ്പന നടത്തുന്ന യുവാക്കളുടെ എണ്ണവും കൂടിവരികയാണ്. ഇതിനെ പ്രതിരോധിക്കാൻ സംസ്ഥാന സർക്കാർ ബോധവൽക്കരണം നടത്തുന്നുണ്ട്. പോലീസ് സേനയും ബോധവൽക്കരണ പരിപാടികളുമായി സജീവമാണ്.

കർഷകൻ എം.പി മുഹമ്മദിൻ്റെ കുതിരയോടൊപ്പം പോലീസ്

ഇതിൻ്റെ ഭാഗമായാണ് കൃഷിയിലൂടെ ജീവിതം കെട്ടിപ്പടുത്ത മുഹമ്മദിനെ പോലുള്ള കർഷകരെ ആദരിക്കുന്നത്. ഇത്തരം കർഷകരാണ് പുതുതലമുറക്ക് മാതൃക. കഠിനാധ്വാനം ചെയ്യുന്നവരെ സമൂഹം തിരിച്ചറിയണം, അവരുടെ കൃഷിയിടം പൊതുരംഗത്തുള്ളവർ സന്ദർശിച്ച് കൃഷി രീതികൾ പുതുതലമുറക്ക് കാണിച്ച് കൊടുക്കണമെന്നും സബ് ഇൻസ്‌പെക്ടർ കെ.പി വിനോദ് കുമാർ പറഞ്ഞു.

ബദിയടുക്കയിലെ പോലീസ് സംഘം കഴിഞ്ഞദിവസം എം.പി മുഹമ്മദിൻ്റെ വീട്ടിലെത്തി കൃഷിയിടം സന്ദർശിച്ചിരുന്നു. ഇതിന് ശേഷമാണ്‌ കേരള പിറവി ദിനത്തിൽ അദ്ദേഹത്തെ ആദരിച്ചത്.

സബ് ഇൻസ്‌പെക്ടർ കെ.പി വിനോദ് കുമാർ ഫാം കാണുന്നു

ചാനൽ ആർ.ബി പ്രസിദ്ധികരിച്ച എം.പി മുഹമ്മദിൻ്റെ ജീവിത കഥയാണ്‌ ഇതിന് നിദാനമായത്. ചെറുപ്രായത്തിൽ തന്നെ പശുവളർത്തലുമായി ക്ഷീര കൃഷി തുടങ്ങിയ മുഹമ്മദിന് ഇന്ന് സ്വന്തമായി ഏക്കർകണക്കിന് ഭൂമിയും ഇരുനില വീടും വാഹനങ്ങളുമായി നല്ല കുടുംബ ജീവിതം നയിക്കുന്നുണ്ട്. ഇരു ഫാമുകളിലായി അമ്പതോളം പശുക്കളുണ്ട്. പാൽ വിൽപ്പനക്ക് പുറമെ പോത്ത് കച്ചവടവും കൃഷിയും മുഹമ്മദിൻ്റെ പ്രധാന വരുമാനമാകുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest