Categories
news

പ്രവാചക നിന്ദ കേന്ദ്ര സർക്കാറിൻ്റെ ഭാഗത്തു നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെയും പ്രസ്താവനകളുടെയും തുടർച്ച; ഇന്ത്യ ലോകത്തിന് മുമ്പിൽ മാപ്പ് പറയണമെന്ന് സമസ്ത

ഭരിക്കുന്ന പാർട്ടിയുടെ നേതാക്കന്മാരുടെ പ്രസ്താവന ആയത്‌കൊണ്ട് അതിനെ ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ലെന്നും സമസ്ത പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു

വിവാദമായി മാറിയ പ്രവാചക നിന്ദ വിവാദത്തിൽ ഇന്ത്യ ലോകത്തിന് മുമ്പിൽ മാപ്പ് പറയണമെന്ന് സമസ്ത. സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളാണ് പ്രതികരണവുമായി രംഗത്തെത്തിയത്. നുപുർ ശർമ്മയുടെ പ്രവാചക നിന്ദ പ്രസ്താവനയിൽ ഇന്ത്യ മാപ്പ് പറയണമെന്നും ഇതിലൂടെ രാജ്യത്തിനുണ്ടായ കളങ്കം തീർക്കണമെന്നും തങ്ങൾ വാർത്താ കുറിപ്പിലൂടെ വ്യക്തമാക്കി.

ബിജെപി വാക്താവ് നുപൂർ ശർമയുടെ പ്രസ്താവന തികച്ചും അത്യന്തം അപലപനീയവും ഖേദകരവുമാണെന്ന് സമസ്ത അഭിപ്രായപ്പെട്ടു. രാജ്യത്തിൻ്റെ യശസിന് കളങ്കം വരുത്തുന്ന വിധത്തിൽ ഉത്തരവാദപ്പെട്ടവരിൽ നിന്നു നിരന്തരം പ്രവാചക നിന്ദയും പരമത വിദ്വേഷ പ്രചാരണവും ഉണ്ടാകുന്നുണ്ടെന്നും ഇത് തടയാൻ കർശന നിയമ നടപടി സ്വീകരിക്കണമെന്നും സമസ്ത ആവശ്യപ്പെട്ടു. ഭരിക്കുന്ന പാർട്ടിയുടെ നേതാക്കന്മാരുടെ പ്രസ്താവന ആയത്‌കൊണ്ട് അതിനെ ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ലെന്നും സമസ്ത പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.

കേന്ദ്ര സർക്കാറിൻ്റെ ഭാഗത്തു നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെയും പ്രസ്താവനകളുടെയും തുടർച്ചയായി വേണം ഇതിനെ കരുതാന്നെന്ന് വാർത്താക്കുറിപ്പിലുണ്ട്. അതുകൊണ്ട് പാർട്ടി നടപടി കൊണ്ട് മാത്രം ഈ പ്രശ്‌നം തീർക്കാൻ സാധിക്കില്ല. കേന്ദ്ര സർക്കാർ ഔദ്യോഗികമായി മാപ്പുപറയുകയും പ്രവാചക നിന്ദ നടത്തിയവർക്കെതിരെ മാതൃകാപരമായി നടപടി സ്വീകരിക്കുകയും വേണം.

ഇന്ത്യൻ ശിക്ഷാനിയമ പ്രകാരമുള്ള കുറ്റങ്ങൾ ചാർത്തിക്കൊണ്ട് പ്രവാചക നിന്ദ നടത്തിയ കുറ്റക്കാർക്കെതിരേ ശക്തമായ നിയമ നടപടി സ്വീകരിച്ച് ശിക്ഷ ഉറപ്പു വരുത്താനുള്ള നീക്കം കേന്ദ്ര സർക്കാറിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം. ഇപ്രകാരം നമ്മുടെ രാജ്യം മാതൃകാപരമായ നടപടികൾ സ്വീകരിച്ച് ലോക രാജ്യങ്ങൾക്കിയിൽ അഭിമാനത്തിനും യശസിനും ഇന്ത്യക്ക് ഉണ്ടായ കുറവ് പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest