Trending News


കൊച്ചി: മുഖ്യമന്ത്രിയെയോ കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടയുള്ള സി.പി.എം നേതാക്കളെയോ പരിചയമില്ലെന്നും എന്നാൽ സ്വപ്‌ന സുരേഷിനെ പരിചയമുണ്ടെന്നും ഷാജി കിരൺ. മുൻകൂർ ജാമ്യാപേക്ഷയിൽ ഷാജി കിരൺ എന്നയാൾ വിളിച്ചുവെന്നും വധഭീഷണി മുഴക്കിയെന്നും സ്വപ്‌ന ആരോപിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരായ മൊഴി പിൻവലിക്കാൻ ഷാജി കിരൺ ആവശ്യപ്പെട്ടുവെന്നും അനുസരിച്ചില്ലെങ്കിൽ അറസ്റ്റുണ്ടാകുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് പറഞ്ഞ സ്വപ്‌ന ശബ്‌ദരേഖ കെെയിലുണ്ടെന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ഷാജി ഏഷ്യാനെറ്റ് ന്യൂസ് ചാനലിനോട് കാര്യങ്ങൾ തുറന്നുപറഞ്ഞത്.
Also Read

മുഖ്യമന്ത്രിയെയോ കോടിയേരി ബാലകൃഷ്ണനെയോ പരിചയമില്ല. മറ്റ് സിപിഎം നേതാക്കളെയും അറിയില്ല.
കോൺഗ്രസുകാരുമായോ ബി.ജെ.പിക്കാരുമായോ ബന്ധമില്ല. ഞാൻ ഒരു മുൻ മാധ്യമ പ്രവർത്തകനാണ്. സ്വപ്‌നയുമായുള്ളത് സൗഹൃദം മാത്രം. ജാമ്യത്തിലിറങ്ങിയ ശേഷമാണ് അവരെ പരിചയപ്പെട്ടത്. സ്ഥല കച്ചവടവുമായി ബന്ധപ്പെട്ടായിരുന്നു ഇത്. മുഖ്യമന്ത്രിക്ക് വേണ്ടി താൻ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്‌ന പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ല.

മൊഴി തിരുത്താൻ ആവശ്യപ്പെട്ടിട്ടില്ല. വിഡ്ഢിത്തം കാണിക്കരുതെന്ന് അവരെ ഉപദേശിച്ചു. അവരുടെ സുരക്ഷ കണക്കിലെടുത്താണ് അങ്ങനെയൊരു ഉപദേശം നൽകിയത്. ഞാൻ സ്വപ്‌നയെ ഭീഷണിപ്പെടുത്തിയതിൻ്റെ ശബ്ദരേഖ ഉണ്ടെങ്കിൽ പുറത്തുവിടട്ടെ. 32,000 രൂപ മാത്രമാണ് എൻ്റെ അക്കൗണ്ടിൽ ഉള്ളത്. കെ.പി യോഹന്നാൻ്റെ സ്ഥാപനവുമായി ഒരു ബന്ധവുമില്ലെന്നും ഷാജ് കിരൺ പറഞ്ഞു.

സ്വപ്നയുടെ പാലക്കാട്ടെ ഫ്ലാറ്റിൽ ഇന്നലെ പോയിരുന്നു. പോയ വാഹനം തൻ്റെയല്ല. ഒരു സുഹൃത്തിൻ്റെ പേരിലുള്ളതാണ് വാഹനം. ബിസിനസ് ആവശ്യത്തിനായി ഉപയോഗിക്കുന്നു എന്ന് മാത്രം. ഞാൻ കൊട്ടാരക്കര സ്വദേശിയാണ്. ഷാജ് കിരൺ എന്നാണ് യഥാർത്ഥ പേര്. ഷാജി കിരൺ എന്നത് സുഹൃത്തുക്കൾ വിളിക്കുന്ന പേരാണ്’- ഷാജ് കിരൺ പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ ഇ.ഡി അന്തിമ കുറ്റപത്രം നൽകാനിരിക്കെയാണ് സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. 2016ൽ വിദേശ സന്ദർശനത്തിനിടെ മുഖ്യമന്ത്രി നയതന്ത്ര ചാനൽ വഴി കറൻസി കടത്തിയെന്നും സ്‌കാനിംഗിൽ ബാഗിൽ കറൻസിയാണെന്ന് തെളിഞ്ഞിരുന്നതായാണ് സ്വപ്‌നയുടെ ഒരു ആരോപണം. ക്ളിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പിൽ ഭാരമുളള ലോഹം കടത്തിയെന്നും സ്വപ്‌ന ആരോപിച്ചു.

Sorry, there was a YouTube error.