Categories
local news news

വീടുകള്‍ കുത്തിത്തുറന്ന് ഒമ്പത് പവന്‍ സ്വര്‍ണ്ണവും പണവും കവര്‍ന്നു; വരും നാളുകളില്‍ കവര്‍ച്ച വര്‍ധിക്കാന്‍ സാധ്യതയെന്ന് നാട്ടുകാര്‍

വിരലടയാള വിദഗ്‌ധരെത്തി പരിശോധന നടത്തി

ഉപ്പള / കാസർകോട്: കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ കവര്‍ച്ചാ സംഘം നാട്ടുകാരെയും പൊലീസിനെയും വട്ടം കറക്കുന്നു. ഏറ്റവുമൊടുവില്‍ ഉപ്പളയിലും മിയാപ്പദവിലും വീടുകള്‍ കുത്തിത്തുറന്ന് ഒമ്പത് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 80,000 രൂപയും കവര്‍ന്നു. ഉപ്പള മജലിലെ മുഹമ്മദ് റഫീഖിൻ്റെ വീടിൻ്റെ മുന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയ സംഘം അലമാരകളില്‍ സൂക്ഷിച്ച എഴ് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 60,000 രൂപയും കവര്‍ന്നു.

റഫീഖും കുടുംബവും ഒരുമാസമായി ഉംറക്ക് പോയിരിക്കുകയാണ്. വെള്ളിയാഴ്‌ച ഉച്ചയോടെ അയല്‍വാസികളാണ് റഫീഖിൻ്റെ വീടിൻ്റെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. മിയാപ്പദവ് ചികുര്‍പാതയിലെ ഗള്‍ഫുകാരന്‍ അബ്ദുല്‍ സത്താറിൻ്റെ വീടിൻ്റെ മുന്‍ വശത്തെ വാതില്‍ തകര്‍ത്ത് രണ്ട് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 20,000 രൂപയും കവര്‍ന്നു.

സത്താറിൻ്റെ കുടുംബം വീട് പൂട്ടി കഴിഞ്ഞ ദിവസം ബന്ധു വീട്ടില്‍ പോയതായിരുന്നു. വീട്ടില്‍ തിരിച്ച്‌ എത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി അറിയുന്നത്. കവര്‍ച്ച നടന്ന രണ്ട് സ്ഥലങ്ങളില്‍ മഞ്ചേശ്വരം പൊലീസെത്തി തെളിവുകള്‍ ശേഖരിച്ചു. ശനിയാഴ്‌ച രാവിലെ വിരലടയാള വിദഗ്‌ധരെത്തി പരിശോധന നടത്തി.

ഒരു മാസത്തിനിടെ കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ ചെറുതും വലുതുമായ എട്ടോളം കവര്‍ച്ചകളാണ് നടന്നത്. കുമ്പള ശാന്തിപ്പളത്തെ സുബൈറിൻ്റെ വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണാഭരണങ്ങളും കറന്‍സിയും കവര്‍ന്നു.

ആരിക്കാടിയില്‍ കപ്പല്‍ ജീവനക്കാരനായ അബൂബക്കര്‍ സിദ്ദീഖിൻ്റെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങളും പണവുമാണ് കവര്‍ന്നത്. കഴിഞ്ഞ ദിവസം ഉപ്പള ഗേറ്റിന് സമീപത്തെ ഗള്‍ഫ് വ്യവസായി മുഹമ്മദ് ഹനീഫയുടെ വീടിൻ്റെ വാതില്‍ തകര്‍ത്ത് 5,000 രൂപ കവര്‍ന്നു.

കുമ്പള പൊലീസും മഞ്ചേശ്വരം പൊലീസും കവര്‍ച്ചാ സംഘത്തിന് വേണ്ടി അന്വേഷണം ഊര്‍ജിതപ്പെടുത്തുമ്പോള്‍ കവര്‍ച്ചാ സംഘം ഒരു ഭാഗത്ത് അഴിഞ്ഞാടുന്നു. ജയിലില്‍ നിന്ന് ഇറങ്ങിയ കവര്‍ച്ചാ സംഘത്തെ കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. പുറത്ത് നിന്നെത്തുന്ന സംഘമാണോ കവര്‍ച്ചക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.

തിരഞ്ഞെടുപ്പ് അടുത്തതോടെ പൊലീസ് ഇതുമായി ബന്ധപ്പെട്ട ജോലിക്കായി പല ഭാഗത്തേക്ക് പോകുന്നത് കാരണം വരും നാളുകളില്‍ കവര്‍ച്ച വര്‍ധിക്കാനാണ് സാധ്യതയെന്ന് നാട്ടുകാര്‍ പറയുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest