Categories
Kerala news

സിനിമ സംവിധായകൻ ജോഷിയുടെ വീട്ടിൽ കവർച്ച; കോടികൾ വിലമതിക്കുന്ന സ്വർണവും വജ്രങ്ങളും നഷ്‌ടപ്പെട്ടു, പോലീസ് അന്വേഷണം ആരംഭിച്ചു

വീട്ടില്‍ ജോഷി, ഭാര്യ സിന്ധു, മരുമകള്‍ വർഷ, മൂന്ന് കുട്ടികള്‍ എന്നിവർ ഉണ്ടായിരുന്നു

കൊച്ചി: ചലച്ചിത്ര സംവിധായകൻ ജോഷിയുടെ വീട്ടില്‍ നടന്ന കവർച്ചയിൽ കോടികൾ വിലമതിക്കുന്ന സ്വര്‍ണവും പണവും നഷ്ടപ്പെട്ടു. കൊച്ചി പനമ്പള്ളി നഗറിലുള്ള വീട്ടിലാണ് മോഷണം നടന്നത്. വെള്ളിയാഴ്‌ച രാത്രിയാണ് മോഷണം നടന്നത്.

ഒരു കോടി രൂപയോളം വില വരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായാണ് വിവരം. അടുക്കള ഭാഗത്തെ ജനാല വഴിയാണ് കള്ളൻ‍ അകത്തു കയറിയത്. വീട്ടില്‍ സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വിയില്‍ മോഷ്ടാവിൻ്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

ജോഷിയുടെ പനമ്പള്ളി നഗർ 10 th ക്രോസ് റോഡിലുള്ള B സ്ട്രീറ്റില്‍ ഹൗസ് നമ്പർ 347 അഭിലാഷം വീട്ടില്‍ ശനിയാഴ്‌ച പുലർച്ചെ 1.30 ഓടെയാണ് മോഷണം നടക്കുന്നത്. വീടിൻ്റെ പിൻവശം അടുക്കള ഭാഗത്തെ ജനല്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. രണ്ട് നിലകളുള്ള വീടിൻ്റെ മുകളിലത്തെ നിലയില്‍ രണ്ട് മുറികളിലാണ് മോഷ്ടാവ് കയറിയത്.

ഒരു റൂമിൻ്റെ സേഫ് ലോക്കർ കുത്തിപ്പൊളിച്ച്‌ 25 ലക്ഷം രൂപയുടെ ഡയമണ്ട് നെക്ലസ് എട്ട് ലക്ഷം രൂപ വിലമതിക്കുന്ന ഡയമണ്ടിൻ്റെ പത്ത് കമ്മലുകളും പത്തു മോതിരങ്ങളും സ്വർണ്ണത്തിൻ്റെ പത്ത് മാലകളും പത്ത് വളകളും സ്വർണ്ണത്തിൻ്റെ രണ്ട് വളകളും വില കൂടിയ പത്ത് വാച്ചുകളും അടക്കമാണ് മോഷണം പോയത്.

രാത്രി 1.30ന് ശേഷമാണ് ജോഷി ഉറങ്ങിയത്. എറണാകുളം സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരടക്കമുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളും പരിശോധനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ ആറു മണിയോടെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്.

വീട്ടില്‍ ജോഷി, ഭാര്യ സിന്ധു, മരുമകള്‍ വർഷ, മൂന്ന് കുട്ടികള്‍ എന്നിവർ ഉണ്ടായിരുന്നു. പുലർച്ചെ 5.30 മണിയോടെ സിന്ധുവും ജോഷിയും ഉണർന്ന് അടുക്കളയില്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീട്ടുജോലിക്കാരി കോന്തുരുത്തി സ്വദേശി ക്ലിൻസി ജോലിക്കാരിയുടെ മുറിയില്‍ ഉറങ്ങുന്നുണ്ടായിരുന്നു.

സി.സി.ടി.വി ദൃശ്യത്തില്‍ ഏകദേശം 30 വയസ് തോന്നിക്കുന്ന ടീഷർട്ടും തൊപ്പിയും കറുത്ത ഷാളും ധരിച്ചയാള്‍ ജനല്‍ തുറക്കാൻ ശ്രമിക്കുന്നതായി കണ്ടെത്തി. പിന്നീട് ക്യാമറ തിരിച്ചു വച്ചു. ഡോഗ് സ്‌ക്വാഡും ഫിംഗർ പ്രിന്റും സ്ഥലത്തെത്തി.

പ്രശസ്‌ത ചലച്ചിത്ര സംവിധായകരായ എം.കൃഷ്ണൻ നായരുടെയും ജെ .ശശികുമാറിൻ്റെയും കീഴില്‍ സഹസംവിധായകനായി പ്രവർത്തിച്ചാണ് ജോഷി തൻ്റെ കരിയർ ആരംഭിച്ചത്. 1978ല്‍ പുറത്തിറങ്ങിയ ടൈഗർ സലിം എന്ന ചിത്രമായിരുന്നു ജോഷി സ്വതന്ത്ര സംവിധായകനായ ആദ്യ ചിത്രം.

0Shares

Leave a Reply

Your email address will not be published. Required fields are marked *